ആവാസ് ഇന്‍ഷുറന്‍സ് പദ്ധതി: അംഗമാകാന്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്ക്

കാക്കനാട്: ആവാസ് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഗുണഭോക്താക്കളാകാന്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ തിരക്ക്. ലക്ഷം തൊഴിലാളികളെ അംഗമാക്കാനാണ് ജില്ല തൊഴില്‍ വകുപ്പ് ലക്ഷ്യമിടുന്നത്. കെട്ടിട നിര്‍മാണ മേഖലയില്‍ പണിയെടുക്കുന്ന 650 ഓളം ഇതരസംസ്ഥാന തൊഴിലാളികളാണ് സിവില്‍ സ്റ്റേഷനില്‍ സംഘടിപ്പിച്ച ക്യാമ്പിലെത്തി ബയോമെട്രിക് കാര്‍ഡ് സ്വന്തമാക്കിയത്. ഇതിനായി സിവില്‍ സ്റ്റേഷനില്‍ 14 കൗണ്ടറുകളാണ് സ്ഥാപിച്ചിരുന്നത്. ക്യാമ്പില്‍ 500 തൊഴിലാളികള്‍ക്ക് കാര്‍ഡ് നല്‍കാനാണ് തൊഴില്‍ വകുപ്പ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, സംഘാടകരുടെ കണക്കുകൂട്ടൽ തെറ്റിച്ച് കൂടുതല്‍ തൊഴിലാളികള്‍ എത്തിയതോടെ 150 തൊഴിലാളികള്‍ക്കുകൂടി കൂടുതലായി ബയോമെട്രിക് കാര്‍ഡുകള്‍ നല്‍കി. ക്യാമ്പിലെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പത്ത് മിനിറ്റിനകം കാര്‍ഡുകള്‍ നല്‍കി. വൈകീട്ട് അഞ്ചിനുശേഷവും തൊഴിലാളികള്‍ എത്തിക്കൊണ്ടിരുന്നു. തൃക്കാക്കര നഗരസഭ പ്രദേശത്തെ കെട്ടിട നിര്‍മാണ മേഖലകളില്‍നിന്ന് എത്തിയ തൊഴിലാളികളായിരുന്നു ഭൂരിപക്ഷവും. നിര്‍മാണ മേഖലയില്‍ തൊഴില്‍ വകുപ്പ് അധികൃതര്‍ നേരിട്ടെത്തി തൊഴിലാളികളെ ക്യാമ്പിലേക്ക് എത്തിക്കാന്‍ വിവിധ ഭാഷകളില്‍ തയാറാക്കിയ ലഘുലേഖകള്‍ വിതരണം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളോ മറ്റ് രേഖകളോ ഹാജരാക്കിയവരെയാണ് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാക്കുന്നത്. സംസ്ഥാനത്ത് ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷയും അപകട ഇന്‍ഷുറന്‍സും ഉറപ്പാക്കാൻ തൊഴില്‍ വകുപ്പ് നടപ്പാക്കുന്ന ആവാസ് പദ്ധതി ജനുവരി ഒന്ന് മുതല്‍ നിലവില്‍ വരും. അപടമരണം സംഭവിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികളുടെ ആശ്രിതര്‍ക്ക് രണ്ടുലക്ഷം രൂപയുടെ ധനസഹായവും തൊഴിലാളിക്ക് വര്‍ഷം 15,000 രൂപയുടെ സൗജന്യ ചികിത്സ സഹായവും ഉറപ്പാക്കുന്നതാണ് പദ്ധതി. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തൊഴില്‍ വകുപ്പ് എം പാനല്‍ ചെയ്തിരിക്കുന്ന സ്വകാര്യ ആശുപത്രികളിലും സൗജന്യ ചികിത്സയും ലഭ്യമാക്കും. ജില്ല തൊഴില്‍ വകുപ്പി​െൻറ നേതൃത്വത്തില്‍ സംസ്ഥാന നിയമ സേവന അതോറിറ്റി, ജില്ല ലീഗല്‍ സര്‍വിസസ് അതോറിറ്റി, ജില്ല ഭരണകൂടം, ആരോഗ്യ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ആവാസ് രജിസ്ട്രേഷന്‍ ക്യാമ്പും മെഡിക്കല്‍ ക്യാമ്പും സംഘടിപ്പിച്ചത്. സംസ്ഥാന നിയമ സേവന അതോറിറ്റി മെംബര്‍ സെക്രട്ടറി കെ. സത്യന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസി. കലക്ടര്‍ ഈശപ്രിയ, ജില്ല നിയമ സേവന അതോറിറ്റി സെക്രട്ടറി സി.എസ്. മോഹിത്, റീജനല്‍ ജോയൻറ് ലേബര്‍ കമീഷണര്‍ കെ. ശ്രീലാല്‍, ജില്ല ലേബര്‍ ഓഫിസര്‍ കെ. മുഹമ്മദ് സിയാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.