പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യന്ത്രം നീക്കാന്‍ ശ്രമം

പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി സാമൂഹികാരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യന്ത്രം നീക്കം ചെയ്യാന്‍ അധികൃതരുടെ ശ്രമം. ഒരു വര്‍ഷമായിട്ടും എക്സ്റേ ടെക്നീഷ്യനെ നിയമിക്കാന്‍ നടപടിയാവാത്തതിനെ തുടര്‍ന്നാണ് യന്ത്രം ഇവിടെ നിന്ന് മാറ്റാന്‍ ആലോചന നടക്കുന്നത്. ആരോഗ്യ കേന്ദ്രത്തിലെ എക്സ്റേ ടെക്നീഷ്യന്‍ ഒരു വര്‍ഷം മുമ്പ് മരിച്ചതിനെ തുടര്‍ന്ന് പിന്നീട് നിയമനം നടന്നിട്ടില്ല. അടച്ചുപൂട്ടിയ മുറിയില്‍ സൂക്ഷിച്ച എക്സ്റേ യന്ത്രം തുരുമ്പുപിടിക്കുന്ന അവസ്ഥയിലാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ഇത്തരം യന്ത്രങ്ങളുടെ പ്രവര്‍ത്തനത്തിന് ജീവനക്കാര്‍ ഇല്ലാത്തപക്ഷം വിവരം മെഡിക്കല്‍ ഓഫിസറെ ധരിപ്പിക്കുകയാണ് ചെയ്യാറ്. മെഡിക്കല്‍ ഓഫിസര്‍ വിവരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യും. എന്‍.ആര്‍.എച്ച്.എം പദ്ധതിയിലൂടെയോ എച്ച്.എം.സി വഴിയോ ടെക്നീഷ്യനെ നിയമിക്കുന്നതിന് ഡി.എം.ഒക്ക് അനുവാദം നല്‍കാം. ഇവിടത്തെ എക്സ്റേ യന്ത്രം ഉപയോഗിക്കാതെ കിടക്കുന്ന കാര്യം മെഡിക്കല്‍ ഓഫിസറെ അറിയിക്കുകയും അത് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ശ്രദ്ധയില്‍പെടുത്തുകയും ചെയ്തതായാണ് വിവരം. എന്നിട്ടും ടെക്നീഷ്യനെ നിയമിക്കാന്‍ നടപടിയായിട്ടില്ല. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഇത്തരം മെഷിനറികളും മറ്റും വേറെ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്യാറുണ്ട്. അങ്ങനെയെങ്കില്‍ പാപ്പിനിശ്ശേരി ആരോഗ്യ കേന്ദ്രത്തിലെ എക്സ്റേ യന്ത്രം ഉടന്‍ നീക്കാന്‍ നടപടിയുണ്ടാകും. ടെക്നീഷ്യനെ നിയമിക്കാതെ എക്സ്റേ യന്ത്രം മാറ്റുന്നതില്‍ നാട്ടുകാരില്‍ കടുത്ത പ്രതിഷേധമുയരുകയാണ്. പാപ്പിനിശ്ശേരി, കല്യാശ്ശേരി, ആന്തൂര്‍, നാറാത്ത്, കണ്ണപുരം, ചെറുകുന്ന് തുടങ്ങിയ പഞ്ചായത്തുകളിലെ നിരവധി രോഗികളാണ് ദിനംപ്രതി ഇവിടെ ചികിത്സ തേടിയത്തെുന്നത്. നിലവില്‍ എക്സ്റേ എടുക്കുന്നതിന് ജനങ്ങള്‍ കൂടുതല്‍ തുക നല്‍കി സ്വകാര്യ സ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്. യന്ത്രം മാറ്റാതെ ഉടന്‍ ടെക്നീഷ്യനെ നിയമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.