യുവാവിനെ മൂന്നാറിലെത്തിച്ച് യുവതി പണം തട്ടി; സഹായികളായ നാലുപേർ പൊലീസ്​ പിടിയിൽ

മൂന്നാർ: യുവാവിനെ വശീകരിച്ച് മൂന്നാറിലെത്തിച്ച യുവതി പണം തട്ടിയെടുത്തതായി പരാതി. എറണാകുളം സ്വദേശിയായ യുവാവാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ പൊലീസ് നാലുപേരെ പിടികൂടി. ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തുവരുന്ന സൈമൺ (20), നിബിൻ (18), സുബിൻ (20), അബിൻ (19) എന്നിവരെയാണ് പിടികൂടിയത്. മേയ് 28നാണ് യുവാവിനെ കൂട്ടി യുവതി മൂന്നാറിലെത്തി മൂന്നാർ കോളനിയിലെ ഒരു ലോഡ്ജിൽ മുറിയെടുത്തത്. മുറിയിൽ കടന്ന് അൽപസമയത്തിനകം യുവതിയുടെ സംഘത്തിലെ എറണാകുളം സ്വദേശികളായ രണ്ടുപേർ മുറിയിലെത്തി കതകടച്ച് യുവാവിനെ ബലമായി കീഴ്‌പ്പെടുത്തുകയും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാല തട്ടിയെടുക്കുകയും ചെയ്തു. എ.ടി.എം കാർഡ് തട്ടിയെടുത്ത് അക്കൗണ്ടിലുണ്ടായിരുന്ന 20,000 രൂപയും പിൻവലിച്ചു. മൂന്നാറിലെ ടൂറിസ്റ്റ് ഗൈഡുകളായി പ്രവർത്തിച്ചിരുന്ന യുവാക്കളുടെ ഒത്താശയോടെയാണ് പണവും ആഭരണവും തട്ടിയെടുത്തത്. സംഭവസമയം ഭയം നടിച്ചുനിന്ന യുവതിയെക്കുറിച്ച് പരാതിക്കാരന് സംശയം തോന്നിയിരുന്നില്ല. എന്നാൽ, മൂന്നാറിലുള്ളവരുമായി യുവതി ഇടപഴകിയ രീതി യുവാവിൽ സംശയം ജനിപ്പിച്ചു. പിന്നീട് സ്വഭാവത്തിലും പന്തികേട് കണ്ട യുവാവ്, തന്ത്രപൂർവം ഒരുക്കിയ കെണിയാണെന്ന് മനസ്സിലാക്കിയതോടെയാണ് മൂന്നാറിലെത്തി പൊലീസിൽ പരാതി നൽകിയത്. പിടിയിലായ പ്രതികളെ ദേവികുളം മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങി. ഇത്തരത്തിൽ മുമ്പും സംഭവങ്ങളുണ്ടായിട്ടുള്ളതായും യുവതിയുടെ പെരുമാറ്റത്തിൽനിന്ന് അത് മനസ്സിലായതായും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. സാമ്പത്തിക ശേഷിയുള്ള യുവാക്കളെയാണ് യുവതി വശീകരിച്ച് കെണിയിൽപെടുത്തുന്നതെന്നാണ് സൂചന. നിരവധി യുവാക്കളുടെ പണം ഇത്തരത്തിൽ നഷ്ടപ്പെട്ടിട്ടുള്ളതായാണ് സൂചന. യുവതിക്കും സഹായികളായ ഉമേഷ്, നിഖിൽ എന്നിവർക്കുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.