ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍

അടിമാലി: വേനല്‍ കടുത്തതോടെ ജില്ലയിലെ മലയോര ഗ്രാമങ്ങള്‍ വരള്‍ച്ചയുടെ പിടിയില്‍. കിണറുകളും ജലാശയങ്ങളും വറ്റിവരണ്ട് ജനം ദാഹജലത്തിനായി നെട്ടോട്ടത്തിലാണ്. താഴ്ന്ന, ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒരുപോലെ ജലനിരപ്പ് താഴ്ന്നു. അടിക്കടി ജലനിരപ്പ് താഴുന്നതില്‍ ജനങ്ങളില്‍ ആശങ്കയുണര്‍ത്തി. ചൂട് വര്‍ധിച്ചത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയായി. കാര്‍ഷകവിളകളില്‍ ഭൂരിഭാഗവും കരിഞ്ഞുണങ്ങി. തോടുകളും മറ്റും വറ്റിയത് കൃഷിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇടക്ക് പെയ്ത വേനല്‍മഴ അല്‍പം ആശ്വാസം പകര്‍ന്നെങ്കിലും ജലക്ഷാമത്തിന് പരിഹാരമായില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിക്കുള്ള വെള്ളം കിഴക്കന്‍ മേഖലയില്‍ നിന്നാണു കൊണ്ടുപോകുന്നതെങ്കിലും പരിസരവാസികള്‍ക്ക് പദ്ധതികൊണ്ട് പ്രയോജനമില്ല. കിണറുകളില്‍ ജലനിരപ്പ് താഴ്ന്നതോടെ മിക്കയിടങ്ങളിലും കുഴല്‍ക്കിണര്‍ നിര്‍മാണം നടത്തുന്നുണ്ട്. സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി അവധി ദിവസങ്ങളിലും രാത്രിയുമാണ് കുഴല്‍ക്കിണര്‍ നിര്‍മാണം. ഇതിനായി തമിഴ്നാട്ടില്‍നിന്നുള്ള കുഴല്‍ക്കിണര്‍ നിര്‍മാണ യൂനിറ്റുകള്‍ ഗ്രാമങ്ങളില്‍പോലും ഓഫിസുകള്‍ തുറന്നു. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, രാജകുമാരി, വട്ടവട, കാന്തലൂര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, മറയൂര്‍, പഞ്ചായത്തുകളിലെ ഒരുലക്ഷത്തോളം ആളുകള്‍ കുടിവെള്ളമില്ലാതെ പരക്കംപായുകയാണ്. രാജീവ് ഗാന്ധി, ജപ്പാന്‍, ജലനിധി പദ്ധതികള്‍ നടപ്പാക്കിയ പഞ്ചായത്തുകളിലാണ് ഈ സ്ഥിതി. വെള്ളത്തൂവല്‍ പഞ്ചായത്തിലെ ഈട്ടിസിറ്റി, ആനച്ചാല്‍, തോക്കുപാറ, ഒഴുകാസിറ്റി തുടങ്ങിയ ഭാഗങ്ങളിലും കൊന്നത്തടി പഞ്ചായത്തില്‍ ഇഞ്ചപ്പതാല്‍, കണ്ണാടിപ്പാറ, പണിക്കന്‍കുടി, ചിന്നാര്‍, കമ്പിളികണ്ടം തുടങ്ങിയ സ്ഥലങ്ങളിലുമായി നിര്‍മിച്ച പദ്ധതികളിലെല്ലാം തന്നെ വെള്ളമില്ല. കമ്പിളികണ്ടം കുരുവിളാ സിറ്റിയില്‍ 1.65 ലക്ഷം ലിറ്റര്‍ സംഭരണ ശേഷിയുള്ള ജലസംഭരണി പൂര്‍ത്തിയാക്കിയിട്ട് എട്ടുവര്‍ഷം പിന്നിട്ടു. ചിന്നക്കനാല്‍ മുന്നൂറ്റിയൊന്നുകോളനിയില്‍ കഴിയുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് കുടിവെള്ളമില്ല. കാട്ടാനയെ പേടിച്ചുകഴിയുന്ന ആദിവാസികള്‍ കുടിവെള്ളത്തിനായി ആനയിറങ്കല്‍ അണക്കെട്ടിലത്തെണം. അണക്കെട്ടിനോടുചേര്‍ന്ന് കുഴികളുണ്ടാക്കിയാണ് സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത്. വീടുകളില്‍നിന്ന് ഒരുകിലോമീറ്റര്‍ വരെ കാട്ടിലൂടെ നടന്നുവേണം ഇവര്‍ക്ക് അണക്കെട്ടിലത്തൊന്‍. 2003ല്‍ ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഭൂമിനല്‍കി 301 കോളനിയില്‍ കുടിയിരുത്തിയ കുടുംബങ്ങള്‍ക്ക് കുടിവെള്ളമുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. 2006ല്‍ 68 ലക്ഷം രൂപയുടെ കുടിവെള്ളപദ്ധതി അനുവദിച്ചെങ്കിലും അത് അട്ടിമറിക്കപ്പെട്ടു. സൂര്യനെല്ലി തോട്ടില്‍നിന്നുള്ള മലിനജലം ആദിവാസിഗ്രാമങ്ങളിലേക്ക് നല്‍കാന്‍ നാല് ടാങ്ക് നിര്‍മിച്ചതൊഴിച്ചാല്‍ പദ്ധതിവഴി ഒരുതുള്ളി വെള്ളംപോലും നല്‍കാന്‍ കഴിഞ്ഞില്ല. മറയൂരില്‍നിന്നുള്ള ആദിവാസികളെ കുടിയിരുത്തിയ പ്രദേശങ്ങളിലാണ് വേനലായതോടെ കുടിവെള്ളക്ഷാമം രൂക്ഷമായത്. വെള്ളമില്ലാത്തതിനാല്‍ കാര്‍ഷികവിളകളും കരിഞ്ഞുണങ്ങുകയാണ്. കാട്ടാനശല്യം രൂക്ഷമായ ഈ ഭാഗത്ത് സ്ത്രീകള്‍ കുടിവെള്ളത്തിനായി അണക്കെട്ടിലേക്കുപോകുന്നത് ഭീതിയോടെയാണ്. അടിമാലി പഞ്ചായത്തിലെ ചില്ലിത്തോട് ഹരിജന്‍ കോളനിയില്‍ വെള്ളമില്ലാതെ ജനങ്ങള്‍ ദുരിതത്തിലാണ്. ഒന്നര കിലോമീറ്റര്‍ അകലെനിന്ന് വെള്ളം കൊണ്ടുവന്നാണ് ഇവര്‍ എല്ലാ കാര്യങ്ങളും നിര്‍വഹിക്കുന്നത്. മുടിപ്പാറ, കമ്പിലൈന്‍, തോണിപ്പാറ, ചിന്നപ്പാറ, പഴംബ്ളിച്ചാല്‍, നെല്ലിപ്പെട്ടികുടി എന്നിവിടങ്ങളിലും കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. കാര്‍ഷിക മേഖലയില്‍ ജാതി, വാഴ, പച്ചക്കറി, കുരുമുളക്, ഏലം മുതലായ കൃഷികള്‍ കടുത്ത വേനലില്‍ കരിഞ്ഞുണങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.