മദ്യക്കടത്തുകാര്‍ ​െഹെടെക് വാഹനത്തില്‍; എക്സൈസിപ്പോഴും ഇഴഞ്ഞുനീങ്ങുന്നു

ചെക്ക്പോസ്റ്റ് വടകര ബ്ലോക്ക് ഓഫിസ് പരിസരത്തേക്ക് മാറ്റിയ നടപടിക്കെതിരെ വിമര്‍ശനം ഉയരുകയാണ് വടകര: മദ്യക്ക ടത്തുകാര്‍ െഹെടെക് വാഹനങ്ങളെ ആശ്രയിക്കുമ്പോഴും എക്സൈസിപ്പോഴും ഇഴഞ്ഞു നീങ്ങുന്നു. ആഡംബര വാഹനങ്ങളില്‍ മദ്യം കടത്തുന്നത് അടുത്തകാലത്തായി വര്‍ധിച്ചിരിക്കയാണ്. അധികൃതര്‍ സംശയിക്കില്ലെന്നതാണ് ഇത്തരം വാഹനങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പ്രേരിപ്പിക്കുന്നത്. വന്‍ മാഫിയയായി മദ്യക്കടത്തുകാര്‍ മാറിയിട്ടും പരിമിതികളില്‍ വീര്‍പ്പുമുട്ടുകയാണ് എക്സൈസ് ചെക്ക്പോസ്റ്റ്. അഴിയൂരില്‍ എക്സൈസിന് സ്വന്തമായി വാഹനം വേണമെന്ന ആവശ്യം ഉയർന്നിട്ട് കാലങ്ങളായി. നിലവില്‍ വടകരയില്‍ നിന്നും ജീപ്പ് അഴിയൂരിലെത്തുമ്പോഴാണ് നേരിയ ആശ്വാസം. അല്ലാത്ത വേളയില്‍ ചീറിപ്പായുന്ന വാഹനത്തിനുനേരെ കൈനീട്ടി നില്‍ക്കാനേ കഴിയൂ. ഇത്തരം ബലഹീനതകള്‍ കൂടി മനസ്സിലാക്കിയാണ് മാഹിയില്‍ നിന്നുള്ള മദ്യക്കടത്തെന്ന് പറയുന്നു. ചെക്ക് പോസ്റ്റിലെ പ്രവര്‍ത്തനം കൃത്യമായി നിരീക്ഷിച്ചതിനു ശേഷമാണ് മദ്യക്കടത്ത്. ഇതിനിടെ, അഴിയൂരിലെ എക്സൈസ് ചെക്ക്പോസ്റ്റിപ്പോള്‍, ചോമ്പാലയിലെ വടകര ബ്ലോക്ക് ഓഫിസ് പരിസരത്തേക്ക് മാറ്റി. ഈ നടപടി അശാസ്ത്രീയമാണെന്ന ആക്ഷേപം ശക്തമാണ്. അഴിയൂരിൽ ചെക്ക്പോസ്റ്റ് നില്‍ക്കുന്ന സ്ഥലം തലശ്ശേരി -മാഹി ബൈപാസ് നിർമാണത്തിനായി ഏറ്റെടുത്തതോടെയാണ് ഈ സ്ഥലംമാറ്റം. ചെക്ക്പോസ്റ്റിനായി മൊഡ്യൂള്‍സ് സ്ഥാപിച്ചതു മുതൽ ഇടവും വലവും തലശ്ശേരി, വടകര ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പുകേന്ദ്രങ്ങളാണ്. കൂടാതെ തൊട്ടു മുന്നില്‍ റോഡ് മുറിച്ചുകടക്കാനായി സീബ്രാലൈനും. ദേശീയ പാതയില്‍ ചെറിയ വളവുള്ള സ്ഥലം കൂടിയാണിത്. ഗതാഗതക്കുരുക്കും അപകട സാധ്യതയും ഏറെയാണ്. മാഹിയില്‍ നിന്ന് കേരളത്തി‍ൻെറ വിവിധ ഭാഗങ്ങളിലേക്ക് മദ്യക്കടത്ത് തടയുകയാണ് ചെക്ക്പോസ്റ്റി‍ൻെറ ലക്ഷ്യമെങ്കിലും മറ്റു വഴികളിലൂടെയും മദ്യക്കടത്ത് സജീവമാണ്. ഇതില്‍ പ്രധാനം കുഞ്ഞിപ്പള്ളി മേല്‍പാലത്തിലൂടെ മോന്താല്‍, ഓര്‍ക്കാട്ടേരി വഴിയാണ്. അഴിയൂരിനും കുഞ്ഞിപ്പള്ളിക്കും ഇടയില്‍ ചെക്ക്പോസ്റ്റ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സ്ഥലം മാറ്റത്തോടെ ജീവനക്കാര്‍ക്ക് പ്രാഥമികാവശ്യത്തിനായി സൗകര്യങ്ങളൊന്നും ഇവിടെയില്ല. ചരക്കുലോറികളും മറ്റും പരിശോധിക്കാനായി സംവിധാനങ്ങളും ഇവിടെയില്ല. കൈകാണിച്ചാല്‍ ഡ്രൈവര്‍ വണ്ടി വശം ചേര്‍ത്ത് നിര്‍ത്തുമെങ്കിലും വേണമെങ്കില്‍ പരിശോധിക്കാം എന്ന ഭാവത്തിലായിരിക്കും. ലോറിക്കു മുകളില്‍ കയറാനോ മറ്റോ കഴിയാത്ത സാഹചര്യത്തില്‍ എക്സൈസ് ഉദ്യോഗസ്ഥരുടെ ആത്മവീര്യം കുറക്കുന്ന സാഹചര്യമാണുണ്ടാകാറെന്ന് പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.