പട്ടയം റദ്ദാക്കൽ: യു.ഡി.എഫ്​ ധർണ കട്ടപ്പനയിൽ

തൊടുപുഴ: വ്യവസ്ഥകൾ ലംഘിച്ച് നിർമാണം നടത്തിയവരുടെ പട്ടയങ്ങൾ റദ്ദുചെയ്യുമെന്ന 22-08-2019 തീയതിയിലെ സർക്കാർ ഉത്തരവ് പിൻവലിക്കണമെന്ന് യു.ഡി.എഫ് ജില്ല ഏകോപന സമിതി യോഗം ആവശ്യപ്പെട്ടു. ജില്ല ചെയർമാൻ എസ്. അശോകൻ അധ്യക്ഷതവഹിച്ച യോഗം കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ ജനങ്ങളെ മാത്രം കൈയേറ്റക്കാരും നിയമലംഘകരുമായി ചിത്രീകരിക്കുന്ന ഉത്തരവ് ജനങ്ങളെയാകെ അവഹേളിക്കുന്നതിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ അഞ്ചിന് രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെ കട്ടപ്പനയിൽ ധർണ നടത്താനും തീരുമാനിച്ചു. ധർണയുടെ മുന്നൊരുക്കങ്ങൾക്കായി ഉടുമ്പൻചോല, പീരുമേട്, ഇടുക്കി നിയോജക മണ്ഡലങ്ങളിലെ ഘടകകക്ഷി മണ്ഡലം പ്രസിഡൻറുമാർവരെയുള്ള നേതാക്കളെ പങ്കെടുപ്പിച്ച് വിപുലമായ സംയുക്ത നേതൃയോഗം സെപ്റ്റംബർ 28ന് രാവിലെ 11ന് കട്ടപ്പന സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ ചേരും. ദേവികുളം നിയോജക മണ്ഡലം നേതൃയോഗം സെപ്റ്റംബർ 30ന് രാവിലെ 11ന് മൂന്നാറിലും തൊടുപുഴ നിയോജക മണ്ഡലം നേതൃയോഗം വൈകീട്ട് അഞ്ചിന് തൊടുപുഴ രാജീവ് ഭവനിലും നടക്കും. സെപ്റ്റംബർ 25, 26 തീയതികളിൽ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മണ്ഡലംതല യു.ഡി.എഫ് നേതൃയോഗങ്ങൾ നടക്കും. ജില്ലയിലെ എല്ലാ ത്രിതല പഞ്ചായത്ത് ഭരണസമിതികളിലും നഗരസഭകളിലും വിവാദ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ പ്രമേയം അവതരിപ്പിക്കുന്നതിനും തീരുമാനിച്ചു. യു.ഡി.എഫ് ജില്ല കൺവീനർ അലക്സ് കോഴിമല പ്രവർത്തനരേഖ അവതരിപ്പിച്ചു. ഘടകകക്ഷി നേതാക്കളായ ഇബ്രാഹിംകുട്ടി കല്ലാർ, ഇ.എം. ആഗസ്തി, ജോയി തോമസ്, എ.എം. ഹാരിദ്, മാർട്ടിൻ മാണി, സി.കെ. ശിവദാസ്, പ്രഫ. കെ.െഎ. ആൻറണി, ജോസഫ് ജോൺ, ജോസ് പാലത്തിനാൽ, ഷാജി കാഞ്ഞമല, അഗസ്റ്റ്യൻ വട്ടക്കുന്നേൽ, ജിൽസൺ വർക്കി, എം.ബി. സൈനുദ്ദീൻ, പി.എൻ. സീതി, ജി. മുനിയാണ്ടി, ജോൺ നെടിയപാല, കെ.എം. ഖാദർകുഞ്ഞ് തുടങ്ങിയവർ പങ്കെടുത്തു. സംസ്ഥാന ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ് തൊടുപുഴ: 32ാമത് സംസ്ഥാന ജൂനിയർ നെറ്റ്ബാൾ ചാമ്പ്യൻഷിപ് 21നും 22നും ന്യൂമാൻ കോളജ് ഗ്രൗണ്ടിൽ നടക്കും. കേരളത്തിലെ 14 ജില്ലകളിൽനിന്നുമായി 24 ടീമുകൾ പങ്കെടുക്കുമെന്ന് നെറ്റ്ബാൾ അസോസിയേഷൻ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായാണ് മത്സരം. 21ന് രാവിലെ എട്ടിന് കായിക താരങ്ങളുടെ മാർച്ച്പാസ്റ്റ് നടക്കും. തുടർന്ന് ഡീൻ കുര്യാക്കോസ് എം.പി ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്യും. 22ന് ഉച്ചക്ക് നടക്കുന്ന സമാപന സമ്മേളനം പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇടുക്കി ജില്ല നെറ്റ്ബാൾ അസോസിയേഷൻ ആഭിമുഖ്യത്തിൽ ജില്ലയിൽ നടക്കുന്ന ആദ്യസംസ്ഥാന ചാമ്പ്യൻഷിപ്പാണിതെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജില്ല നെറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി എൻ. രവീന്ദ്രൻ, ന്യൂമാൻ കോളജ് പ്രിൻസിപ്പൽ പ്രഫ. തോംസൺ ജോസഫ്, എ.പി. മുഹമ്മദ് ബഷീർ, സന്ദീപ് സെൻ തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.