ആഘോഷശോഭ കെടുത്തുന്ന സുരക്ഷ; പൊതുജനത്തിന് ദുരിതം

കൊച്ചി: സുരക്ഷക്കും നിയന്ത്രണത്തിനുമെന്ന പേരിൽ ഐ.എസ്.എൽ സംഘാടകർ ഏർപ്പെടുത്തുന്ന ക്രമീകരണം കളി കാണാനെത്തുന്നവരെയും പൊതുജനങ്ങളെയും വലക്കുന്നു. സുരക്ഷക്ക് നിയോഗിച്ച സ്വകാര്യ ഏജൻസി ജീവനക്കാരുടെ ധിക്കാര പെരുമാറ്റമാണ് ആഘോഷത്തി​െൻറ ശോഭ കെടുത്തുന്നത്. സംസ്ഥാന പൊലീസ് സേനയുടെ അലംഭാവം കൂടിയാകുമ്പോൾ ദുരിതം ഇരട്ടിയാകുന്നു. രാത്രി എട്ടിനുള്ള മത്സരത്തിന് വൈകീട്ട് അഞ്ചോടെയാണ് കാണികൾക്കും മാധ്യമങ്ങൾക്കും പ്രവേശനം. എന്നാൽ, സ്വകാര്യ ഏജൻസി ജീവനക്കാർ മത്സരദിവസം രാവിലെതന്നെ സ്റ്റേഡിയത്തി​െൻറ പ്രവേശനകവാടത്തിൽ നിലയുറപ്പിക്കും. വെള്ളിയാഴ്ച രാവിലെ 10നുശേഷം വിവിധ ആവശ്യങ്ങൾക്ക് സ്റ്റേഡിയം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സർക്കാർ, അർധ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ എത്തിയവരെ സ്വകാര്യ സുരക്ഷസേന പ്രവേശനകവാടത്തിൽ തടഞ്ഞു. പലപ്പോഴും രൂക്ഷ വാക്കേറ്റമുണ്ടായി. സ്റ്റേഡിയം റോഡിലൂടെ നഗരത്തിലെ ഗതാഗതക്കുരുക്കിൽെപടാതെ എറണാകുളം സൗത്ത് ഭാഗത്തേക്ക് പോകാം. ഓഫിസ് സമയത്തെ തിരക്ക് കണക്കിലെടുത്ത് പലരും ഈ വഴിയാണ് തെരഞ്ഞെടുക്കാറ്. എന്നാൽ, രാവിലെ മുതൽ പ്രവേശനകവാടം അടച്ചിടുന്നതിനാൽ ഇരുചക്രവാഹനങ്ങൾക്കുപോലും ഇതുവഴി പോകാനാകുന്നില്ല. സ്വകാര്യ സുരക്ഷ ഏജൻസിയുടെ ധിക്കാരപരമായ പെരുമാറ്റം തിരുത്താനോ സഞ്ചാരസ്വാതന്ത്ര്യം സംരക്ഷിക്കാനോ പൊലീസും തയാറാകുന്നില്ല. കഴിഞ്ഞ സീസണുകളിലൊന്നും ഇല്ലാതിരുന്ന സുരക്ഷയാണ് ഇത്തവണ ഏർപ്പെടുത്തിയത്. ഉദ്ഘാടന മത്സരത്തിനുശേഷമാണ് ഇത്രയും അപരിഷ്കൃത നിയന്ത്രണം ഏർപ്പെടുത്തിയത്. ആദ്യ മത്സരത്തിന് ഉച്ചകഴിഞ്ഞ് രണ്ടുമുതലാണ് പ്രവേശനമെന്ന് അറിയിച്ചിരുന്നു. പിന്നീട് അത്തരം അറിയിപ്പുകളൊന്നുമുണ്ടായില്ല. പതിനായിരക്കണക്കിന് ഫുട്ബാൾ പ്രേമികൾ ടിക്കറ്റുമായി പൊരിവെയിലത്ത് മണിക്കൂറുകൾ കാത്തുനിൽക്കേണ്ട സാഹചര്യമാണ്. അനുവദിക്കപ്പെട്ട സമയത്തേ കാണികളെ പ്രവേശിപ്പിക്കാവൂ എന്ന നിർദേശമുണ്ടെന്ന പേരിലാണ് തിരക്കേറുംവരെ ഇങ്ങനെ നിർത്തുന്നത്. ഫുട്ബാളുമായി എന്തെങ്കിലും ബന്ധമോ ഏതെങ്കിലും കായികമത്സര സംഘാടനത്തിൽ പങ്കാളികളോ ആയിട്ടില്ലാത്തവരെ ജോലിക്ക് നിയമിച്ചത് ആവേശത്തെയും ആഘോഷത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. മഞ്ഞ ജഴ്സിയണിഞ്ഞ് പെരുമ്പറ മുഴക്കി സ്റ്റേഡിയം വലംവെക്കുന്ന ആരാധകക്കൂട്ടം ഇത്തവണ കൊച്ചിയുടെ ഏറ്റവും വലിയ നഷ്ടമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.