വല്ലാര്‍പാടത്തെ ‘രക്ഷിക്കാന്‍’ കൊച്ചി തുറമുഖം ക്ളേശിക്കുന്നു

കൊച്ചി: കൊച്ചി തുറമുഖത്തിന്‍െറ ആഴം കൂട്ടാന്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചെലവഴിച്ചത് 100 കോടി. 2011 മുതല്‍ ഇതുവരെ ചെലവിട്ടത് 650 കോടിയിലേറെ രൂപയും. വലിയ കപ്പലുകള്‍ക്ക് അടുക്കാന്‍ 14.5 മീറ്റര്‍ ആഴം ഉറപ്പാക്കാനാണ് വന്‍തുക വര്‍ഷംതോറും ചെലവിടുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം വന്ന 643 കപ്പലുകളില്‍ 15 എണ്ണത്തിന് മാത്രമാണ് 14 മീറ്ററെങ്കിലും ആഴം ആവശ്യമായി വന്നതെന്നത് വേറെ കാര്യം. മെയിന്‍ ലൈന്‍ ശ്രേണിയില്‍ 152 കപ്പലുകളാണ് വല്ലാര്‍പാടത്ത് അടുത്തത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വല്ലാര്‍പാടത്തെ വരുമാനത്തിന്‍െറ മൂന്നിലൊന്ന് വിഹിതമെന്ന വ്യവസ്ഥ പ്രകാരം കൊച്ചി തുറമുഖ ട്രസ്റ്റിന് ലഭിച്ചത് 69 കോടിയാണ്. 419550 കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്തതില്‍ അഞ്ചു ശതമാനം മാത്രമാണ് ട്രാന്‍ഷിപ്മെന്‍റ് വിഭാഗത്തിലത്തെിയത്. അതായത് 21309 എണ്ണം. 14.5 മീറ്റര്‍ ആഴം ഉറപ്പാക്കിയിട്ടും 15 കപ്പലുകള്‍ മാത്രമാണ് ആ വലുപ്പത്തിലുള്ളത് എത്തിയതെന്നതും കണക്കിലെടുക്കുമ്പോള്‍ കോടികള്‍ ചെലവിടുന്നതുകൊണ്ട് കാര്യമായ ഗുണമുണ്ടായില്ളെന്നും കാണാം. അതേസമയം, കപ്പലുകളെ ആകര്‍ഷിക്കാന്‍ ഈ കാലയളവില്‍ 53.30 കോടിയാണ് ഇളവായി നല്‍കിയത്. 152 കപ്പലുകള്‍ക്കാണ് ഈ റിബേറ്റ്. ഒരു കപ്പലിന് 42 ലക്ഷം വീതം. തുറമുഖ ഹാന്‍ഡ്ലിങ് നിരക്കില്‍ നടത്തിപ്പുകാരായ ദുബൈ പോര്‍ട്ടും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. വര്‍ഷം 10 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുമെന്നായിരുന്നു വല്ലാര്‍പാടം പദ്ധതിയുടെ തുടക്കത്തിലെ പ്രഖ്യാപനം. കൊളംബോ, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍നിന്ന് മെയിന്‍ ലൈന്‍ കപ്പലുകള്‍ കൂട്ടത്തോടെ കൊച്ചിയില്‍ വരുമെന്നും പ്രഖ്യാപനമുണ്ടായി. ഈ നിലക്കുള്ള ചിന്ത കരാറിനുമുമ്പേ ഉണ്ടായതുകൊണ്ടാകാം നൂറുകണക്കിന് കോടി രൂപ ചെലവുവരുന്നതും തുറമുഖത്തെ കടക്കെണിയിലാക്കുന്നതുമായ വ്യവസ്ഥ ഉള്‍പ്പെടുത്താന്‍ അധികൃതര്‍ തയാറായത്. ഈ വ്യവസ്ഥയാണ് ഡ്രഡ്ജിങ്ങിന്‍െറ പേരില്‍ കോടികള്‍ ചെലവിടുന്നതിന് തുറമുഖ അധികൃതരെ നിര്‍ബന്ധിതമാക്കുന്നത്. കരാര്‍ പൊളിച്ചെഴുതണമെന്നതടക്കം തൊഴിലാളി യൂനിയനുകള്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശങ്ങള്‍ അധികൃതര്‍ ഗൗനിക്കുന്നുമില്ല. വല്ലാര്‍പാടത്ത് നികുതിപ്പണം വാരിക്കോരി മുടക്കി ക്കൊണ്ടുവന്ന പദ്ധതിയാണ് കെടുകാര്യസ്ഥത മൂലം ഓരോ വര്‍ഷവും നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, വല്ലാര്‍പാടം മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച രീതിയിലാണ് ഇപ്പോള്‍ പോകുന്നതെന്ന് തുറമുഖ ട്രസ്റ്റ് അധികൃതര്‍ പറയുന്നു. രാജ്യാന്തര നിലവാരം ഉറപ്പിക്കുന്നതിനാണ് ആഴം കൂട്ടുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഡ്രഡ്ജിങ് നിരക്കുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വര്‍ഷം 40,000ത്തിലേറെ കണ്ടെയ്നറുകള്‍ കൈകാര്യംചെയ്യുന്ന സ്ഥിതിയിലേക്ക് വളരാന്‍ കഴിഞ്ഞു. ഇളവുകള്‍ നല്‍കി കൂടുതല്‍ കപ്പലുകളെ ആകര്‍ഷിക്കാനെടുത്ത ശ്രമങ്ങള്‍ വിജയിക്കുന്നുണ്ടെന്നും തുറമുഖ ട്രസ്റ്റ് അധികൃതര്‍ വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.