സ്​കൂളുകൾ മെച്ചപ്പെടുത്താൻ​ നൽകിയത്​ കോടിയിലേറെ രൂപ; പദ്ധതി പൂർത്തീകരിക്കാതെ തദ്ദേശ സ്ഥാപനങ്ങൾ

കൊച്ചി: തേദ്ദശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ സ്കൂളുകളിലെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അനുവദിച്ച ഫണ്ട് വിനിയോഗിക്കുന്നതിൽ അലംഭാവം. ഡെപ്യൂട്ടി ഡയറക്ടർ ഒാഫിസ് ആർ.എം.എസ്.എ (രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാൻ) വഴി ഒരു കോടിയിലേറെ രൂപയാണ് വിവിധ സ്കൂളുകളിലെ സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അനുവദിച്ചത്. സമയ പരിധി കഴിഞ്ഞിട്ടും ഒരു സ്കൂളിലെപോലും പദ്ധതി പ്രവർത്തനങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ പൂർത്തീകരിച്ചില്ലെന്നുമാത്രമല്ല, ചില സ്കൂളുകൾ ഒരു രൂപ പോലും ഇതുവരെ ചെലവഴിച്ചതുമില്ല. ജൂൺ രണ്ടിനാണ് ജില്ലയിലെ 15 സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ആദ്യ ഗഡുവായി 10,429,500 രൂപ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിച്ച് ഉത്തരവായത്. ജൂൺ ആറിനുതന്നെ തുകയുടെ ചെക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് കൈമാറി. ലാബ്, ലൈബ്രറി, ആർട്ട് ആൻഡ് കൾച്ചർ റൂം, കംപ്യൂട്ടർ റൂം, അധിക ക്ലാസ് മുറികൾ എന്നിവ സജ്ജീകരിക്കാനും മറ്റുമായാണ് സ്കൂളുകൾക്ക് പണം അനുവദിച്ചത്. എട്ട് ലക്ഷത്തിൽപരം രൂപ അനുവദിച്ച എറണാകുളം എസ്.ആർ.വി ഗവ. മോഡൽ എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസിൽ ഒരു രൂപപോലും വിനിയോഗിച്ചിട്ടില്ലെന്നാണ് സ്കൂളിലെ പി.ടി.എ അധികൃതർ പറയുന്നത്. പദ്ധതി പൂർത്തീകരിക്കാൻ അനുവദിച്ച ആറുമാസ കാലാവധി ഡിസംബർ ആറിന് കഴിഞ്ഞിട്ടും ഒരു സ്കൂൾപോലും പദ്ധതി പൂർത്തീകരിക്കുകയോ ആർ.എം.എസ്.എയിൽ ധനവിനിയോഗ പത്രം സമർപ്പിക്കുകയോ ചെയ്തിട്ടില്ല. രാജു വാഴക്കാല വിവരാവകാശ നിയമ പ്രകാരം നൽകിയ ചോദ്യത്തിന് വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ആർ.എം.എസ്.എയിൽനിന്ന് ലഭിച്ച മറുപടിയിലാണ് ജില്ല പഞ്ചായത്ത്, കോർപറേഷൻ ഉൾപ്പെടെ തദ്ദേശ സ്ഥാപനങ്ങളുടെ കെടുകാര്യസ്ഥത വെളിവായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.