കൊച്ചി നഗരസഭ: സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ യു.ഡി.എഫിന്

കൊച്ചി: കൊച്ചി നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ ഒന്നൊഴികെ ഏഴെണ്ണവും യു.ഡി.എഫിന് ലഭിച്ചു. അവശേഷിക്കുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഇരുമുന്നണിയും ഒപ്പത്തിനൊപ്പമായി. സി.പി.എം വിമത സീനത്ത് റഷീദിനെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയാക്കി ബി.ജെ.പിയുടെ പിന്തുണയോടെ ഈ കമ്മിറ്റിയും പിടിച്ചെടുക്കാന്‍ യു.ഡി.എഫ് തന്ത്രങ്ങള്‍ തുടങ്ങി. ഈ മാസം ഏഴിനാണ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ്. സ്റ്റാന്‍ഡിങ് കമ്മിറ്റികളില്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി നല്‍കാമെന്ന യു.ഡി.എഫിന്‍െറ വാഗ്ദാനം എല്‍.ഡി.എഫിന് സ്വീകാര്യമാകാതെ വന്നപ്പോഴാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. മൂന്ന് സ്റ്റാന്‍ഡിങ് കമ്മിറ്റികളാണ് എല്‍.ഡി.എഫ് ആവശ്യപ്പെട്ടത്. രണ്ടെണ്ണമെങ്കിലും കിട്ടണമെന്ന ആവശ്യം യു.ഡി.എഫ് അംഗീകരിച്ചില്ല. അംഗബലം കണക്കിലെടുത്താല്‍ എല്‍.ഡി.എഫിന് ഒരു സ്റ്റാന്‍ഡിങ് കമ്മിറ്റിക്കേ അര്‍ഹതയുള്ളൂവെന്ന് കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി വിലയിരുത്തുകയായിരുന്നു. 74 അംഗനഗരസഭയില്‍ 38 അംഗങ്ങളാണ് യു.ഡി.എഫിന്. എല്‍.ഡി.എഫിന് 30ഉം. നാല് വിമതരും രണ്ട് ബി.ജെ.പി അംഗങ്ങളുമാണുള്ളത്. ഇതില്‍ ബി.ജെ.പി വോട്ട് ബഹിഷ്കരിച്ചു. സി.പി.എം വിമതരടക്കം മൂന്നുവിമതര്‍ യു.ഡി.എഫിനെ തുണച്ചു. കെ.എച്ച്. പ്രീതി എല്‍.ഡി.എഫിനൊപ്പവും. തങ്ങള്‍ ആവശ്യപ്പെട്ട ധനകാര്യ കമ്മിറ്റിയിലും ആരോഗ്യകമ്മിറ്റിയിലും ഉള്‍പ്പെടുത്താനാവില്ളെന്ന യു.ഡി.എഫിന്‍െറ നിലപാടില്‍ പ്രതിഷേധിച്ചാണ് ബി.ജെ.പി അംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. എല്ലാ അംഗങ്ങളും ഏതെങ്കിലും സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗങ്ങളാവണമെന്നാണ് ചട്ടം. ഇതനുസരിച്ച് ബി.ജെ.പി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ ചൊവ്വാഴ്ച രാവിലെ 11ന് തെരഞ്ഞെടുപ്പ് നടക്കും. വിദ്യാഭ്യാസ, നികുതി അപ്പീല്‍ കമ്മിറ്റികളിലാണ് ബി.ജെ.പി അംഗങ്ങളെ ഉള്‍പ്പെടുത്തുക. നാമനിര്‍ദേശപത്രികയില്ലാതെ നടക്കുന്ന തെരഞ്ഞെടുപ്പില്‍ അവര്‍ ഏത് കമ്മിറ്റിയില്‍ ഉള്‍പ്പെടണമെന്ന് യു.ഡി.എഫ് തീരുമാനിക്കും. തങ്ങള്‍ മുന്നോട്ടുവെച്ച നിര്‍ദേശം അംഗീകരിക്കാതെ നടപടികള്‍ തെരഞ്ഞെടുപ്പിലേക്ക് വഴിവെച്ചതിലെ പ്രതിഷേധമാണ് യു.ഡി.എഫിന്. തിങ്കളാഴ്ച സ്റ്റാന്‍ഡിങ് കമ്മിറ്റിയിലെ വനിതാ സംവരണ സീറ്റിലേക്കാണ് ആദ്യം വോട്ടെടുപ്പ് നടന്നത്. സി.പി.എം വിമതരായ സീനത്ത് റഷീദിന്‍െറയും ടി.കെ. ഷംസുദ്ദീന്‍െറയും പിന്തുണയോടെ യു.ഡി.എഫ് അംഗങ്ങള്‍ക്ക് 41 വീതം വോട്ട് ലഭിച്ചു. എല്‍.ഡി.എഫ് നിലപാടോടെ വോട്ടെടുപ്പിലേക്ക് നീങ്ങിയതോടെ വൈകുന്നേരം 6.30 വരെ നടപടി നീണ്ടു. ആരോഗ്യം, വിദ്യാഭ്യാസം, ധനകാര്യം, നികുതി അപ്പീല്‍ കമ്മിറ്റികള്‍ക്ക് മത്സരമുണ്ടായില്ല. സ്റ്റാന്‍ഡിങ് കമ്മിറ്റികള്‍ രണ്ടര വര്‍ഷത്തേക്ക് പങ്കുവെക്കാന്‍ യു.ഡി.എഫില്‍ ധാരണയായിട്ടുണ്ട്. ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദാണ് വാര്‍ത്താലേഖകരോട് ഇക്കാര്യം അറിയിച്ചത്. കേരള കോണ്‍ഗ്രസ്-എമ്മിന്‍െറ ആവശ്യം പരിഗണിച്ചാണിതെന്ന് അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.