വ്യാപനം തുടരുന്നു; പുതുതായി 143 പേർക്കുകൂടി കോവിഡ്

-ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1605 ആയി ഉയർന്നു ബംഗളൂരു: കർണാടകയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും വൻ വർധന. വ്യാഴാഴ്ച മാത്രം സംസ്ഥാനത്ത് 143 പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1605 ആയി ഉയർന്നു. വ്യാഴാഴ്ച 15 പേർകൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടി ആശുപത്രി വിട്ടവരുടെ എണ്ണം 573 ആയി ഉയർന്നു. നിലവിൽ 992 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. 143 പേരിൽ 33 പോസിറ്റിവ് കേസുകൾ മാണ്ഡ്യയിലാണ്. മാണ്ഡ്യ (33), ബംഗളൂരു അർബൻ (6), ബെളഗാവി (9), ദാവൻഗരെ (3), മൈസൂരു (1), ഹാസൻ (13), ഉത്തര കന്നട (7), വിജയപുര (1), ദക്ഷിണ കന്നട (5), ഉഡുപ്പി (26), ധാർവാഡ് (5), ശിവമൊഗ്ഗ (6), ബെള്ളാരി (11), ചിക്കബെല്ലാപുര (2), ഗദഗ് (2), തുമകുരു (1), റായ്ച്ചൂർ (5), കോലാർ (2), മറ്റുള്ളവർ (5). വിദേശത്തുനിന്നും എത്തി സർക്കാർ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്ന മറ്റു സംസ്ഥാനങ്ങളിലുള്ളവരും കർണാടകയിൽ രോഗം സ്ഥിരീകരിച്ച ഇതര സംസ്ഥാനക്കാരെയുമാണ് മറ്റുള്ളവരുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവരിൽ അഞ്ചു പേർക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച 143 പേരിൽ 115 പേരും മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയവരാണ്. കേരളത്തിൽനിന്ന് ഉഡുപ്പിയിലെത്തിയ 60കാരിക്കും രോഗം സ്ഥിരീകരിച്ചു. കേരളത്തിൽനിന്ന് മണിപ്പാൽ ആശുപത്രിയിൽ ചികിത്സക്കെത്തിയതാണ് ഇവർ. ദക്ഷിണ കന്നടയിൽ രോഗം സ്ഥിരീകരിച്ച ആറുപേരും കഴിഞ്ഞദിവസം യു.എ.ഇയിൽനിന്ന് എത്തിയവരാണ്. ബംഗളൂരുവിൽ ആറുപേർക്കും സമ്പർക്കം വഴിയാണ് രോഗം പകർന്നത്. ഉഡുപ്പിയിൽ രോഗം സ്ഥിരീകരിച്ചവരിൽ 16 കുട്ടികളും ഉൾപ്പെടുന്നുണ്ട്. ശിവമൊഗ്ഗയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽനിന്നും തിരിച്ചെത്തിയവരാണ് ഇവർ. പാസ് മാത്രം നൽകുന്നതിൽ ബി.എം.ടി.സി മാറ്റം വരുത്തുന്നു ബംഗളൂരു: ബംഗളൂരു നഗരത്തിൽ ബി.എം.ടി.