ബെള്ളാരിയിൽ നഴ്സിന് കോവിഡ്; പി.പി.ഇ കിറ്റ് ശരിയായി ധരിച്ചിട്ടുണ്ടാകില്ലെന്ന് അധികൃതർ

ബംഗളൂരു: ബെള്ളാരി ഗവ. ജില്ല ആശുപത്രിയിൽ കോവിഡ് രോഗികളെ ചികിത്സച്ചിരുന്ന 35 കാരനായ മെയിൽ നഴ്സിന് കോവിഡ് സ്ഥിരീകരിച്ചത് ആരോഗ്യപ്രവർത്തകർക്കിടയിൽ ആശങ്കയുണ്ടാക്കുന്നു. പി.പി.ഇ കിറ്റ് ഉൾപ്പെടെ ധരിച്ച് കർശന സുരക്ഷയോടെയാണ് നഴ്സുമാർ ഉൾപ്പെടെയുള്ളവർ കോവിഡ് രോഗികളെ ചികിത്സിക്കുന്നതെന്നും അതിനാൽ കോവിഡ് വാർഡിൽനിന്ന് രോഗം പകരാൻ സാധ്യതയില്ലെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. നഴ്സിന് എവിടെ നിന്നാണ് കോവിഡ് പകർന്നതെന്നുള്ള അന്വേഷണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലും കോവിഡ് രോഗ ലക്ഷണമുള്ളവർ സാമ്പിൾ നൽകാനെത്തുന്ന സ്ഥലത്തും 35 കാരൻ ഡ്യൂട്ടിയിലുണ്ടായിരുന്നു. പി.പി.ഇ കിറ്റ് ധരിക്കുന്നയൊരാൾക്ക് കോവിഡ് വരാൻ ഒരു ശതമാനം പോലും സാധ്യതയില്ലെന്നും എന്നിട്ടും രോഗമുണ്ടായത് എങ്ങനെയാണെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും ബെള്ളാരി ഡെപ്യൂട്ടി കമീഷണർ നകുൽ പറഞ്ഞു. ഒന്നുകിൽ പി.പി.ഇ കിറ്റ് പ്രോട്ടോകോൾ പ്രകാരം ശരിയായ രീതിയിൽ ധരിച്ചില്ല, അല്ലെങ്കിൽ ആശുപത്രിക്ക് പുറത്തുനിന്ന് മറ്റാരെങ്കിലുമായുള്ള സമ്പർക്കത്തിലൂടെ രോഗം വന്നിരിക്കാം. ഈ രണ്ടു സാധ്യതകളാണ് അധികൃതർ പരിശോധിക്കുന്നത്. നഴ്സിൻെറ സമ്പർക്ക പട്ടികയിലുള്ള 15 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവരുടെ സാമ്പിളും പരിശോധനക്കയച്ചു. ആരോഗ്യപ്രവർത്തകർക്ക് നടത്തുന്ന പരിശോധനയിലാണ് നഴ്സിൻെറ സാമ്പിളും പരിശോധിച്ചത്. നേരത്തെ ബംഗളൂരു വിക്ടോറിയ ആശുപത്രിയിലെ 37കാരിയായ നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് സുരക്ഷാ കിറ്റുകൾ നൽകി അനിൽ കുംബ്ലെ ബംഗളൂരു: ബംഗളൂരു പൊലീസിന് മുൻ ക്രിക്കറ്റ് താരം അനിൽ കുംബ്ലെ സുരക്ഷാ കിറ്റുകൾ കൈമാറി. സിറ്റി പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവുവിനെ അദ്ദേഹത്തിൻെറ ഓഫിസിലെത്തി സന്ദര്‍ശിച്ചാണ് കിറ്റുകള്‍ കൈമാറിയത്. മാസ്‌ക്, സാനിറ്റൈസര്‍, ലിക്വിഡ് സോപ്പ്, ജനറിക് മെഡിസിന്‍ എന്നിവയടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. കോവിഡ് വ്യാപനത്തില്‍ നിന്ന് ജനങ്ങളെ സുരക്ഷിതരായി നിര്‍ത്തുന്നതിന് ബംഗളൂരു പൊലീസ് നടത്തി വരുന്ന സേവനങ്ങള്‍ക്കു നന്ദിയുണ്ടെന്ന് അനിൽ കുംബ്ലെ മാധ്യമങ്ങളോട് പ്രതികരിച്ചു. കോവിഡ് പോരാളികളായ പൊലീസുകാര്‍ക്ക് സുരക്ഷാ കിറ്റുകള്‍ നല്‍കിയ അനില്‍ കുംബ്ലെക്ക് നന്ദി അറിയിക്കുന്നതായി സിറ്റി പൊലീസ് കമീഷണര്‍ ഭാസ്‌കര്‍ റാവുവും പറഞ്ഞു. 