റവന്യൂഭൂമി കൈയേറ്റ വിവാദം: കുന്നത്തുനാട് കോണ്‍ഗ്രസില്‍ ഭിന്നത

കോലഞ്ചേരി: റവന്യൂഭൂമി കൈയേറ്റ സമരത്തെച്ചൊല്ലി കുന്നത്തുനാട് കോണ്‍ഗ്രസില്‍ ഭിന്നത പുകയുന്നു. ഡി.സി.സി സെക്രട്ടറിമാരുടെ വാഗ്വാദം സോഷ്യല്‍ മീഡിയയില്‍. കോലഞ്ചേരി സെന്‍റ് പീറ്റേഴ്സ് കോളജ് ട്രസ്റ്റ് 1.8 ഏക്കര്‍ ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട വിവാദത്തിലാണ് കോണ്‍ഗ്രസിലെ ഭിന്നത മറനീക്കിയത്. സംഭവത്തില്‍ ഡി.സി.സി സെക്രട്ടറി സുജിത് പോളിന്‍െറ നേതൃത്വത്തില്‍ ഒരുവിഭാഗം രണ്ടുദിവസം മുമ്പ് പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് അനിബെന്‍ കുന്നത്തിന്‍െറ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം വെള്ളിയാഴ്ച വൈകീട്ട് പ്രതിഷേധവുമായത്തെിയത്. ഇതിനിടെയാണ് ഡി.സി.സി സെക്രട്ടറി ബി. ജയകുമാറിന്‍െറ ഫേസ്ബുക് പോസ്റ്റ്. സമരത്തിന് പിന്നില്‍ സാമ്പത്തിക താല്‍പര്യങ്ങളാണെന്നും പാര്‍ട്ടിഘടകങ്ങള്‍ ഒൗദ്യോഗികമായി തീരുമാനിക്കാത്ത സമരങ്ങളെ കരുതിയിരിക്കണമെന്നുമായിരുന്നു പോസ്റ്റ്. ഇത് ആദ്യം സമരത്തിനിറങ്ങിയ ഡി.സി.സി സെക്രട്ടറിക്കെതിരെയാണെന്ന് വ്യാഖ്യാനിച്ച് അദ്ദേഹത്തെ അനുകൂലിക്കുന്ന ഐ ഗ്രൂപ്പുകാര്‍ രംഗത്തിറങ്ങി. ഇതോടെ വാക്പോരും ആരോപണപ്രത്യാരോപണങ്ങളും ശക്തമാവുകയും ചെയ്തു. പരസ്പരം രൂക്ഷമായി സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചു. ആരോപണം ശരിവെക്കുന്ന വിധത്തില്‍ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് വെള്ളിയാഴ്ച ഒൗദ്യോഗിക സമരം പ്രഖ്യാപിക്കുകയും നടത്തുകയും ചെയ്തു. ഇതോടെയാണ് ഭിന്നത രൂക്ഷമായത്. ഇതേസമയം കൈയേറ്റവിരുദ്ധ പ്രതിഷേധത്തെ തകര്‍ക്കാനുള്ള കോളജ് മാനേജ്മെന്‍റിന്‍െറ രഹസ്യ അജണ്ടയാണ് പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് ഒരുവിഭാഗം ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.