ഇടുക്കി ജലാശയത്തിന്​ ഭീഷണിയായി കട്ടപ്പനയാറിൽ ആ​ഫ്രിക്കൻ പായൽ നിറഞ്ഞു

കട്ടപ്പന: കട്ടപ്പനയാറിൽ വൻതോതിൽ കുളവാഴ (പോള) നിറഞ്ഞ് നദിയുടെ ഒഴുക്ക് തടസ്സപ്പെട്ടു. നദിയുടെ ആവാസവ്യവസ്ഥക്കും ഇടുക്കി ജലാശയത്തിനും കടുത്ത ഭീഷണിയാണിത്. ചെകുത്താൻ മലയിൽനിന്ന് ഉത്ഭവിച്ച് ഇടുക്കി ജലാശയത്തിലെ അഞ്ചുരുളിയിൽ പതിക്കുന്ന കട്ടപ്പനയാറിൽ ജലം കാണാനാകാത്ത വിധമാണ് പോള നിറഞ്ഞത്. കാലവർഷം കനത്താൽ ജലപ്രവാഹത്തിൽ കട്ടപ്പനയാറിലെ പോള ഇടുക്കി ജലാശയത്തിൽ ഒഴുകിയെത്തും. ഡാമിലെ ബോട്ടിങ് ഉൾപ്പെടെ നിർത്തിവെക്കേണ്ടിവരും. നൂറുകണക്കിന് പലഭാഗത്തും ഒഴുക്ക് നിലച്ചു. ആറിൻെറ തീരത്തുള്ളവർ കുളിക്കാനും കുടിക്കാനും ഈ വെള്ളത്തെയാണ് ആശ്രയിക്കുന്നത്. കൂടാതെ ശുദ്ധജല പദ്ധതികൾക്കായും ആറിൽനിന്നുള്ള വെള്ളം ഉപയോഗപ്പെടുത്തുന്നുണ്ട്. പോള നിറഞ്ഞ് വെള്ളത്തിൻെറ ഒഴുക്ക് നിലച്ചാൽ വൻതോതിൽ മാലിന്യം അടിഞ്ഞുകൂടാനും സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്. ജലജീവികളുടെ നിലനിൽപിനും ഇതു ഭീഷണിയാണ്. 1985ൽ ഇടുക്കി ജലാശയത്തിൽ ആഫ്രിക്കൻ പായൽ നിറഞ്ഞത് വലിയ ഭീഷണി ഉയർത്തിയിരുന്നു. പിന്നീട് ഇത് നശിപ്പിക്കാൻ ഏറെ പരിശ്രമിക്കേണ്ടിവന്നു. കായലിൽ ഉപ്പുവെള്ളം കയറുമ്പോൾ പോള ചീഞ്ഞ് നശിക്കുമെങ്കിലും ഹൈറേഞ്ചിലെ ആറുകളിലും തോടുകളിലും ഇവ നിറഞ്ഞാൽ നശിക്കാതെ വരുന്നത് കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കാൻ കാരണമാകും. ജില്ലയിലെ ഭൂരിഭാഗം ആറുകളും തോടുകളുമെല്ലാം ഒഴുകി അണക്കെട്ടുകളിലേക്കാണ് എത്തുന്നത്. ഉറവിടത്തിൽ തന്നെ പോള നശിപ്പിക്കാനുള്ള നടപടി സ്വീകരിച്ചെങ്കിൽ മാത്രേമ ഇവയുടെ ശല്യത്തിൽനിന്ന് രക്ഷനേടാൻ കഴിയുകയുള്ളൂവെന്നാണ് വിലയിരുത്തൽ. ഇടക്കിടെ വാരിക്കളഞ്ഞാൽ പോളയുടെ പിടിയിൽനിന്ന് ആറിനെ മോചിപ്പിക്കാൻ കഴിഞ്ഞേക്കും. അതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. പോളകൊണ്ട് ജലാശയം നിറഞ്ഞാൽ സൂര്യപ്രകാശവും ഓക്‌സിജനും താഴെയുള്ള ജലത്തിലേക്കു കടക്കില്ല. മത്സ്യസമ്പത്തിനും നദിയുടെ ആവാസവ്യവസ്ഥക്കും ഇതാണ് ഭീഷണിയാകുന്നത്. ഒഴുക്ക് ഇല്ലാതെ കിടക്കുന്ന ജലത്തിൽ കൊതുക് പെരുകുന്നത് പ്രദേശത്ത് കടുത്ത ആരോഗ്യപ്രശ്നങ്ങളും ഉയർത്തും. പോള നീക്കാൻ ശ്രമവുമായി നഗരസഭ കട്ടപ്പന: കട്ടപ്പനയാറിൻെറ കൈവഴികളിൽ നിറഞ്ഞ ആഫ്രിക്കൻ പോളകൾ നീക്കാൻ നഗരസഭ ആരോഗ്യവകുപ്പ് ശ്രമം തുടങ്ങി. ആറിൻെറ കൈവഴികളിൽ ആശങ്കയുണർത്തുന്ന രീതിയിൽ ആഫ്രിക്കൻ പോള നിറഞ്ഞതിനെ തുടർന്നാണിത്. വ്യാഴാഴ്ച മുതൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചാവും പോളകൾ നീക്കുക. ആറ്റിൽ വൻതോതിൽ പോള തിങ്ങിവളർന്നതോടെ പ്രദേശത്ത് കൊതുകുശല്യം രൂക്ഷമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.