താലൂക്ക് വികസനസമിതി: ഉദ്യോഗസ്ഥമേധാവികൾ പങ്കെടുക്കാത്തതിൽ രൂക്ഷവിമർശനം

പറവൂർ: മാസത്തിലൊരിക്കൽ നടക്കുന്ന താലൂക്ക് വികസനസമിതി യോഗത്തിൽ അതത് വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കാത്തതിനെതിരെ രൂക്ഷവിമർശനം. തിങ്കളാഴ്ച ചേർന്ന വികസനസമിതി യോഗത്തിലാണ് ജനപ്രതിനിധികൾ ഉൾെപ്പടെ വിമർശനം നടത്തിയത്. സമിതിയോഗത്തിലെ തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ ഉദ്യോഗസ്ഥർ നിസംഗത പാലിക്കുകയാണെന്ന് അംഗങ്ങൾ കുറ്റപ്പെടുത്തി. ഇത് തുടർന്നാൽ അടുത്തയോഗം ബഹിഷ്കരിക്കുമെന്ന ഭീഷണിയും ഉയർത്തി. തുടർന്ന് തഹസിൽദാർ ഇടപെട്ടതോടെയാണ് വിഷയം തണുത്തത്. പറവൂരിൽ ഗവ. കോളജ് ആരംഭിക്കാനുള്ള തീരുമാനം അടിയന്തരമായി നടപ്പാക്കണമെന്നും കുന്നുകര, പുത്തൻവേലിക്കര പഞ്ചായത്തുകളിൽ ബണ്ടുകളുടെ നിർമാണം ഉടൻ തുടങ്ങണമെന്നും യോഗം ആവശ്യപ്പെട്ടു. കളമശ്ശേരി മെഡിക്കൽ കോളജിലേക്ക് വൈപ്പിൻവഴി കൂടുതൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് നടത്തണം. ജി.എസ്.ടി നിരക്ക് കുറച്ചിട്ടും കൂടുതൽ തുക വാങ്ങുന്ന ഭക്ഷണശാലകൾ ഉൾെപ്പടെ സ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തണം. റേഷൻകടകളിലെ ഭക്ഷ്യസാധനങ്ങൾ മറിച്ചുവിൽക്കുന്നവരെ കുറിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കണം. മുസിരീസ് പദ്ധതികൾക്ക് വേഗംകൂട്ടണമെന്നും റോഡ് ൈകയേറി നിർമാണപ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ആലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് രാധാമണി ജയ്സിങ്, ഏലൂർ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ടിഷ വേണു, കൗൺസിലർ ഷെറിൻ സാറ്റൺ, കുന്നുകര പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.യു. ജബ്ബാർ, ഏഴിക്കര പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.എ. ചന്ദ്രിക, അംഗം വി.എസ്. ശിവരാമൻ, വികസനസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.