കോവിഡ് കാലത്ത് മാധ്യമപ്രവർത്തകരുടെ പങ്ക് വിലകുറച്ചു കാണാനാകില്ലെന്ന് കർണാടക ഹൈകോടതി

-നഷ്ടപരിഹാരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണം ബംഗളൂരു: കോവിഡ്-19 മഹാമാരിക്കിടെ മാധ്യമപ്രവർത്തകരുടെ പങ്ക് വിലകുറച്ചുകാണാനോ മറച്ചുവെക്കാനോ കഴിയില്ലെന്നും അവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്നും കർണാടക ഹൈകോടതി. കോവിഡ്-19 ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാകണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി പരിഗണിച്ചാണ് ഹൈകോടതിയുടെ നിരീക്ഷണം. നിയമപ്രകാരം മാധ്യമപ്രവർത്തകർക്കും നഷ്ടപരിഹാരം നൽകുന്ന കാര്യം കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പരിഗണിക്കണമെന്നും ഹൈകോടതി നിർദേശിച്ചു. പൊലീസുകാർ, ഡോക്ടർമാർ, നഴ്സുമാർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയ അവശ്യ സർവിസ് മേഖലയിൽ ജോലിയെടുക്കുന്നവരെപോലെ തന്നെയാണ് പത്ര, ദൃശ്യ മാധ്യമ പ്രവർത്തകർ ജോലിയെടുക്കുന്നത്. മഹാമാരിയുടെ പ്രത്യാഘാതം സംബന്ധിച്ച് എല്ലാ ഭാഗത്തുനിന്നുമുള്ള കൃത്യമായ വിവരങ്ങൾ പൗരന്മാരിൽ എത്തിക്കുന്ന കടമയാണ് അവർ നിർവഹിക്കുന്നതെന്നും നഷ്ടപരിഹാരത്തിന് അർഹരാണെന്നും കോടതി ചൂണ്ടിക്കാട്ടി. ബംഗളൂരു സ്വദേശിയായ ജേക്കബ് ജോർജ് നൽകിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് സൂരജ് ഗോവിന്ദ് രാജ് എന്നിവരടങ്ങിയ ഹൈകോടതി ഡിവിഷൻ ബെഞ്ച് ആവശ്യമായ തുടർ നടപടി സ്വീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് നിർദേശം നൽകിയത്. മേയ് 15നാണ് കോടതി ഇതുസംബന്ധിച്ച നിർദേശം നൽകിയതെങ്കിലും ഇപ്പോഴാണ് ഉത്തരവ് പുറത്തുവിട്ടത്. ആരോഗ്യ പ്രവർത്തകർക്ക് നൽകുന്നതുപോലെ കോവിഡ് ബാധിച്ച് മരിക്കുന്ന മാധ്യമപ്രവർത്തകർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്. വാർത്താശേഖരണത്തിനായി തീവ്രബാധിത മേഖലയിൽ ഉൾപ്പെടെ ജീവൻ പണയപ്പെടുത്തിയാണ് മാധ്യമപ്രവർത്തകർ േപാകുന്നത്. എന്നാൽ, ആരോഗ്യപ്രതിസന്ധിയിൽ ഉത്തരവാദിത്തത്തോടെ ശരിയായ വാർത്തകളായിരിക്കണം നൽകേണ്ടതെന്നും വാർത്തകൾ വളച്ചൊടിച്ച് ജനങ്ങളിൽ അനാവശ്യ പരിഭ്രാന്തിയുണ്ടാക്കരുതെന്നും കോടതി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.