ചെങ്കല്‍ ലോറികളുടെ മരണപ്പാച്ചിലില്‍ റോഡ് തകര്‍ന്നു; പ്രതിഷേധവുമായി നാട്ടുകാര്‍

കാഞ്ഞങ്ങാട്: ചെങ്കല്‍ ക്വാറികളിലേക്കുള്ള ലോറികളുടെ മത്സരയോട്ടത്തെ തുടര്‍ന്ന് റോഡ് തകര്‍ന്നതില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ റോഡുപരോധവുമായി രംഗത്തു വന്നു. ചാലിങ്കാല്‍ പന്നിക്കുന്നിലാണ് ക്വാറികള്‍ക്കും ലോറികള്‍ക്കുമെതിരെ നാട്ടുകാര്‍ രംഗത്തുവന്നത്. ചാലിങ്കാല്‍ പന്നിക്കുന്ന് കേന്ദ്രീകരിച്ച് നാലു ചെങ്കല്‍ ക്വാറികളാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നത്. ഇതിലൂടെ നാലോളം ലോറികള്‍ മത്സരിച്ചാണ് ചെങ്കല്ല് കടത്തുന്നത്. നാലു ലോറികളുമായി നാല്‍പതോളം ട്രിപ്പുകള്‍ ചെക്യാര്‍പ്പ് പന്നിക്കുന്ന് കാലിയടുക്കം റോഡിലൂടെ സര്‍വിസ് നടത്തുന്നുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മഴ ആരംഭിച്ചതോടെ നടക്കാന്‍ പോലുമാവാത്ത വിധം റോഡ് ചളിക്കുളമായിരിക്കുകയാണ്. റോഡ് തകരാന്‍ തുടങ്ങിയപ്പോള്‍ തന്നെ പ്രദേശവാസികള്‍ ആര്‍.ഡി.ഒക്കും പഞ്ചായത്തിനും രേഖാമൂലം പരാതി നല്‍കിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാവാത്തതിനെ തുടര്‍ന്ന് ഇനി കാത്തിരിക്കാനാവില്ളെന്ന് അറിയിച്ച് രാഷ്ട്രീയ ഭേദമന്യേ നാട്ടുകാര്‍ റോഡില്‍ ഗതാഗതം തടസ്സപ്പെടുത്തുകയായിരുന്നു. ഇരുചക്ര വാഹനങ്ങള്‍ മാത്രമാണ് ഈ റോഡിലൂടെ നാട്ടുകാര്‍ കടത്തിവിടുന്നത്. ഒരു അനുമതി പത്രത്തിന്‍െറ മറവില്‍ ലോഡുകണക്കിന് മണ്ണും ഇവിടെ നിന്ന് കടത്തുന്നതായി നാട്ടുകാര്‍ പരാതി ഉയര്‍ത്തുന്നു. വെള്ളിയാഴ്ച റോഡ് തടസ്സപ്പെടുത്തിയതോടെ അനുരഞ്ജന ചര്‍ച്ചകള്‍ക്കായി പഞ്ചായത്തധികൃതരും ക്വാറി മുതലാളിമാരും മറ്റ് സാമൂഹിക പ്രവര്‍ത്തകരും പ്രദേശവാസികളെ സമീപിച്ചുവെങ്കിലും നാട്ടുകാര്‍ വഴങ്ങിയിട്ടില്ല. ചെങ്കല്ലും മണ്ണുമെടുക്കുന്നതിന് നിയന്ത്രണം വേണമെന്നും റോഡ് ഉടന്‍ നന്നാക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.