ബസില്‍ വയോധികയെ വളഞ്ഞുവെച്ച് മാലകവരാന്‍ ശ്രമം; സഹോദരിമാർ പിടിയില്‍

അങ്കമാലി: കെ.എസ്.ആര്‍.ടി.സി ബസിൽ വയോധികയെ വളഞ്ഞുവെച്ച് മാല കവരാന്‍ ശ്രമിച്ച സഹോദരിമാരായ തമിഴ് സ്ത്രീകളെ യാത്രക്കാരും പൊലീസും ചേര്‍ന്ന് പിടികൂടി. തമിഴ്നാട് ഈറോഡ് പഴയ ബസ്സ്റ്റാൻഡിൽ വിനായക കോവിലിന് സമീപം താമസിക്കുന്ന മഹേഷ്യ (34), സഹോദരി സത്യപ്രിയ (27) എന്നിവരാണ് പിടിയിലായത്. അങ്കമാലി സ്റ്റാൻഡിൽനിന്ന് എറണാകുളത്തേക്കുള്ള ബസിലെ യാത്രക്കാരി അയ്യമ്പുഴ അമലാപുരം അറക്കപ്പറമ്പില്‍ വീട്ടില്‍ കുഞ്ഞി​െൻറ ഭാര്യ കൊച്ചുത്രേസ്യയുടെ (67) മൂന്ന് പവ​െൻറ മാലയാണ് സംഘം കവരാന്‍ ശ്രമിച്ചത്. കെട്ടിട നിര്‍മാണത്തൊഴിലാളി ക്ഷേമനിധി പെന്‍ഷന്‍ ശരിയാക്കാൻ പോവുകയായിരുന്നു ഇവർ. ബസിൽ നല്ല തിരക്കായിരുന്നു. സഹോദരിമാർ കൊച്ചുത്രേസ്യയുടെ മുന്നിലും പിന്നിലും നിന്ന് മാല കവരാന്‍ ശ്രമിച്ചു. ഇത് കൊച്ചുത്രേസ്യയുടെ ശ്രദ്ധയിൽപെട്ടില്ല. പ്രതികളിലൊരാള്‍ കൊളുത്ത് ഊരിയെടുത്തതോടെ മാലയുടെ ഒരുഭാഗം കൊച്ചുത്രേസ്യയുടെ മുന്നിൽ വസ്ത്രത്തില്‍ കുരുങ്ങിനിന്നു. അപ്പോഴാണ് വിവരം കൊച്ചുത്രേസ്യ അറിയുന്നത്. മാല നെഞ്ചോട് ചേർത്ത് പിടിച്ചതോടെ തമിഴ് സ്ത്രീകൾ മാലക്കായി പിടിവലി നടത്തി. ഉപദ്രവം രൂക്ഷമായതോടെ കൊച്ചുത്രേസ്യ ബഹളം വെച്ചു. ഈ സമയം റെയിൽവേ സ്റ്റേഷന്‍ കവലയിലെത്തിയ ബസ് നിര്‍ത്തി. യാത്രക്കാര്‍ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ മഹേഷ്യ ബസില്‍ നിന്നിറങ്ങി ഓട്ടോയില്‍ കയറി കടന്നുകളഞ്ഞു. അല്‍പം കഴിഞ്ഞ് മറ്റ് യാത്രക്കാര്‍ക്കിടയിലൂടെ സത്യപ്രിയ കടക്കാന്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ അറിയിച്ചു. എസ്.ഐ പി.ജെ. നോബിള്‍, വനിത എ.എസ്.ഐ ആന്‍സി എന്നിവരുടെ നേതൃത്വത്തില്‍ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അൽപസമയത്തിനകം ഓട്ടോ ഡ്രൈവറുടെ ഫോണില്‍ ബന്ധപ്പെട്ട് രക്ഷപ്പെട്ട സ്ത്രീയെയും പിടികൂടുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനരീതിയില്‍ മാല കവര്‍ച്ച അടക്കമുള്ള തട്ടിപ്പ് നടത്തി വരുന്ന സംഘത്തിലെ മുഖ്യ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. ബ്യൂട്ടി പാര്‍ലറുകളിലെത്തി ഒരുങ്ങിയശേഷം ആകര്‍ഷണീയമായ ആഭരണങ്ങളണിഞ്ഞാണ് പ്രതികള്‍ കവര്‍ച്ചക്കിറങ്ങുന്നതെന്നും പൊലീസ് പറഞ്ഞു. വനിത സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഇന്ദു, ജിസ്മോന്‍, റോണി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ തൃശൂര്‍ വനിത ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.