ഞാറക്കല്‍ ഗ്രാമപഞ്ചായത്തിനെ ജനസൗഹാര്‍ദ പഞ്ചായത്താക്കും

വൈപ്പിന്‍: ഞാറക്കല്‍ ഗ്രാമപഞ്ചായത്തില്‍ 7.22 കോടി വരവും 7.10 കോടി ചെലവും 12.92 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്‍റ് എ.പി. ലാലു അവതരിപ്പിച്ചു. പഞ്ചായത്തിനെ ജനസൗഹാര്‍ദ പഞ്ചായത്ത് ആക്കുന്നതിന് ബജറ്റില്‍ 10 ലക്ഷം വകയിരുത്തി. സേവനങ്ങള്‍ സമയബന്ധിതമായി ലഭിക്കാനും പഞ്ചായത്തില്‍ എത്തുന്ന ജനങ്ങള്‍ക്ക് ഇരിപ്പിടം, കുടിവെള്ളം, ടോയ്ലറ്റ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ഫ്രണ്ട് ഓഫിസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കാനും ആധുനികവത്കരിക്കാനുമാണ് 10 ലക്ഷം വകകൊള്ളിച്ചത്. നിര്‍ദിഷ്ട പൊതുശ്മശാനം പ്രാവര്‍ത്തികമാക്കുന്നതിന് 50 ലക്ഷം ഉള്‍ക്കൊള്ളിച്ചു. ശുചിത്വഭവനം ശുചിത്വപഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാന്‍ ഉറവിടമാലിന്യ നിര്‍മാര്‍ജന പദ്ധതി നടപ്പാക്കും. അതുവഴി ലഭിക്കുന്ന ജൈവവളം ഉപയോഗിച്ച് ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി 10,67,000 രൂപ ബജറ്റില്‍ നീക്കിവെച്ചു. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിലവാരം ഉയര്‍ത്തുന്നതിനും കുട്ടികളുടെ കൊഴിഞ്ഞുപോക്ക് നിയന്ത്രിക്കുന്നതിനും മികവിന്‍െറ കേന്ദ്രങ്ങളാക്കുന്നതിനും ആറു ലക്ഷം വകയിരുത്തി. റോഡ് നിര്‍മാണത്തിനും പരിപാലനത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഒരുകോടി ചെലവഴിക്കും. പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് പാര്‍പ്പിട സൗകര്യങ്ങള്‍ ഒരുക്കുന്നതിനും വീട് പുനരുദ്ധാരണത്തിനും 16 ലക്ഷം വകകൊള്ളിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനും ജീവിതനിലവാരം ഉയര്‍ത്തുന്നതിനും മത്സ്യബന്ധന ഉപകരണങ്ങള്‍ക്കുമായി ആറുലക്ഷം വകകൊള്ളിച്ചു. അങ്കണവാടികള്‍ കേന്ദ്രീകരിച്ച് വയോജന ക്ളബുകളുടെ പ്രവര്‍ത്തനം ശക്തമാക്കും. വനിതാ വികസന പദ്ധതികള്‍ നടപ്പാക്കുന്നതിന് 15 ലക്ഷവും ശിശുവൃദ്ധ വികലാംഗ ക്ഷേമത്തിന് 20 ലക്ഷവും പട്ടികജാതി യുവജനക്ഷേമത്തിന് 10 ലക്ഷവും ആരോഗ്യമേഖലയില്‍ 19 ലക്ഷവും ഉല്‍പാദന മേഖലയില്‍ 13.50 ലക്ഷവും ബജറ്റില്‍ വകകൊള്ളിച്ചു. പ്രസിഡന്‍റ് ഷില്‍ഡ റിബേരോ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.