ലോഡ്ജിൽ മൂന്നുപേർ മരിച്ച സംഭവം: യുവതിയെ കൊന്നശേഷം അമ്മയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന്​ പൊലീസ്​

കുമളി: തേക്കടിയിലെ ലോഡ്ജിൽ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം അമ്മയും മകനും ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് പൊലീസ്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരമനുസരിച്ചാണ് യുവതിയുടെ മരണം കൊലപാതകമെന്ന് വ്യക്തമാകുന്നതെന്നും പൊലീസ് പറയുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് തേക്കടിയിലെ ബാംബൂ പെരിയാർ ലോഡ്ജിൽ തിരുവനന്തപുരം സ്വദേശി ശോഭന (60), മകൻ പ്രമോദ് പ്രകാശ് (40), ഇയാളുടെ ഭാര്യ തമിഴ്നാട് പുതുപ്പെട്ടി സ്വദേശിനിയും കാഞ്ചിപുരത്ത് സ്ഥിരതാമസക്കാരിയുമായിരുന്ന ജീവ (39) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരവധി വിസ തട്ടിപ്പുകേസുകളിൽ പ്രതിയാണ് പ്രമോദ് പ്രകാശ്. ഇയാൾക്കെതിരെ വയനാട്, പുൽപ്പള്ളി, തിരുവനന്തപുരം, ആറ്റിങ്ങൽ ഉൾെപ്പടെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകളുണ്ട്. തട്ടിപ്പ് നടത്തി സമ്പാദിക്കുന്ന പണം ഉപയോഗിച്ച്‌ ആഡംബരജീവിതം നയിക്കുകയായിരുന്നു പതിവ്. ആദ്യവിവാഹത്തിൽ ഒരുകുട്ടി ഉണ്ടായ ശേഷം ഭാര്യയെ ഉപേക്ഷിച്ച ഇയാൾ ഫേസ്ബുക്ക് വഴി തമിഴ്നാട് സ്വദേശിനിയായ ജീവയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ജീവയുമൊത്ത് ജീവിതം ആരംഭിച്ചശേഷം ജീവയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന ലക്ഷങ്ങളും സ്വർണാഭരണങ്ങളുമെല്ലാം ആഡംബരജീവിതത്തിനായി വിറ്റുതുലച്ചു. ഒടുവിൽ മുക്കുപ്പണ്ടം ധരിച്ചായിരുന്നു ജീവ, പ്രമോദിനൊപ്പം കഴിഞ്ഞത്. മാതാപിതാക്കളോട് കുടുംബസ്വത്തിലെ വീതം ചോദിച്ചുവാങ്ങാൻ ജീവയെ നിർബന്ധിച്ചിരുന്നതായാണ് വിവരം. പുതുപ്പെട്ടിയിൽ ജീവക്കുണ്ടായിരുന്ന വസ്തുവിൽ നോട്ടമിട്ടായിരുന്നു മൂന്നു മാസമായി കുമളിയിലെ ലോഡ്ജിൽ താമസിച്ചിരുന്നതെന്നാണ് സൂചന. ഭൂമി വാങ്ങിയെടുക്കുന്നത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിലും ആത്മഹത്യയിലും കലാശിച്ചതെന്നാണ് െപാലീസ് നിഗമനം. മൂവരുടെയും മൃതദേഹങ്ങൾ തിങ്കളാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കുമളി പൊലീസ് അന്വേഷണം തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.