ചോമ്പാല പൊലീസ് സ്​റ്റേഷന് കെട്ടിട നിർമാണം അവസാനഘട്ടത്തില്‍

വടകര: പരിമിതികളില്‍ വീർപ്പുമുട്ടുന്ന ചോമ്പാല പൊലീസ് സ്റ്റേഷന് സ്വന്തം കെട്ടിടമാകുന്നു. കെട്ടിട നിര്‍മാണം അവസാന ഘട്ടത്തിലാണ്. നിലവിലെ സാഹചര്യത്തില്‍ ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാര്‍ അധീനതയിലുള്ള കേരള പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോർപറേഷനാണ് നിർമാണ ചുമതല. നിലവിലുള്ള പൊലീസ് സ്റ്റേഷ‍ൻെറ മുന്നിലുള്ള ഹെല്‍ത്ത് സൻെററി‍ൻെറ തെക്കുഭാഗത്തായി സ്റ്റേഷനുവേണ്ടി അനുവദിച്ച് 13 സൻെറ് സ്ഥലത്താണ് കെട്ടിടം പൂര്‍ത്തിയാവുന്നത്. ഈ സ്ഥലം അനുവദിച്ച് വര്‍ഷങ്ങളോളമുള്ള കാത്തിരിപ്പിനു ശേഷമാണ് ഫണ്ട് ലഭിച്ചത്. 80 ലക്ഷം രൂപയാണ് അനുവദിച്ചത്. പണി ആരംഭിച്ച് 10 മാസംകൊണ്ട് ഇരുനില കെട്ടിട്ടം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരുന്നത്. എന്നാല്‍, ഒരു വര്‍ഷംകൊണ്ട് 80 ശതമാനം പ്രവൃത്തിയും പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. കെ.പി.എച്ച്.സി.സി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ വളയം, നാദാപുരം, വടകര എസ്.പി ഓഫിസ് തുടങ്ങിയ കെട്ടിടങ്ങള്‍ നിർമാണ തകരാര്‍ കാരണം ചോര്‍ന്നൊലിക്കുന്നുവെന്ന പരാതി നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍, ചോമ്പാല സ്റ്റേഷന്‍ നിർമാണപ്രവൃത്തി കുറ്റമറ്റ രീതിയിലാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ജീവനക്കാരും. 2009ലാണ് അഴിയൂര്‍ കൃഷിഭവന്‍ കെട്ടിടത്തിന് മുകളില്‍ ചോമ്പാല സ്റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. പ്രാഥമിക ആവശ്യങ്ങള്‍ക്കുപോലും സൗകര്യമില്ലാത്ത കെട്ടിടത്തിലാണ് സ്റ്റേഷ‍ൻെറ ഇപ്പോഴത്തെ പ്രവര്‍ത്തനം. സ്റ്റേഷന്‍ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് ജീവനക്കാരുടെയും ദിനംപ്രതി വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവരുടെയും ആഗ്രഹം. അഴിയൂര്‍, ഒഞ്ചിയം പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് ചോമ്പാല പൊലീസ് സ്റ്റേഷന്‍. വടകര താലൂക്ക് വികസന സമിതിയിലടക്കം സ്റ്റേഷന് സ്വന്തം കെട്ടിടം പണിയുന്നതു സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. അഴിയൂര്‍ പഞ്ചായത്ത് 13 സൻെറ് റവന്യൂ ഭൂമി കുഞ്ഞിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനു സമീപം കെട്ടിടം നിർമാണത്തിനായി ആഭ്യന്തര വകുപ്പിന് കൈമാറിയിട്ട് മൂന്നര വര്‍ഷത്തോളമായി. നേരേത്ത എടച്ചേരി പൊലീസ് സ്റ്റേഷ‍ൻെറ പരിധിയിലുള്ള സ്ഥലമാണ് ചോമ്പാല പൊലീസ് സ്റ്റേഷനായി വിഭജിച്ച് കൊടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.