കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി

കൊച്ചി: റെസിഡന്‍ഷ്യല്‍ മേഖലയായ പനമ്പിള്ളി നഗറിലെ കെട്ടിടങ്ങള്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഹരജിയില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി. പനമ്പിള്ളി നഗറിലെ താമസക്കാരായ ശോഭ രാമചന്ദ്രന്‍ ഉള്‍പ്പെടെ 14 പേര്‍ നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് വി. ചിദംബരേഷിന്‍െറ ഉത്തരവ്. താമസത്തിനല്ലാതെ മേഖലയില്‍ മറ്റാവശ്യങ്ങള്‍ക്ക് അനുമതി നല്‍കുന്നത് കഴിഞ്ഞ മാര്‍ച്ച് 30ന് കോടതി വിലക്കിയിരുന്നു. എന്നാല്‍, ഇതിന് ശേഷവും കോര്‍പറേഷനും ജി.സി.ഡി.എയുടെ പാര്‍പ്പിട ഇതര ആവശ്യങ്ങള്‍ക്കായി ലൈസന്‍സ് നല്‍കിയതായി കോടതി നിയമിച്ച അഭിഭാഷക കമീഷന്‍ കെ. രാജേഷ്കുമാര്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ടത്തെി വിശദീകരണം നല്‍കണമെന്ന് കോടതി ഉത്തരവിട്ടത്. ലൈസന്‍സില്ലാതെ 250 ഓളം വാണിജ്യ സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായി അഭിഭാഷക കമീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. 150 ഗാരേജുകള്‍ പ്രവര്‍ത്തിക്കുന്നു. പാര്‍പ്പിട ഇതര ആവശ്യങ്ങള്‍ക്ക് അനുമതി നല്‍കരുതെന്ന മാര്‍ച്ച് 30ലെ ഉത്തരവിന് ശേഷം 200 ഓളം സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കുകയോ പുതുതായി നല്‍കുകയോ ചെയ്തിട്ടുണ്ട്. വ്യാപകമായി പാര്‍പ്പിടാവശ്യത്തിനുള്ള കെട്ടിടങ്ങള്‍ വാണിജ്യ സ്ഥാപനങ്ങളായി മാറിയതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. താമസത്തിനല്ലാതെ ഒരു പദ്ധതിക്കും ഭൂമി കൈമാറരുതെന്ന വ്യവസ്ഥയാണ് നിലവിലുള്ളതെന്ന് ഹരജിയില്‍ പറയുന്നു. എന്നാല്‍, ഈ മേഖലയിലെ വീടുകളിലും പുതിയ കെട്ടിടങ്ങളിലുമായി ഇപ്പോള്‍ ഓഫിസുകളും ഷോറൂമുകളും ഗോഡൗണുകളും മറ്റും പ്രവര്‍ത്തിക്കുന്നു. വാഹന പാര്‍ക്കിങ്ങും ശബ്ദമലിനീകരണവും മൂലം സ്വകാര്യത പാടെ നഷ്ടപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ പരാതി നല്‍കിയെങ്കിലും നടപടിയില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.