മുല്ലപ്പെരിയാർ ജലം നിറഞ്ഞ വൈഗ അണക്കെട്ട് തുറന്നു: മൂന്നാം മുന്നറിയിപ്പ് നൽകി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്നുള്ള ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞു. 71 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 69 അടിയായി ഉയർന്നതോടെ ഇവിടെനിന്ന് മധുര, രാമനാഥപുരം ജില്ലകളിലേക്ക് ജലം തുറന്നുവിട്ടു. മുല്ലപ്പെരിയാറി​െൻറ വൃഷ്ടി പ്രദേശത്തിനൊപ്പം തമിഴ്നാട്ടിലും മഴ തുടരുന്നതാണ് വൈഗ നിറച്ചത്. സെക്കൻഡിൽ 3946 ഘനയടി ജലമാണ് വൈഗയിലേക്ക് ഒഴുകിയെത്തുന്നത്. ഇവിടെനിന്ന് സെക്കൻഡിൽ 3916 ഘനയടി ജലമാണ് മധുരയിലേക്ക് തുറന്നുവിട്ടിട്ടുള്ളത്. കൂടുതൽ ജലം തുറന്നുവിടാൻ സാധ്യതയേറിയതോടെ ജലം ഒഴുകുന്ന കനാലിന് സമീപം താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കലക്ടർമാർ മൂന്നാംഘട്ട മുന്നറിയിപ്പ് നൽകി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും മുല്ലപ്പെരിയാറിലെ ജലനിരപ്പും മാറ്റമില്ലാതെ തുടരുകയാണ്. 134.35 അടിയാണ് ഇപ്പോൾ ജലനിരപ്പ്. സെക്കൻഡിൽ 2918 ഘനയടി ജലമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിലേക്ക് 2000 ഘനയടി ജലം തുറന്നുവിട്ടിട്ടുണ്ട്. വൃഷ്ടിപ്രദേശമായ പെരിയാർ വനമേഖലയിൽ 14.2ഉം തേക്കടിയിൽ 1.5 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. വൈഗ അണക്കെട്ടിലെ ജലനിരപ്പ് 72 പിന്നിടുകയും മുല്ലപ്പെരിയാർ ജലനിരപ്പ് 139ന് മുകളിലേക്ക് ഉയരുകയും ചെയ്താൽ ജലനിരപ്പ് നിയന്ത്രിക്കാൻ ഇടുക്കി സംഭരണിയിലേക്ക് ജലം തുറന്നുവിടേണ്ട സാഹചര്യമുണ്ടാകുമെന്നാണ് അധികൃതർ പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.