ട്രാന്‍സ്ഫോമര്‍ തകരാറില്‍: പുത്തൂര്‍ 110 കെ.വി.യില്‍നിന്നുള്ള വൈദ്യുതിവിതരണം അവതാളത്തില്‍

വടകര: പുത്തൂര്‍ 110 കെവി സബ് സ്റ്റേഷനിലെ ട്രാന്‍സ്ഫോമര്‍ തകരാറിലായതിനെ തുടര്‍ന്ന് വടകര മേഖലയിലെ വൈദ്യുതിവിതരണം താളം തെറ്റുന്നു. 12.5 മെഗാവാട്ട് ട്രാന്‍സ്ഫോമര്‍ തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഇതിനെ തുടര്‍ന്ന്, പുത്തൂര്‍ സബ് സ്റ്റേഷനില്‍നിന്ന് വൈദ്യുതി ലഭിക്കുന്ന വടകര നോര്‍ത്ത്, വടകര സൗത്ത്, വടകര ബീച്ച് , മുട്ടുങ്ങല്‍, അഴിയൂര്‍, മണിയൂര്‍, തിരുവള്ളൂര്‍ എന്നീ സെക്ഷനുകളില്‍ വൈദ്യുതി മുടക്കം പതിവായിരിക്കുകയാണ്. ഓര്‍ക്കാട്ടേരി 220 കെ.വി സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതിയാണ് താല്‍ക്കാലികമായി ചിലയിടങ്ങളില്‍ ഉപയോഗിക്കുന്നത്. തകരാറിലായ ട്രാന്‍സ്ഫോമര്‍ മാറ്റുന്നത് നീളുകയാണ്. എത്ര ദിവസത്തിനുള്ളില്‍ മാറ്റി സ്ഥാപിക്കുമെന്ന കാര്യത്തില്‍ ഒരു ഉറപ്പും നല്‍കുന്നില്ലെന്ന ആക്ഷേപം ഉയരുകയാണ്. ചൂടുകാലം ആരംഭിച്ചതോടെ വൈദ്യുതി ഉപഭോഗം കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ വൈദ്യുതിമുടക്കം വര്‍ധിക്കാനാണ് സാധ്യത. കൂടുതല്‍ ശേഷിയുള്ള ട്രാന്‍സ്ഫോമര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയെങ്കിലും ചുവപ്പുനാടയില്‍ കുടുങ്ങിയിരിക്കുകയാണ്. ഇതി‍ൻെറ ദുരിതം ഏറെ അനുഭവിക്കുന്നത് സെക്ഷന്‍ ഓഫിസിലെ ജീവനക്കാരാണ്. വൈദ്യുതി മുടക്കത്തെ കുറിച്ച് ഉപഭോക്താക്കളുടെ പരാതികള്‍ക്ക് മറുപടി പറയാന്‍ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്. 110 കെ.വി. സബ്സ്റ്റേഷനിലെ മറ്റ് മൂന്ന് ട്രാന്‍സ്ഫോര്‍മര്‍ ഉപയോഗിച്ചാണ് നിലവില്‍ വൈദ്യുതിവിതരണം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.