ഓഖി: തൊഴിലാളികളെ കാണാതായതായി കേസ് രജിസ്​റ്റർ ചെയ്തു

മട്ടാഞ്ചേരി: ഓഖി ചുഴലിക്കാറ്റിന് മുമ്പ് കൊച്ചിയിൽനിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിലെ തൊഴിലാളികളെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തീരദേശ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. മാതാ, ഓൾ സെയിൻറ്, ജെർമിയ, അസ്റായിൽ എന്നീ തമിഴ്നാട് ബോട്ടുകളും ഇതിലെ 43 തൊഴിലാളികളെയും കാണാതായ സംഭവത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ഓഖി ദുരന്തത്തെ തുടർന്ന് കാണാതായവർക്കായി എടുത്ത ആദ്യത്തെ കേസാണ് കൊച്ചിയിലേത്. അതേസമയം 14 ബോട്ടുകളും അതിലെ 150 തൊഴിലാളികളെയും കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. ഇത് മത്സ്യബന്ധന മേഖലയെ ആശങ്കയിലാക്കിയിരിക്കുകയാണ്. രക്ഷപ്പെട്ട് എത്തിയ തൊഴിലാളികൾ എല്ലാവരും നാട്ടിലേക്ക് തിരിച്ചിരിക്കുകയാണ്. സഹപ്രവർത്തകരെ കുറിച്ച് ഇതുവരെ വിവരം ലഭിക്കാത്തതിനാൽ തൊഴിലാളികൾ ബോട്ടുകളുമായി മത്സ്യബന്ധനത്തിന് പോകാൻ തയാറല്ല. ദുരന്തത്തിൽപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലെ ഹാർബറുകളിൽ പിടിച്ച 13 ബോട്ടുകളും 145 തൊഴിലാളികളും വെള്ളിയാഴ്ച കൊച്ചി ഹാർബറിൽ എത്തി. മൃതദേഹങ്ങൾ തിരിച്ചറിയാനാകാത്തത് അധികൃതരെ കുഴക്കുകയാണ്. വിവിധ സ്ഥലങ്ങളിൽനിന്നും മൃതദേഹങ്ങൾ ലഭിച്ചുവെങ്കിലും പലതും ആരുടെതാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടല്ല. ഡി.എൻ.എ ടെസ്റ്റ് നടത്തി തിരിച്ചറിയുന്നതിനുള്ള നടപടിക്രമങ്ങൾക്ക് തുടക്കമായെങ്കിലും ബന്ധുക്കളുടെ സഹകരണമില്ലായ്മ തടസ്സമാകുന്നുണ്ട്. ഭൂരിഭാഗം കുടുംബങ്ങളും ഉറ്റവർ തിരിച്ച് വരുമെന്ന പ്രതീക്ഷയിലാണ്. കൊച്ചി ഹാർബർ കേന്ദ്രീകരിച്ച് ബോട്ടിൽ പോകുന്ന തുത്തുർ സ്വദേശികളുടെ കുടുംബത്തിൽ ചെന്ന് ഡി.എൻ.എ ടെസ്റ്റി​െൻറ പ്രായോഗികതയെ കുറിച്ച് ബോധവത്ക്കരിക്കാൻ തയാറെടുക്കുകയാണ് ലോങ് ലൈൻ ബോട്ട് ഓണേഴ്സ് ആൻഡ് ബയിങ് അസോസിയേഷൻ ഭാരവാഹികൾ. ഇതിനായി ചൊവ്വാഴ്ച തുത്തുരിലേക്ക് പോകുമെന്ന് പ്രസിഡൻറ് എ.എം. നൗഷാദ്, സെക്രട്ടറി എം .മജീദ് എന്നിവർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.