സി ബസ് സർവിസ് പുനരാരംഭിച്ചെങ്കിലും പാസ് മാത്രം നൽകുന്നതിൽ ജനങ്ങൾക്കിടയിൽ പരാതി ഉയരുന്നു. ടിക്കറ്റ് നൽകാതെ ഒരു ദിവസം എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാൻ കഴിയുന്ന 70 രൂപയുടെ പാസാണ് നൽകുന്നത്. ദിവസക്കൂലിക്കാർക്ക് ഉൾപ്പെടെ ഇത് നൽകാനാകില്ലെന്നാണ് പ്രധാന പരാതി. വീട്ടിലേക്ക് മാത്രം മടങ്ങിപ്പോകുന്നവർക്കും ജോലിസ്ഥലത്തേക്ക് വരുന്നവർക്കും ദിനേന 70 രൂപയുടെ പാസ് എടുക്കുന്നത് നഷ്ടമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 70 രൂപയുടെ ദിവസ പാസിനൊപ്പം 300 രൂപയുടെ ആഴ്ച പാസും നൽകുന്നുണ്ട്. സാധാരണയായുള്ള യാത്രക്കാരുടെ പത്തുശതമാനം മാത്രമാണ് ഇപ്പോൾ ബസിൽ കയറുന്നത്. പൊതുഗതാഗത്തിൽ കയറാൻ ആളുകൾ ഇപ്പോൾ മടിക്കുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്. സർവിസ് പുനരാരംഭിച്ചെങ്കിലും രാവിലെയും വൈകീട്ടുമുള്ള സർവിസുകളിൽ മാത്രമാണ് യാത്രക്കാർ കൂടുതലായി കയറുന്നത്. പാസ് നൽകുന്നതിനൊപ്പം ക്യൂ ആർ േകാഡ് സംവിധാനം ഉപയോഗിച്ച് ഇ-വാലറ്റുകളിലൂടെ ടിക്കറ്റ് തുക നൽകാനുള്ള സൗകര്യം വ്യാപിപ്പിക്കാനാണ് ആലോചിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ 70 ബസുകളിലാണ് ക്യൂ.ആർ കോഡ് സജ്ജമാക്കിയിട്ടുള്ളത്. നിർമാണ തൊഴിലാളികൾക്കായി തൊഴിൽ വകുപ്പുമായി സഹകരിച്ച് സൗജന്യ ബസ് പാസും അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. തൊഴിൽവകുപ്പിൽ രജിസ്ട്രർ ചെയ്തിട്ടുള്ള തൊഴിലാളികൾക്ക് തിരിച്ചറിയിൽ രേഖയുടെ രണ്ട് പകർപ്പുമായി ബി.എം.ടി.സി ഒാഫിസിലെത്തിയാൽ സൗജന്യ പാസ് നൽകും. നീന്തലൊഴികെയുള്ള കായിക ഇനങ്ങൾക്ക് അനുമതി ബംഗളൂരു: നീന്തൽ, ബോക്സിങ് എന്നിവ ഒഴികെയുള്ള കായിക മത്സരങ്ങളും പരിശീലനവും കർണാടകയിൽ ആരംഭിക്കാമെന്ന് മന്ത്രി സി.ടി. രവി അറിയിച്ചു. ഫിറ്റ്നസ് സൻെററുകളും സ്വിമ്മിങ് പൂളുകളും തുറക്കുന്നത് സംബന്ധിച്ചും ബോക്സിങ് ആരംഭിക്കുന്നത് സംബന്ധിച്ചും ജൂൺ ഒന്നിനുശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് മാർഗനിർദേശ പ്രകാരമായിരിക്കണം പരിശീലനങ്ങളും മത്സരങ്ങളും നടത്തേണ്ടത്. പരിശീലന കേന്ദ്രങ്ങളിൽ സാനിറ്റൈസറും ടിഷ്യൂ പേപ്പറും നിർബന്ധമാണ്. രോഗ ലക്ഷമുള്ള ആരും പരിശീലനത്തിന് എത്തരുത്. ബാഡ്മിൻറൺ പോലുള്ള കായിക വിനോദങ്ങൾ ആരംഭിക്കുന്നതിന് തടസ്സമില്ല. നാടണയാൻ സഹായവുമായി കെ.എൻ.എസ്.എസ് ബംഗളൂരു: ആന്ധ്രപ്രദേശിൽ നഴ്സിങ് പഠിക്കുന്ന മലയാളി വിദ്യാർഥികളെ ബംഗളൂരുവിൽനിന്ന് സുരക്ഷിതമായി നാട്ടിലേക്ക് അയച്ച് കെ.എൻ.എസ്.എസ്. ഇേൻറൺഷിപ്പിൻെറ ഭാഗമായാണ് മാർച്ചിൽ ഇൗ വിദ്യാർഥികൾ ബംഗളൂരുവിലെത്തിയത്. ലോക്ഡൗണിൽ ബുദ്ധിമുട്ടിലായ ഇവർക്ക് കെ.എൻ.എസ്.എസിൻെറ ഹെൽപ്ലൈൻ ആവശ്യമായ സഹായമെത്തിച്ചു. തുടർന്ന് പാസ് ലഭ്യമാക്കി നാട്ടിലേക്ക് എത്തിക്കാനുള്ള നടപടിയും സ്വീകരിച്ചു. കർണാടക ബി.