കെട്ടിടം പൊളിച്ചു; മാന്നാറിലെ സ്​റ്റോർമുക്ക്​ ഒാർമയായി

ചെങ്ങന്നൂർ: തിരുവല്ല- കായംകുളം സംസ്ഥാന പാതയിലെ ആദ്യത്തെ സ്റ്റോർ പ്രവർത്തിച്ച കെട്ടിടം ഇനി വിസ്മൃതിയിൽ. രണ്ടാം ലോകയുദ്ധകാലത്ത് അനുഭവപ്പെട്ട രൂക്ഷമായ ഭക്ഷ്യധാന്യക്ഷാമം മറികടക്കാനായി സർക്കാർ നൽകിയിരുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നത് സ്റ്റോറുകൾ വഴിയായിരുന്നു. ഇതിനാണ് അന്നത്തെ നാട്ടുപ്രമാണിമാർ ഇവിടെ സംഘം രൂപവത്കരിച്ചത്. ആദ്യം നാലേകാട്ടിൽ വൈദ്യപ്പൻ പിള്ളയുടെ ഒരു നില കെട്ടിടത്തി​െൻറ താഴെയുള്ള മുറിയിലായിരുന്നു സ്റ്റോർ. ഇതുവഴിയാണ് സ്ഥലത്തിന് സ്റ്റോർമുക്ക് എന്ന പേര് ലഭിച്ചത്. തുടർന്ന് സാമൂഹികാരോഗ്യ കേന്ദ്രം, ആദ്യത്തെ പെട്രോൾ പമ്പ്, ഐ.ടി.സി, പലചരക്ക് മൊത്തവ്യാപാര-ചില്ലറ വിൽപന കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, സിനിമ ശാലകൾ, നിരവധി ബാങ്കുകൾ, ബസ് സ്റ്റാൻഡ്, ബിവറേജസ് ഔട്ട് ലെറ്റ്, മാവേലി സ്റ്റോർ, മാവേലി മെഡിക്കൽ സ്റ്റോർ എന്നിവയും ഇതിനോട് അനുബന്ധിച്ച് വികസിച്ചു. ആദ്യത്തെ രണ്ടുവർഷം സർക്കാർ സബ്സിഡിയും ചെറിയ ലാഭവിഹിതവും സ്വരൂപിച്ചാണ് 15 സ​െൻറ് സ്ഥലം തൊട്ടടുത്തായി വിലയ്ക്കുവാങ്ങി കെട്ടിടം നിർമിച്ച് ഇപ്പോഴത്തെ സ്ഥലത്തേക്ക് സ്റ്റോർ മാറ്റിയിരുന്നത്. 1970-75 കാലഘട്ടം വരെ നല്ലനിലയിൽ പ്രവർത്തിച്ചു. പിന്നീട് നഷ്ടത്തിലായി. മാന്നാർ പഞ്ചായത്ത് കൺസ്യൂമർ കോ-ഓപറേറ്റിവ് സ്റ്റോറിന് നിത്യോപയോഗ സാധനങ്ങൾ, റേഷൻ കട എന്നിവയുമുണ്ടായിരുന്നു. ഓണം, ബലിപെരുന്നാൾ, റമദാൻ, വിഷു, ക്രിസ്മസ് ഉൾെപ്പടെ വിശേഷാവസരങ്ങളിൽ സബ്സിഡി നിരക്കിലുള്ള പലചരക്ക് സാധനങ്ങളും വിൽപനക്കെത്തിയിരുന്നു. പ്രവർത്തനം നിലച്ച അവസ്ഥയിൽ പിന്നീട് വന്ന ഭരണ സമിതി നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുകയും കൺസ്യൂമേഴ്സ് കോ-ഓപറേറ്റിവ് സ്റ്റോർ മാന്നാർ സോഷ്യൽ വെൽഫെയർ സൊസൈറ്റിയെന്ന് നാമകരണം ചെയ്തു. പുതിയ കെട്ടിടം നിർമിക്കുന്നതിനാണ് ഇത്പൊളിച്ചുമാറ്റുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.