ശാസ്ത്ര കൗതുകങ്ങളുടെ വാതിൽ തുറന്ന് പരീക്ഷണശാല ഉദ്ഘാടനം

കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡൻറ്, കുപ്പിയില്‍ നിന്ന് ഹൈഡ്രജന്‍ പെറോക്‌സൈഡ് ലായനി പൊട്ടാസ്യം അയഡൈഡ് നിറച്ച പരീക്ഷണ പാത്രത്തിലേക്ക് പകര്‍ന്നപ്പോൾ ടൂത്ത് പേസ്റ്റ് പോലെ ഭീമൻ പത നുരഞ്ഞുപൊന്തി. ചുറ്റും കണ്ടുനിന്ന കുട്ടികളുടെ കണ്ണുകളിൽ കൗതുകത്തോടൊപ്പം വിസ്മയവും. ശാസ്ത്രം 'എലിഫൻറ് പേസ്റ്റ്' എന്നു വിളിക്കുന്ന പരീക്ഷണമാണ് കുട്ടികൾക്ക് മുന്നില്‍ അരങ്ങേറിയത്. സര്‍വശിക്ഷ അഭിയാന്‍ മണ്ഡലങ്ങളില്‍ അനുവദിച്ച ശാസ്ത്ര ലാബി​െൻറ ജില്ലതല ഉദ്ഘാടന വേദിയായ മാടായി ജി.എം.യു.പി സ്‌കൂളാണ് ശാസ്ത്ര കൗതുകങ്ങളുടെ വേദിയായത്. ശാസ്ത്ര ഉപകരണങ്ങളും പരീക്ഷണവസ്തുക്കളും ലോകത്തിലെ പ്രശസ്തരായ ശാസ്ത്രകാരന്മാരുടെ ഛായാചിത്രങ്ങളും ഒരുക്കിയ ശാസ്ത്ര ലാബി​െൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് നിര്‍വഹിച്ചു. എൽ.സി.ഡി പ്രോജക്ടര്‍ അടക്കം നിരവധി ഉപകരണങ്ങള്‍ സജ്ജമാക്കിയ ശാസ്ത്ര പരീക്ഷണ ശാലക്കുവേണ്ടി 50,000 രൂപയാണ് എസ്.എസ്.എ അനുവദിച്ചത്. യു.പി സ്കൂളിലെ സംസ്ഥാനത്തെതന്നെ ആദ്യ ഹൈടെക് ലാബാണ് മാടായിയില്‍ ഒരുക്കിയത്. കുട്ടികള്‍ക്ക് ശാസ്ത്ര പരീക്ഷണത്തിനും ഗവേഷണത്തിനും സഹായകമായ നൂറുകണക്കിന് ഉപകരണങ്ങള്‍ ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡൻറ് എസ്.വി. ആബിദ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസര്‍ ടി.പി. വേണുഗോപാലന്‍ മുഖ്യാതിഥിയായി. ദിനേശ് കുമാര്‍ തെക്കുമ്പാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ഇ.ഒ വെള്ളൂര്‍ ഗംഗാധരന്‍, ബി.പി.ഒ രാജേഷ് കടന്നപ്പള്ളി, ആയിഷ ഉമ്മലില്‍, ഒ. രാമചന്ദ്രന്‍, വി.വി. ധനരാജ്, വി.വി. ശാദുലി, സൗദ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.