കൂടുതല്‍ സ്മാര്‍ട്ടാകാന്‍ കൊച്ചി; സഹായവുമായി ബ്രിട്ടീഷ് സര്‍ക്കാര്‍

കൊച്ചി: രാജ്യത്തെ 20 സ്മാര്‍ട്ട് സിറ്റികളിലൊന്നാമതാകാന്‍ കൊച്ചിക്ക് സാങ്കേതിക സഹായമുള്‍പ്പെടെയുള്ള സഹായസഹകരണങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച ധാരണാപത്രം ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമീഷണര്‍ ഭരത് ജോഷിയും കൊച്ചി മേയര്‍ സൗമിനി ജയിനുമായി കൈമാറി. എറണാകുളം ഗെസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ തദ്ദേശഭരണ സെക്രട്ടറിയും മിഷന്‍ ഡയറക്ടറുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, ജില്ലാ കലക്ടര്‍ എം.ജി. രാജമാണിക്യം തുടങ്ങിയവരും പങ്കെടുത്തു. പ്രശസ്ത കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഡട്ടൂ അറ്റ്കിന്‍സണാണ് സ്മാര്‍ട്ട് സിറ്റിക്കാവശ്യമായ സാങ്കേതിക സഹായ സഹകരണം നല്‍കുന്നത്. 1.5 കോടി രൂപ ചെലവുവരുന്ന സേവനം സൗജന്യമായാണ് നല്‍കുക. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളില്‍ നിന്നായി 200 കോടി രൂപ വീതം ലഭിക്കുന്ന പദ്ധതിക്ക് പുറമെ കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലും അറ്റ്കിന്‍സ് കൊച്ചിയെ സഹായിക്കും. പ്രതിവര്‍ഷം കേരളം സന്ദര്‍ശിക്കുന്നത് 1.5 ലക്ഷം ബ്രിട്ടീഷ് വിനോദസഞ്ചാരികളാണെന്ന് ഭരത് ജോഷി ചൂണ്ടിക്കാട്ടി. കൊച്ചിയുമായുള്ള ടൂറിസം സാധ്യതകളും പരിഗണിച്ചു. കണ്‍സള്‍ട്ടന്‍സി പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാകുന്ന 1.8 കോടി രൂപയ്ക്ക് പുറമെ 50 ലക്ഷം രൂപയുടെ അധിക സഹായവും നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. സ്മാര്‍ട്ട് സിറ്റിക്കുള്ള കൊച്ചിയുടെ പദ്ധതിക്ക് അന്തിമരൂപം രണ്ടു ദിവസത്തിനകം തയാറാകുമെന്ന് മിഷന്‍ ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് പറഞ്ഞു. അടുത്ത മൂന്ന് ദിവസവും കൊച്ചിയില്‍ തങ്ങുന്ന സംഘം കൊച്ചി നഗരസഭ, ജി.സി.ഡി.എ, ജില്ലാ ഭരണകൂടം തുടങ്ങിയ വിവിധ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഡിസംബര്‍ രണ്ടിന് പദ്ധതിക്ക് അന്തിമ രൂപം നല്‍കും. ചീഫ് സെക്രട്ടറി ഡിസംബര്‍ എട്ടിന് വിളിച്ചിരിക്കുന്ന സംസ്ഥാനതല ഉന്നതാധികാര സമിതിയില്‍ പദ്ധതിക്ക് അംഗീകാരം നല്‍കുമെന്നാണ് പ്രതീക്ഷ. ഡിസംബര്‍ 15നകം പദ്ധതി കേന്ദ്രസര്‍ക്കാറിന്‍െറ പരിഗണനയ്ക്ക് സമര്‍പ്പിക്കണം. ജനുവരി 26ന് റിപ്പബ്ളിക് ദിനാഘോഷ വേളയില്‍ പ്രഖ്യാപനമുണ്ടാകും. ചടങ്ങില്‍ അറ്റ്കിന്‍സ് ഇന്‍റര്‍നാഷനല്‍ സിറ്റീസ് ഡയറക്ടര്‍ റോജര്‍ സാവേജ്, മുഖ്യ സാമ്പത്തിക വിദഗ്ധ വാസിലിക്ളി ക്രാവ, ബ്രിട്ടീഷ് ഹൈകമീഷന്‍ സീനിയര്‍ ഉപദേഷ്ടാവ് വിദ്യ സൗന്ദര്‍രാജന്‍, വ്യാപാരനിക്ഷേപകാര്യ വിദഗ്ധ അഷിത അഗ്നിഹോത്രി, മിഷന്‍ നോഡല്‍ ഓഫിസര്‍ ആര്‍.ഗിരിജ, ഫോര്‍ട്ടുകൊച്ചി സബ് കലക്ടര്‍ എസ്.സുഹാസ്, കൊച്ചി നഗരസഭ സെക്രട്ടറി വി.ആര്‍.രാജു, അഡീഷനല്‍ സെക്രട്ടറി എ.എസ്. അനൂജ, അസി.കലക്ടര്‍ ഏയ്ഞ്ചല്‍ ഭാട്ടി തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.