സ്കൂളുകൾ ആഗസ്​റ്റിൽ തുറന്നേക്കും

ബംഗളൂരു: സംസ്ഥാനത്ത് സ്കൂളുകൾ ആഗസ്റ്റിൽ തുറക്കുന്നതിനുള്ള സാധ്യതകൾ തേടി സർക്കാർ. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ, ജൂലൈ മാസങ്ങളിൽ സ്കൂൾ തുറക്കാനാകില്ല. അതിനാൽ തന്നെ ആഗസ്റ്റോടെ അധ്യയനവർഷം ആരംഭിക്കാൻ കഴിയുമോ എന്നാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. എന്നാൽ, ക്ലാസുകൾ ഒാൺലൈനായി വേണോ ക്ലാസ് മുറിയിലാക്കണമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സ്കൂളുകൾ തുറക്കുന്നത് സംബന്ധിച്ച വിശദവിവരങ്ങൾ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രാഥമിക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാര്‍ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ ക്ലാസ് നടത്തുക, കുട്ടികളെ ബാച്ചുകളായി തിരിച്ച് ക്ലാസ് നടത്തുക, ഓണ്‍ലൈന്‍ ക്ലാസ് എന്നിവയാണ് വിദ്യാഭ്യാസ വകുപ്പി‍ൻെറ പരിഗണനയിലുള്ളതെന്ന് മന്ത്രി പറഞ്ഞു. ഒരേദിവസം തന്നെ ഒരു ബാച്ച് വിദ്യാര്‍ഥികള്‍ ക്ലാസില്‍ വരുമ്പോള്‍ മറ്റൊരു ബാച്ച് വിദ്യാര്‍ഥികള്‍ ഓണ്‍ലൈനായി വീട്ടിലിരുന്നു പഠിക്കുന്ന രീതിയാണ് പ്രധാനമായും ചര്‍ച്ചയിലുള്ളത്. എന്നാൽ, നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ ക്ലാസുകളാണ് നല്ലതെന്നും സ്കൂളുകളിലേക്ക് വിദ്യാർഥികളെ എത്തിക്കുന്നത് വെല്ലുവിളിയാണെന്നും ആരോഗ്യ മേഖലയിലുള്ളവർ പറയുന്നു. വിദേശത്തുനിന്ന് 329 പേർ മടങ്ങിയെത്തി ബംഗളൂരു: പ്രത്യേക വിമാനത്തിൽ 329 പേർകൂടി കർണാടകയിൽ തിരിച്ചെത്തി. മാലദ്വീപിൽനിന്നും ദോഹയില്‍നിന്നുമുള്ള രണ്ടു വിമാനങ്ങളാണ് ബംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രിയെത്തിയത്. മാലദ്വീപില്‍നിന്ന് 152 പേരും ദോഹയില്‍നിന്ന് 177 പേരുമാണ് എത്തിയത്. ദോഹയില്‍ നിന്നെത്തിയ വിമാനത്തില്‍ അഞ്ചു കുട്ടികളുണ്ടായിരുന്നു. യാത്രക്കാരെ ആരോഗ്യ പരിശോധനകള്‍ക്കുശേഷം നിർബന്ധിത നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. കര്‍ശന സുരക്ഷ നടപടികളോടെയാണ് യാത്രക്കാരുടെ ബാഗും മറ്റു സാധനങ്ങളും വിമാനത്താവളത്തിന് പുറത്തെത്തിച്ചത്. തുടർന്ന് ഇവരെ പ്രത്യേക ബസുകളിൽ ഹോട്ടലുകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇതുവരെ ഏഴു വിമാനങ്ങളിലായി സംസ്ഥാനത്തേക്ക് ഇതുവരെ 979 പേരെയാണ് തിരിച്ചെത്തിയത്. ബംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളിലേക്കാണ് യാത്രക്കാര്‍ എത്തിയത്. ദുബൈ, ക്വാലാലംപുര്‍, മസ്‌കത്ത്, സൗദി അറേബ്യ, യു.എസ്, മാലദ്വീപ്, ദോഹ എന്നിവിടങ്ങളില്‍നിന്നാണ് വിമാനങ്ങള്‍ എത്തിയത്. ഫാക്ടറികളിലെ ജോലിസമയം ദീർഘിപ്പിച്ചു ബംഗളൂരു: സംസ്ഥാനത്തെ ഫാക്ടറികളില്‍ ജീവനക്കാരുടെ ജോലിസമയം ദിവസം എട്ടു മണിക്കൂറില്‍നിന്ന് 10 മണിക്കൂറായി ദീർഘിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസം തൊഴില്‍ വകുപ്പ് പുറപ്പെടുവിച്ചു. സമയം വർധിപ്പിച്ചതിനെതിരെ പ്രതിഷേധവും ഇതിനകം ശക്തമായിട്ടുണ്ട്. ആഴ്ചയില്‍ 60 മണിക്കൂര്‍ ജോലി ചെയ്യണമെന്നും ഉത്തരവില്‍ പറയുന്നു. 1948ലെ ഫാക്ടറീസ് ആക്ട് പ്രകാരം ഫാക്ടറികളിലെ ജീവനക്കാരുടെ ജോലിസമയം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ട്. ഇതുപ്രകാരമാണ് തൊഴിലാളികളുടെ അഭിപ്രായം തേടാതെ ഏകപക്ഷീയമായി 10 മണിക്കൂറായി ജോലിസമയം ഉയർത്തിയത്. ജോലിസമയം കൂട്ടിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഒാള്‍ ഇന്ത്യ സെന്‍ട്രല്‍ കൗണ്‍സില്‍ ഓഫ് ട്രേഡ് യൂനിയന്‍സ് (എ.ഐ.സി.സി.ടി.യു) പ്രതിഷേധിച്ചു. ജീവനക്കാരെ അടിമപ്പണിയിലേക്കു തള്ളിവിടുന്നതിന് തുല്യമാണിതെന്ന് ഇവര്‍ ആരോപിച്ചു. സംസ്ഥാനത്തെ തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നീക്കം ഈ മാസം ആദ്യം സര്‍ക്കാര്‍ നടത്തിയിരുന്നു. ഇതിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ തൊഴില്‍ വകുപ്പ് സെക്രട്ടറി മണിവണ്ണന്‍ വ്യവസായികളുമായി ചര്‍ച്ച നടത്തി. ജോലിസമയം കുറക്കണമെങ്കിൽ മിനിമം വേതനം കുറക്കണമെന്നും പ്രോവിഡൻറ് ഫണ്ട്, ഇന്‍ഷുറന്‍സ് തുക എന്നിവ കുറക്കണമെന്നുമായിരുന്നു ചര്‍ച്ചയില്‍ വ്യവസായികള്‍ ആവശ്യപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.