ബസ് ദിനാചരണം: വി.ഐ.പികള്‍ക്ക് ആഘോഷ യാത്ര, പതിവുയാത്രികര്‍ക്ക് ദുരിതം

കാക്കനാട്: പൊതുയാത്ര പ്രോത്സാഹിപ്പിക്കാന്‍ സംഘടിപ്പിച്ച ബസ് ദിനത്തില്‍ വി.ഐ.പികള്‍ പതിവുയാത്രികര്‍ക്ക് സമ്മാനിച്ചത് ദുരിതയാത്ര. തിങ്കളാഴ്ച രാവിലെ കാക്കനാട് സിവില്‍ സ്റ്റേഷന് സമീപം സ്റ്റാന്‍ഡില്‍നിന്ന് പി.ടി. തോമസ് എം.എല്‍.എയുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ആശ സനിലിന്‍െറയും നേതൃത്വത്തിലായിരുന്നു ബസ് യാത്ര. ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ കാമറയും മൈക്കുമായി ഇടിച്ചുകയറിയതോടെ പതിവുയാത്രക്കാര്‍ സമയത്തിന് സ്ഥലത്തത്തൊന്‍ കഴിയാതെ ബുദ്ധിമുട്ടിലായി. ബസ് ടിക്കറ്റുകളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ നിര്‍ബന്ധമാക്കി ഉത്തരവിട്ട മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ക്കും വി.ഐ.പികള്‍ക്കും നല്‍കിയത് ഇവയൊന്നും ഇല്ലാത്ത ടിക്കറ്റുകളായിരുന്നു. സ്ത്രീകളുടെ സീറ്റില്‍ ഇരുന്ന് നിയമലംഘന യാത്ര തുടങ്ങിയ എം.എല്‍.എയെയും ജില്ലാ പഞ്ചായത്ത് വൈസ് ചെയര്‍മാനെയും സീറ്റില്‍നിന്ന് മാറ്റിയിരുത്തി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ മാനം രക്ഷിച്ചു. വി.ഐ.പികളുടെ യാത്ര ചെമ്പുമുക്കില്‍ അവസാനിച്ചശേഷം നഷ്ടപ്പെട്ട സമയവും യാത്രക്കാരെയും തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലുമായിരുന്നു ബസ് ജീവനക്കാര്‍. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം എത്തിയ വി.ഐ.പികള്‍ അഞ്ചുമിനിറ്റോളം കാത്തുനിന്നശേഷം ട്രാഫിക് കുരുക്കില്‍ പെട്ട് വൈകിയത്തെിയ ബസിലായിരുന്നു ബസ്ദിന യാത്രാ കലാപരിപാടി അരങ്ങേറിയത്. രാവിലെ 11.30ന് ജില്ലാ പഞ്ചായത്ത് ബസ് സ്റ്റോപ്പില്‍നിന്ന് ആരംഭിച്ച യാത്രയില്‍ പി.ടി. തോമസ് എം.എല്‍.എ, പ്രസിഡന്‍റ് ആശാ സനില്‍, വൈസ് പ്രസിഡന്‍റ് അബ്ദുല്‍ മുത്തലിബ്, നടന്‍ ടിനി ടോം, നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.കെ. നീനു, എറണാകുളം ആര്‍.ടി.ഒ കെ.എം. ഷാജി തുടങ്ങിയവര്‍ പങ്കാളികളായി. കാക്കനാട്- ഐലന്‍ഡ് റൂട്ടിലോടുന്ന ബസിലായിരുന്നു യാത്ര. പതിവില്ലാത്ത ആളുകളെ ബസില്‍ കണ്ടപ്പോള്‍ മറ്റു യാത്രക്കാര്‍ക്കും വഴിയരികില്‍ നിന്നവര്‍ക്കും കൗതുകം. ബസില്‍ കയറിയ ഉടന്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ടിക്കറ്റെടുമെടുത്തു. ജനപ്രതിനിധികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാസത്തില്‍ ഒരു തവണയെങ്കിലും ബസ് യാത്ര നടത്തണമെന്ന് പി.ടി. തോമസ് എം.എല്‍.എ പറഞ്ഞു. കോളജ് കാലത്തെ ബസ്യാത്രയുടെ അനുഭവങ്ങളാണ് നടന്‍ ടിനി ടോം പങ്കുവെച്ചത്. യാത്രക്കാര്‍ക്കെല്ലാം മധുരപലഹാരങ്ങളും വിതരണം ചെയ്തു. സ്വകാര്യ ബസുകള്‍ ഉള്‍പ്പെടെ പൊതുയാത്രാ വാഹനങ്ങളിലേക്ക് യാത്രക്കാരെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടാണ് ബസ്ദിന പരിപാടി പുനരാരംഭിച്ചത്. മാസങ്ങള്‍ക്കുമുമ്പ് നിന്നുപോയ ബസ് ദിനാചരണം വീണ്ടും നടത്താന്‍ എറണാകുളം ജില്ലാ പഞ്ചായത്താണ് മുന്നിട്ടിറങ്ങിയത്. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ സി.കെ. അയ്യപ്പന്‍കുട്ടി, റസിയ റഹ്മത്ത്, സെക്രട്ടറി കെ.കെ. അബ്ദുല്‍ റഷീദ്, അംഗങ്ങളായ സൗമ്യ ശശി, തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.