റഫീഖിന്‍െറ ചക്കമാഹാത്മ്യം...

കൊച്ചി: നല്ല പഴുത്ത ചക്ക ചുളപറിച്ച് പാത്രത്തില്‍ നിരത്തിയാല്‍ കഴിക്കാന്‍ മലയാളിക്കിഷ്ടമാണ്. അതുപോലെ പച്ചച്ചക്ക കൊത്തിയരിഞ്ഞ് പുഴുക്കുണ്ടാക്കി കുറച്ച് ചമ്മന്തിയും കട്ടന്‍ ചായയുമുണ്ടെങ്കില്‍ വൈകുന്നേരങ്ങള്‍ ഗംഭീരം. കറിവെക്കാനും ഉപ്പേരിക്കും ചക്കക്കുരുവും ഗ്രാമങ്ങളില്‍ ഉപയോഗിക്കും. തീര്‍ന്നു മലയാളിയുടെ ചക്കവിഭവത്തിന്‍െറ പട്ടിക. സംഭവം ലോകത്തിലെ ഏറ്റവും വലിയ പഴമാണ്, കേരളത്തില്‍ സുലഭമായി ലഭിക്കുമെന്നൊക്കെ വീമ്പുപറയുമെങ്കിലും ചക്കയിലെ വൈവിധ്യങ്ങള്‍ തേടി പോകാന്‍ നമ്മള്‍ അധികം ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം. തിരുവനന്തപുരം പാറശാലയിലെ ഇടിച്ചക്കപ്ളാമൂട് എന്ന സ്ഥലത്തുനിന്ന് വരുന്ന എച്ച്.എം. റഫീഖ് ഇക്കാര്യത്തില്‍ ഒരു പുപ്പുലിയാണ്. ചക്ക അദ്ദേഹത്തിന്‍െറ പരീക്ഷണ ശാലയാണ്. അവിടെ വേവാത്ത വിഭവങ്ങളില്ല. ചക്ക സാമ്പാര്‍, ചക്ക പുളിശേരി, ചക്ക പരിപ്പുകറി, ചക്ക പെരട്ട്, ചക്ക ചില്ലി, ചക്കച്ചമ്മന്തി, ചക്കയച്ചാര്‍, ചക്കവരട്ടി, ചക്കവറുത്തത്...എന്നിങ്ങനെ നീളുന്ന ഈ പട്ടിക അവസാനിക്കുന്നത് രണ്ടുകൂട്ടം ചക്കപ്പായസങ്ങളിലാണ്. അതിനുപുറമെ, ചക്ക മസാല ദോശ, ചക്ക ഉണ്ണിയപ്പം, ചക്കയട, ചക്ക പഴംപൊരി, ചക്ക മഞ്ചൂരി, ചക്കമോദകം, ചക്ക കട്ലറ്റ്, ചക്ക മധുരചില്ലി...ഇങ്ങനെ നീളുന്ന നാവില്‍ കൊതിയൂറുന്ന പലഹാരങ്ങളുടെ പട്ടിക വേറെയും. ചക്കയൂണാണ് സ്പെഷല്‍. 12കൂട്ടം ചക്കവിഭവങ്ങളും ചക്കപുളിശേരിയും ചക്ക സാമ്പാറും ഉള്‍പ്പെട്ട ഊണ്. രണ്ടുകൂട്ടം പായസം. കൊച്ചിയിലെ എറണാകുളത്തപ്പന്‍ ഗ്രൗണ്ടില്‍ റഫീഖ് തന്‍െറ ഊണും വിഭവങ്ങളുമായി എത്തിയിട്ടുണ്ട്. 28 വരെ നീളുന്നതാണ് റഫീഖിന്‍െറ ചക്കമഹോത്സവം. ഓരോദിവസവും വിഭവങ്ങളില്‍ വ്യത്യസ്തതയുണ്ടാകും. ഏഴുവര്‍ഷമായി റഫീഖ് ചക്കപരീക്ഷണവുമായി രംഗത്തത്തെിയിട്ട്. ചക്ക ചിപ്സിലാണ് തുടക്കം. ചക്കുക്കുരു ഉപയോഗിച്ച് പുട്ടിനുള്ള പൊടിയും ഉണ്ടാക്കുമായിരുന്നു. ആദ്യമൊക്കെ നാട്ടുകാരും കൂട്ടുകാരും കളിയാക്കുമായിരുന്നു. പിന്നീട് പുതിയ പരീക്ഷണങ്ങള്‍ ആരംഭിച്ചു. ചക്കയുടെ ഗുണവും ഒൗഷധമൂല്യവുമാണ് റഫീഖിനെ ആകര്‍ഷിച്ചത്. നിരവധി വിഭവങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങി. ഏകദേശം നൂറിലേറെ വിഭവങ്ങള്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍െറ അടുക്കളയില്‍നിന്ന് ഉണ്ടായിട്ടുണ്ട്. സംഭവം ക്ളിക്കായതോടെ പ്രത്യേക ഫെസ്റ്റുകള്‍ നടത്താന്‍ തുടങ്ങി. തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍ രണ്ടിലേറെ തവണ ഫെസ്റ്റുകള്‍ സംഘടിപ്പിച്ചു. ഒരുതവണ കൊടുങ്ങല്ലൂരിലും. എല്ലായിടത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോള്‍ തന്‍െറ കീഴില്‍ 20ലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്നു. ചക്ക വിഭവങ്ങള്‍ക്കുപുറമെ നല്ല പഴുത്ത ചക്കയും സ്റ്റാളില്‍നിന്ന് ലഭിക്കും. തേന്‍ വരിക്ക, ചെമ്പരത്തി വരിക്ക, നാടന്‍ വരിക്ക, കൂഴച്ചക്ക, കൊട്ടുവരിക്ക തുടങ്ങി വിവിധയിനം ചക്കകളുടെ പ്രദര്‍ശനവും വില്‍പനയുമുണ്ട്. സര്‍ക്കാറില്‍നിന്ന് സഹായം ലഭിക്കുകയാണെങ്കില്‍ സംരംഭം വികസിപ്പിക്കാന്‍ സാധിക്കുമെന്ന് റഫീഖ് പറഞ്ഞു. ഭാര്യയും മൂന്ന് മക്കളുമടങ്ങുന്നതാണ് റഫീഖിന്‍െറ കുടുംബം. പ്രകൃതി ആരോഗ്യ വിചാരവേദി സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് ഫെസ്റ്റ് നടത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.