മത്സ്യത്തൊഴിലാളികളോടുള്ള അവഗണന അവസാനിപ്പിക്കണം

കൊച്ചി: കേരളത്തിലെ മത്സ്യത്തൊഴിലാളികളോടും കുടുംബങ്ങളോടും ഗുരുതരമായ മനുഷ്യാവകാശ ലംഘനമാണ് സംസ്ഥാന സര്‍ക്കാറി​െൻറ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്ന് ആരോപിച്ച് കെ.എല്‍.സി.എ സംസ്ഥാന സമിതി മുഖ്യമന്ത്രിക്കും റവന്യൂ, ഫിഷറീസ് മന്ത്രിമാർക്കും കത്ത് നല്‍കി. ഓഖി ചുഴലിക്കാറ്റുമായി ബന്ധപ്പെട്ടുണ്ടായ ദുരന്തത്തില്‍ കടലില്‍ കാണാതായവര്‍ക്കു വേണ്ടി കാര്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്ന സര്‍ക്കാര്‍ ഗുരുതരമായ കൃത്യവിലോപമാണ് കാണിച്ചത്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തത കാരണം പ്രക്ഷുബ്ധമായ കടലിലേക്ക് ഉറ്റവര്‍ക്കുവേണ്ടി സ്വയം തിരച്ചിലിനിറങ്ങാന്‍ മത്സ്യത്തൊഴിലാളികള്‍ നിര്‍ബന്ധിതരായി. ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കുന്നതില്‍ ഗുരുതര പാളിച്ച ഉണ്ടായെന്നും കെ.എൽ.സി.എ സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിക്കയച്ച കത്തില്‍ കുറ്റപ്പെടുത്തി. നിലവിലെ ദുരന്തം നേരിടാന്‍ തക്ക സന്നാഹങ്ങള്‍ ഒരുക്കുന്നതിലും ദുരന്തത്തിനിരയായവര്‍ക്ക് ആശ്വാസമെത്തിക്കുന്നതിലും തികഞ്ഞ പരാജയമാണ് അധികാരികളില്‍ നിന്നുണ്ടായത്. കാണാതായവരെ സംബന്ധിച്ച വിവരങ്ങള്‍ക്കും അവരെ കരക്കെത്തിക്കുന്നതിനും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാറി​െൻറ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കെ.എല്‍.സി.എ സംസ്ഥാന പ്രസിഡൻറ് ആൻറണി നൊറോണ, ജന. സെക്രട്ടറി ഷെറി ജെ. തോമസ് എന്നിവര്‍ മന്ത്രിമാര്‍ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.