ദേശീയ പവർലിഫ്റ്റിങ്​ ചാമ്പ്യൻഷിപ്പിന് പ്രൗഢ തുടക്കം

മുരിക്കാശ്ശേരി (ഇടുക്കി): ദേശീയ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിന് മുരിക്കാശ്ശേരി പാവനാത്മ കോളജിൽ പ്രൗഢോജ്ജ്വല തുടക്കം. മന്ത്രി എം.എം. മണി ഉദ്ഘാടനം നിർവഹിച്ചു. 690 കായികതാരങ്ങളാണ് വിവിധ സംസ്ഥാനങ്ങളിൽനിന്ന് പങ്കെടുക്കുന്നത്. 482 പുരുഷന്മാരും 208 വനിതകളും. ഏറ്റവും കൂടുതൽ താരങ്ങൾ മഹാരാഷ്ട്രയിൽനിന്നാണ് 80 പേർ. കേരളത്തിൽനിന്ന് 78 താരങ്ങളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. സബ്ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റർ എന്നിങ്ങനെ വ്യത്യസ്ത വെയ്റ്റ് വിഭാഗത്തിലാണ് മത്സരം. ഡീൻ കുര്യക്കോസ് എം.പി അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത ബിഷപ് മാർ ജോൺ നെല്ലിക്കുന്നേൽ സംസാരിച്ചു. വർണശബള ഘോഷയാത്രയോടെയാണ് ചാമ്പ്യൻഷിപ്പിന് തുടക്കംകുറിച്ചത്. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി സംഘടിപ്പിച്ച വിളംബര ഘോഷയാത്ര ജനപങ്കാളിത്തംകൊണ്ട് വ്യത്യസ്തമായി. വിവിധ സംസ്ഥാനങ്ങളിൽനിന്ന് 800ഓളം പവർലിഫ്റ്റിങ് താരങ്ങളും വാത്തിക്കുടി പഞ്ചായത്തിലെ വിവധ സ്കൂൾ-കോളജ് വിദ്യാർഥികൾ, കുടുംബശ്രീ അംഗങ്ങളും അടക്കം ഇരുപതിനായിരത്തിലധികം പേർ പങ്കെടുത്തു. ചെണ്ടമേളം, ബാൻഡുമേളവുമായി എൻ.സി.സി, എസ്.പി.സി, എൻ.എസ്.എസ് വിദ്യാർഥികളും കഥകളി, തെയ്യം, പരുന്താട്ടം തുടങ്ങി തനത് കലാരൂപങ്ങൾ, രാജ്യത്തിൻെറ ഐക്യവും അഖണ്ഡതയും പ്രതിഫലിപ്പിക്കുന്ന ഫ്ലോട്ടുകൾ, ലഹരിവിരുദ്ധ നിശ്ചലദൃശ്യം, തിരുവാതിര, മാർഗംകളി, ഒപ്പന, ദഫ്മുട്ട്, വള്ളംകളി, പുലിക്കളി തുടങ്ങി വിവിധയിനം വേഷങ്ങളും വിളംബര ഘോഷയാത്രയിലെ ആകർഷണങ്ങളായിരുന്നു. വാത്തിക്കുടി പഞ്ചായത്ത് ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച ഘോഷയാത്ര രണ്ടുമണിക്കൂർ കൊണ്ടാണ് പാവനാത്മ കോളജിൽ എത്തിച്ചേർന്നത്. പരിപാടിയോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ വിവിധ കോളജ് വിദ്യാർഥികൾ അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും. ചാമ്പ്യൻഷിപ് 30ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.