നിലനിര്‍ത്താന്‍ എല്‍.ഡി.എഫ്; കരുത്തുകാട്ടാന്‍ യു.ഡി.എഫ്

ചെറുവത്തൂര്‍: പിലിക്കോട്, കയ്യൂര്‍-ചീമേനി പഞ്ചായത്തുകളില്‍ കരുത്തു കാട്ടാന്‍ യു.ഡി.എഫ് തീരുമാനിച്ചതോടെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പോരാട്ടം മുറുകും. പ്രതിപക്ഷമില്ലാത്ത പഞ്ചായത്തുകളായിരുന്നു വര്‍ഷങ്ങളായി ഇവ രണ്ടും. എന്നാല്‍, പിലിക്കോട് പുതിയ വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് അഞ്ച് സീറ്റുകളില്‍ യു.ഡി.എഫിന് പ്രതീക്ഷയുണ്ട്. ജനസമ്മതരായ സ്ഥാനാര്‍ഥികളെ നിര്‍ത്തി പഞ്ചായത്തില്‍ ശക്തമായ പ്രതിപക്ഷമാകാനുള്ള ശ്രമത്തിലാണ് യു.ഡി.എഫ്. ആകെ 16 വാര്‍ഡുകളില്‍ സി.പി.എം -15, സി.പി.ഐ -ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. കണ്ണങ്കൈ, കാലിക്കടവ്, ചന്തേര, കരപ്പാത്ത് എന്നിവിടങ്ങളിലാണ് യു.ഡി.എഫിന് പ്രതീക്ഷയുള്ളത്. മുസ്ലിം ലീഗിന് കരുത്തുള്ള ചന്തേരയില്‍ ലീഗിന്‍െറ ഇഷാം പട്ടേലിനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിനും ഇന്ത്യക്കും പുറത്തുള്ള ലീഗ് വോട്ടര്‍മാരെ ചന്തേരയിലത്തെിക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. ചന്തേര വാര്‍ഡ് വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസില്‍ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ഒടുവില്‍ ലീഗിന്‍െറ നിര്‍ബന്ധത്തിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഈ പ്രദേശത്തിന്‍െറ ഹൃദയത്തുടിപ്പറിയുന്ന വി.വി. നാരായണനാണ് ഇവിടെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. പോരാട്ടം മുറുകാന്‍ സാധ്യതയുള്ള ഈ വാര്‍ഡിലായിരുന്നു പിലിക്കോടിന്‍െറ പ്രധാന ശ്രദ്ധ. ബി.ജെ.പി പിലിക്കോട് പഞ്ചായത്തില്‍ അഞ്ച് വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തും. എസ്.എന്‍.ഡി.പിക്ക് ശാഖകളുള്ള പ്രദേശങ്ങള്‍ തെരഞ്ഞെടുത്താണ് ബി.ജെ.പി സ്ഥാനാര്‍ഥികളെ നിര്‍ത്തുക. സി.പി.എം പുത്തിലോട്ട് വാര്‍ഡില്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിയെച്ചൊല്ലി പ്രശ്നം രൂക്ഷമായിട്ടുണ്ട്. എന്നാല്‍, മറ്റു വാര്‍ഡുകളില്‍ പൊതുവേ സ്വീകാര്യരായവരാണ് സ്ഥാനാര്‍ഥിയായിട്ടുള്ളത്.കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ ഒരു സീറ്റെങ്കിലും പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് യു.ഡി.എഫ് ഇത്തവണ 16 സീറ്റിലും മത്സരിക്കാന്‍ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്ത് പിലിക്കോട് ഡിവിഷനില്‍ നിലവിലെ ബ്ളോക് പഞ്ചായത്ത് അംഗവും സി.പി.എം തൃക്കരിപ്പൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.പി. പ്രസന്നകുമാരി മത്സരിക്കും. പുതിയ വാര്‍ഡ് വിഭജനത്തെ തുടര്‍ന്ന് പടന്നയുടെ ഒരു ഭാഗം വരുന്നതിനാല്‍ മുമ്പ് ഉരുക്കുകോട്ടയായിരുന്ന പിലിക്കോട് നിലനിര്‍ത്താന്‍ എല്‍.ഡി.എഫിന് നന്നായി വിയര്‍ക്കേണ്ടിവരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.