ഭരണഭാഷ പുരസ്​കാരങ്ങൾക്ക്​ അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: ഔദ്യോഗിക ഭാഷ പൂർണമായും മലയാളമാക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾക്ക് ആഗസ്റ്റ് 10 വരെ അപേക്ഷിക്കാം. വിവിധ സർക്കാർ/ അർധ സർക്കാർ/ സ്വയംഭരണ/ സഹകരണ/ പൊതുമേഖല/ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് അവസരം. ക്ലാസ് ഒന്ന്, രണ്ട്, മൂന്ന് വിഭാഗം ജീവനക്കാർക്കും ക്ലാസ് മൂന്ന് വിഭാഗത്തിലെ ടൈപ്പിസ്റ്റ്/കമ്പ്യൂട്ടർ അസിസ്റ്റൻറ്/സ്റ്റെനോഗ്രാഫർ എന്നീ ജീവനക്കാർക്കും സംസ്ഥാനതല ഭരണഭാഷ സേവന പുരസ്കാരങ്ങൾക്ക് അപേക്ഷിക്കാം. സംസ്ഥാനതല ഗ്രന്ഥരചന പുരസ്കാരത്തിന് എല്ലാ വിഭാഗം ജീവനക്കാർക്കും ജില്ലതല ഭരണഭാഷ സേവന പുരസ്കാരത്തിന് ക്ലാസ് മൂന്ന് വിഭാഗക്കാർക്കുമാണ് അപേക്ഷിക്കാൻ അർഹത. സംസ്ഥാനതല വിജയികൾക്ക് സത്സേവന രേഖ, ഫലകം എന്നിവക്കു പുറമെ ഒന്നാം സമ്മാനം 20,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും ലഭിക്കും. ജില്ലതല മത്സരങ്ങൾക്ക് 10,000 രൂപയാണ് സമ്മാനം. കഴിഞ്ഞ വർഷം ഭരണഭാഷ മലയാളത്തിലാക്കുന്നതിന് സഹായകരമായ, മലയാളത്തിൽ ചെയ്ത എല്ലാവിധ ജോലികളും ഭരണഭാഷ സേവന പുരസ്കാരത്തിന് പരിഗണിക്കും. ഔദ്യോഗികഭാഷ മലയാളമാക്കുന്നതിനുള്ള സ്വതന്ത്ര കൃതികൾക്കാണ് ഗ്രന്ഥരചനാ പുരസ്കാരം നൽകുക. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങളാണ് പുരസ്കാരത്തിന് സമർപ്പിക്കേണ്ടത്. നേരത്തേ പുരസ്കാരം നേടിയവർ മൂന്നുവർഷം കഴിഞ്ഞേ അപേക്ഷിക്കാവൂ. നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ആഗസ്റ്റ് 10ന് മുമ്പ് ഡെപ്യൂട്ടി സെക്രട്ടറി, ഉദ്യോഗസ്ഥ ഭരണ പരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ്, ഗവ. സെക്രട്ടേറിയറ്റ് അനക്സ്-ഒന്ന്, തിരുവനന്തപുരം എന്ന വിലാസത്തിൽ ലഭിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.