ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം; ഏഴ് കോണ്‍ഗ്രസ് നേതാക്കൾക്ക്​ പിഴയും കോടതിയിൽ നിർത്തി ശിക്ഷയും

വൈപ്പിന്‍: ഗതാഗതം തടസ്സപ്പെടുത്തി പ്രകടനം നടത്തിയ കേസില്‍ ഏഴ് കോണ്‍ഗ്രസ് നേതാക്കളെ കോടതി ശിക്ഷിച്ചു. 500 രൂപ വീതം പിഴയും കോടതി പിരിയുംവരെ കോടതിമുറിയില്‍ നിര്‍ത്തിയുമായിരുന്നു ശിക്ഷ. 2011ലെ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് സംസ്ഥാനപാതയിൽ പള്ളിപ്പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിനെതിരെ മുനമ്പം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഞാറക്കൽ കോടതിയുടെ വിധി. കോണ്‍ഗ്രസ് പള്ളിപ്പുറം ബ്ലോക്ക് സെക്രട്ടറിമാരായ മാര്‍ട്ടിന്‍ തോപ്പില്‍, വി.എക്‌സ്. ബനഡിക്ട്, പള്ളിപ്പുറം നോര്‍ത്ത് മണ്ഡലം പ്രസിഡൻറ് എ.ജി. സഹദേവന്‍, വൈസ് പ്രസിഡൻറ് കെ.കെ. ബാബു, മഹിള കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡൻറ് പ്രഷീല ബാബു, പഞ്ചായത്ത് അംഗം സുനില്‍ ചൂതംപറമ്പില്‍, മുന്‍ പഞ്ചായത്ത് അംഗം കെ.എഫ്. വില്‍സണ്‍ എന്നിവരെയാണ് ഞാറക്കല്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ശിക്ഷിച്ചത്. വൈപ്പിന്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന അജയ് തറയിലി​െൻറ പ്രചാരണ ബോര്‍ഡുകള്‍ വൈപ്പിനില്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. മുനമ്പം പൊലീസില്‍ പരാതി നല്‍കിയെങ്കിലും നടപടി എടുത്തില്ലെന്ന് ആരോപിച്ചായിരുന്നു പ്രകടനം. സംസ്ഥാനത്ത് പ്രകടനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയ വേളയിലായിരുന്നു സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.