'ശ്രമിക് ട്രെയിൻ' റദ്ദാക്കി; പ്രതിഷേധവുമായി തൊഴിലാളികൾ -രണ്ടുദിവസത്തിനിടെ 11 ട്രെയിനുകളാണ് റദ്ദാക്കിയത് ബംഗളൂരു: മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങാനുള്ള ശ്രമിക് ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കിയതിനെ തുടർന്ന് പ്രതിഷേധുവമായി തൊഴിലാളികൾ. ട്രെയിൻ ഉണ്ടെന്നറിഞ്ഞ് ബാഗുമായി റെയിൽവേ സ്റ്റേഷനിലേക്ക് പോകാനെത്തിയ നൂറുകണക്കിന് തൊഴിലാളികളാണ് പെരുവഴിയിലായത്. ആവശ്യത്തിന് യാത്രക്കാരില്ലെന്ന കാരണത്താല്‍ രണ്ടു ദിവസങ്ങളിലായി ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കുള്ള 13 ട്രെയിനുകളാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് റെയില്‍വേ റദ്ദാക്കിയത്. ഉത്തര്‍പ്രദേശ്, ബിഹാര്‍, നാഗാലാന്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളാണ് അപ്രതീക്ഷിതമായി ദക്ഷിണ പശ്ചിമ റെയിൽവേ റദ്ദാക്കിയത്. നാട്ടിൽ പോകുന്നതിനെ തുടർന്ന് പലരും നിലവിലെ വാടക സ്ഥലം ഒഴിഞ്ഞുകൊടുത്താണ് റെയിൽവേ സ്റ്റേഷനിലേക്ക് തിരിച്ചത്. റെയില്‍വേ സ്റ്റേഷനിലേക്കു പോകാന്‍ ബസില്‍ കയറാന്‍ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളിലെത്തിയപ്പോഴാണ് ട്രെയിൻ റദ്ദാക്കിയെന്ന അറിയിപ്പ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ നിരാശരായ തൊഴിലാളികള്‍ പ്രതിഷേധിക്കുകയായിരുന്നു. പലരും ഭാര്യയും ചെറിയ കുട്ടികളുമായിട്ടായിരുന്നു താമസസ്ഥലത്തു നിന്ന് ഇറങ്ങിത്തിരിച്ചത്. നിരവധി പേരുണ്ടായിട്ടും യാത്രക്കാരില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ട്രെയിൻ റദ്ദാക്കിയതിൽ ദുരൂഹതയുണ്ടെന്നാണ് സമൂഹിക പ്രവർത്തകർ ഉൾപ്പെടെ ആരോപിക്കുന്നത്. പെരുവഴിയിലായ തൊഴിലാളികൾക്ക് സന്നദ്ധ സംഘടനകളാണ് താൽകാലിക താമസ സൗകര്യം ഒരുക്കിയത്. ബുധനാഴ്ച ബിഹാറിലേക്കുള്ള നാലു ട്രെയിനും ഉത്തർപ്രദേശിലേക്കുള്ള രണ്ടും വ്യാഴാഴ്ച ബിഹാറിലേക്കുള്ള നാലു ട്രെയിനും ഉത്തര്‍പ്രദേശിലേക്കുള്ള രണ്ടു ട്രെയിനും നാഗാലാന്‍ഡിലേക്കുള്ള ഒരു ട്രെയിനുമാണ് റദ്ദാക്കിയത്. സംസ്ഥാനത്ത് 60 ഐ.സി.എം.ആര്‍. അംഗീകൃത ലാബുകള്‍ ബംഗളൂരു: കര്‍ണാടകത്തില്‍ കോവിഡ്19 പരിശോധനക്കായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ.സി.എം.ആര്‍.) അംഗീകാരം നൽകിയ ലാബുകളുടെ എണ്ണം 60 ആയി. ഇതോടെ ദിവസേന 13,000 സാമ്പിളുകള്‍ പരിശോധിക്കാന്‍ സാധിക്കും. ഫെബ്രുവരിയില്‍ കോവിഡ് പരിശോധനക്ക് ഐ.സി.എം.ആറിൻെറ അനുമതിയുള്ള രണ്ടു ലാബുകള്‍ മാത്രമായിരുന്നു സംസ്ഥാനത്തുണ്ടായിരുന്നത്. മേയ് 31നകം സംസ്ഥാനത്ത് 60 ലാബുകള്‍ സ്ഥാപിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നതെങ്കിലും അതിനു മുമ്പു തന്നെ ലാബുകള്‍ സജ്ജമായിരിക്കുകയാണ്. ഇതില്‍ ഒരു ലാബ് ഒഴികെ മറ്റെല്ലാം പ്രവര്‍ത്തനക്ഷമമാണെന്ന് മന്ത്രി എസ്. സുരേഷ് കുമാര്‍ അറിയിച്ചു. ഫെബ്രുവരിയില്‍ രണ്ടു ലാബുകളായിരുന്ന സ്ഥാനത്തുനിന്ന് മാര്‍ച്ച് ആയപ്പോള്‍ ആറു ലാബുകളായി. ഏപ്രിലില്‍ ലാബുകളുടെ എണ്ണം 17 ആയും ഇപ്പോള്‍ 60 ആയും ഉയരുകയായിരുന്നു. സാമ്പിൾ പരിശോധന വർധിപ്പിച്ച് രോഗ വ്യാപനം നിയന്ത്രണത്തിലാക്കാനുള്ള ഊർജിത ശ്രമത്തിലാണ് കർണാടക. ............
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.