ജെ.പിയുടെയും ശിവമൊഗ്ഗ എം.പി ബി.വൈ. രാഘവേന്ദ്രയുടെയും സഹായത്തോടെയാണ് നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിച്ചത്. കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻ പലേരി, ജനറൽ സെക്രട്ടറി ആർ. മനോഹരക്കുറുപ്പ് , ജോ. ജനറൽ സെക്രട്ടറി എൻ.ഡി. സതീഷ് എന്നിവർ നേതൃത്വം നൽകി. കെ.എൻ.എസ്.എസിൻെറ ആദ്യ ബസിൽ സൗജന്യമായാണ് വിദ്യാർഥികളെ ബംഗളൂരുവിലെ കനകപുരയിൽനിന്ന് നാട്ടിലേക്കയച്ചത്. ഹെൽപ്ലൈൻ കൺവീനർമാരായ മധു നായർ, അഡ്വ. രാജ്‌മോഹൻ, സുനിൽകുമാർ, സോമശേഖർ ഹരിദാസ്, മോഹൻകുമാർ, പദ്മകുമാർ, ദിലീപ് കുമാർ, സനൽകുമാർ എന്നിവരാണ് യാത്രക്കുള്ള സംവിധാനം ഒരുക്കിയത്. ലോക്ഡൗണിൽ ഒാൺലൈൻ സംവാദവുമായി തപസ്യ ബംഗളൂരു: ഭാരതം മുഴുവൻ കാൽനടയായി സഞ്ചരിച്ച്, വേദ സാഹിത്യം പ്രചരിപ്പിച്ച ശ്രീശങ്കരാചാര്യനാണ് ആദ്യത്തെ പ്രവാസ സാഹിത്യകാരനെന്ന് സാഹിത്യ നിരൂപകനും അധ്യാപകനും തപസ്യയുടെ സംസ്ഥാന ജോ. ജനറൽ സെക്രട്ടറിയുമായ ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ അഭിപ്രായപ്പെട്ടു. തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച ഓൺലൈൻ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.വി. വിജയൻ, എം. മുകുന്ദൻ, ബെന്യാമിൻ തുടങ്ങിയവരുടെ കൃതികളിൽ പ്രവാസികളുടെ ജീവിത തുടിപ്പുകൾ കാണാമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിസമൂഹങ്ങളിൽ സാഹിത്യാഭിമുഖ്യം ഒളിമങ്ങുന്നുവോ എന്ന വിഷയം സാഹിത്യകാരി കെ. കവിത അവതരിപ്പിച്ചു. മാധവിക്കുട്ടി, എം.പി. നാരായണപിള്ള തുടങ്ങിയ മുൻതലമുറയിൽപ്പെട്ട എഴുത്തുകാർക്ക് അന്ന് മാധ്യമങ്ങൾ നൽകിയതുപോലുള്ള പിന്തുണ ഇന്ന് ഇല്ലാത്തതാണ് പ്രവാസി സമൂഹങ്ങളിൽ സാഹിത്യാഭിമുഖ്യം ഒളിമങ്ങാൻ കാരണമെന്ന് കെ. കവിത അഭിപ്രായപ്പെട്ടു. പ്രവാസി സംഘടനകൾ സാഹിത്യത്തിന് ഇന്ന് പണ്ടത്തെ പോലെ പ്രാധാന്യം നൽകാത്തതും സാഹിത്യാഭിമുഖ്യം കുറയാൻ കാരണമായിട്ടുണ്ടെന്നും ചർച്ചയിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഓം നാഥ്, ഉണ്ണികൃഷ്ണൻ, രമ പ്രസന്ന പിഷാരടി, ജി.കെ. കല, ദീപ, ടി.പി. സുനിൽകുമാർ, ജി. ചന്ദ്രശേഖർ, ടി.കെ. രവീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സുനിൽകുമാർ, എം.സി. ജയകുമാർ എന്നിവർ യഥാക്രമം ഡോ. ഉണ്ണിക്കൃഷ്ണനെയും കെ. കവിതയെയും പരിചയപ്പെടുത്തി. ടി.കെ. രവീന്ദ്രൻ സ്വാഗതവും ടി.പി. സുനിൽ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.