പാനൂർ നഗരസഭ ഓഫിസ് നിർമാണത്തിന് പ്രഥമ പരിഗണന ^ചെയർപേഴ്​സൻ

പാനൂർ നഗരസഭ ഓഫിസ് നിർമാണത്തിന് പ്രഥമ പരിഗണന -ചെയർപേഴ്സൻ പാനൂർ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന പാനൂർ നഗരസഭക്ക് സ്വന്തമായി സൗകര്യ പ്രദമായ കെട്ടിടം അനുയോജ്യമായ സ്ഥലത്ത് നിർമിക്കുന്നതിന് ഭരണസമിതി മുൻഗണന നൽകുമെന്ന് നഗരസഭാധ്യക്ഷ കെ.വി റംലയും കൗൺസിലർമാരും പറഞ്ഞു. കെട്ടിടം നിർമിക്കുന്നതുവരെയുള്ള കാലയളവിൽ ഓഫിസ് പ്രവർത്തനം സുഖകരമായി മുന്നോട്ടുകൊണ്ടുപോകുന്നതിന് നിലവിലുള്ള നഗരസഭാ ഓഫിസിനടുത്തുതന്നെ വിശാലമായ സൗകര്യത്തോടുകൂടിയ കെട്ടിടം കണ്ടെത്തി. കൗൺസിൽ തീരുമാനത്തി​െൻറ അടിസ്ഥാനത്തിൽ, സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടം വാടകക്ക് ലഭിക്കുന്നതിനുള്ള സാങ്കേതിക നടപടിക്രമങ്ങൾ ആരംഭിച്ചു. ഇത് മറച്ചുവെച്ച്, നഗരസഭ ആസ്ഥാന മന്ദിര നിർമാണത്തിന് ഭരണസമിതി താൽപര്യം കാണിക്കുന്നില്ലെന്നുള്ള ഇടത് മുന്നണിയുടെയും ബി.ജെ.പി അംഗങ്ങളുടെയും പ്രചാരണം പൊതുജനങ്ങൾ തിരിച്ചറിയണമെന്നും നഗരസഭാധ്യക്ഷ പറഞ്ഞു. മുനിസിപ്പാലിറ്റിക്ക് ആസ്ഥാനമന്ദിരം നിർമിക്കുന്നതിന് ഒരു സംഖ്യയും സർക്കാറിൽ നിന്ന് ലഭിച്ചിട്ടില്ല. പുതുതായി രൂപവത്കരിച്ച 28 നഗരസഭകൾക്ക് ആസ്ഥാന മന്ദിരം നിർമിക്കുന്നതിന് ഒന്നിന് രണ്ട് കോടി രൂപ എന്ന നിലയിൽ വേണ്ടിടത്ത് പത്ത് കോടി രൂപ മാത്രമാണ് വകയിരുത്തിയിട്ടുള്ളത്. 56 കോടി രൂപ ആവശ്യമുള്ളതിന് പത്ത് കോടി രൂപ മാത്രം വകയിരുത്തി നടത്തുന്ന രാഷ്ട്രീയ അഭ്യാസം ജനം കാണുന്നുണ്ട്. പാനൂർ നഗരസഭയിലെ മുഴുവൻ പ്രദേശത്തെയും ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സൗകര്യപ്രദമായ സ്ഥലത്ത് ആസ്ഥാന മന്ദിരം നിർമിക്കുന്നതിനാണ് ഭരണസമിതി മുഖ്യ പരിഗണന നൽകുന്നത്. ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതി​െൻറ ഭാഗമായിട്ടാണ് പ്രതിപക്ഷം കരിയാട്, പെരിങ്ങത്തൂർ പ്രദേശങ്ങളുടെ പേരുകൾ പ്രചരിപ്പിക്കുന്നത്. നേരത്തെ പാനൂർ പഞ്ചായത്ത് ഓഫിസ് കെട്ടിട നിർമാണത്തിന് അന്നത്തെ ഭരണസമിതി വിലക്കുവാങ്ങിയ സ്ഥലം നഗരസഭ ആസ്ഥാന മന്ദിരം നിർമിക്കാൻ സൗകര്യപ്രദമല്ല. അതിനാലാണ് സ്ഥലം നഗരസഭയുടെ ടൗൺ ഹാൾ, ഷോപ്പിങ് കോപ്ലക്സ് പോലെയുള്ള കാര്യങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും ചെയർപേഴ്സൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.