കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷങ്ങള്‍ക്ക് തുടക്കം

മട്ടാഞ്ചേരി: ഇനിയൊരു യുദ്ധമുണ്ടാകാതിരിക്കട്ടെയെന്ന പ്രാര്‍ഥനയോടെ രാജ്യത്തിനായി ജീവത്യാഗം ചെയ്തവരെ സ്മരിച്ചുകൊണ്ട് ഈ വര്‍ഷത്തെ കൊച്ചിന്‍ കാര്‍ണിവല്‍ ആഘോഷ പരിപാടികള്‍ ആരംഭിച്ചു. ഫോര്‍ട്ട്കൊച്ചി സെന്‍റ് ഫ്രാന്‍സിസ് പള്ളിയങ്കണത്തിലെ യുദ്ധ സ്മാരകത്തില്‍ ഐക്യദാര്‍ഢ്യ ദിനാചരണത്തോടു കൂടിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. കൊച്ചി നഗരസഭക്കുവേണ്ടി മേയര്‍ സൗമിനി ജയിനും ഐ.എന്‍.എസ് ദ്രോണാചാര്യക്ക് വേണ്ടി കമാന്‍ഡിങ് ഓഫിസര്‍ ക്യാപ്റ്റന്‍ എ.പി. ഷാജി കുട്ടി, നാഷനല്‍ എക്സ് സര്‍വിസ് മെന്‍ കോഓഡിനേഷന്‍ കമ്മിറ്റിക്കായി സി.ടി. ജോസഫ്, മദ്രാസ് റെജിമെന്‍റിന് വേണ്ടി സി. വിശ്വംഭരന്‍ എന്നിവര്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് സമാധാന സന്ദേശഗാനം ആലപിച്ചു. മേയര്‍ സൗമിനി ജയിന്‍, ക്യാപ്റ്റന്‍ എ.പി. ഷാജിക്കുട്ടി, കെ.എം. പ്രതാപന്‍, വി.ഡി. മജീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ ഷൈനി മാത്യൂ, നഗരസഭ പ്രതിപക്ഷ നേതാവ് കെ.ജെ. ആന്‍റണി, കൗണ്‍സിലര്‍മാരായ സീനത്ത് റഷീദ്, ബിന്ദു ലെവിന്‍, ഷീബാ ലാല്‍, ജയന്തി പ്രേംനാഥ്, ബെന്നി ഫെര്‍ണാണ്ടസ്, ആന്‍റണി ഫ്രാന്‍സിസ്, മുന്‍ മേയര്‍ കെ.ജെ. സോഹന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിമുക്ത ഭടന്മാരുടെ ഐക്യദാര്‍ഢ്യ പ്രതിജ്ഞയും ഉണ്ടായിരുന്നു. ഇന്ത്യന്‍ സൈനികരും വിമുക്ത ഭടന്‍മാരും വീര മൃത്യു വരിച്ച ജവാന്‍മാരുടെ കുടുംബാംഗങ്ങളും എന്‍.സി.സി.കേഡറ്റുകളും കാര്‍ണിവല്‍ ക്ളബ് അംഗങ്ങളും പങ്കെടുത്തു. പതിനേഴിന് കാര്‍ണിവല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി വെളിയില്‍നിന്ന് കൊടിമര ഘോഷയാത്ര ആരംഭിക്കും. പതിനെട്ടിന് രാവിലെ ഒമ്പത് മണിക്ക് കെ.ജെ. മാക്സി എം.എല്‍.എ കാര്‍ണിവല്‍ പതാക ഉയര്‍ത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.