കേരളമടക്കം നാലു സംസ്ഥാനങ്ങൾക്ക്​ കർണാടകയിൽ പ്രവേശന വിലക്ക്

blurb 24 മണിക്കൂറിൽ 99 പേർക്ക് കോവിഡ്: ബംഗളൂരു: കർണാടകയിൽ ആശങ്ക ഉയർത്തി കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതോടെ നാലു സംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവർക്ക് പ്രവേശനം വിലക്കി കർണാടക. മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, കേരളം എന്നിവിടങ്ങളിൽനിന്നും കർണാടകയിലേക്ക് എത്തുന്നവർക്കാണ് മേയ് 31വരെ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ സംസ്ഥാനത്തേക്ക് മടങ്ങാൻ സേവാ സിന്ധു വെബ്സൈറ്റ് വഴിയുള്ള കർണാടകയുടെ പാസുകൾ ലഭിച്ചിട്ടുള്ളവർക്ക് എത്തുന്നതിൽ തടസ്സമില്ല. മറ്റു അടിയന്തര സാഹചര്യമുള്ളവർക്കും അവശ്യ സർവിസുകൾക്കും ഒഴികെയുള്ളവർക്ക് പ്രവേശാനുമതി നൽകില്ലെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും ആളുകളെ പിന്നീട് പ്രവേശിപ്പിക്കുക. മുംബൈ, ആന്ധ്രപ്രദേശ്, ചെന്നൈ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്ന് എത്തിയവരിലൂടെ രോഗികളുടെ എണ്ണം ഉയർന്നതോടെയാണ് നിയന്ത്രണം കടുപ്പിച്ചത്. എന്നാൽ, കേരളത്തിൽനിന്നും മടങ്ങിയെത്തിയ ഒരാൾക്കുപോലും ഇതുവരെ കർണാടകയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. നാലാം ഘട്ട ലോക്ഡൗണിൽ ഇരു സംസ്ഥാനങ്ങളുടെയും പരസ്പര സമ്മതത്തോടെ അന്തർസംസ്ഥാന ഗതാഗതം അനുവദിക്കാമെന്ന് കേന്ദ്രം അറിയിച്ചതിന് പിന്നാലെയാണ് കർണാടകയുടെ നടപടി. കർണാടകയിൽനിന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്ക് നിയന്ത്രണം ബാധകമാകില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്നും കർണാടക വഴി കേരളത്തിലേക്ക് ഉൾപ്പെടെ പോകുന്നവരെ ഈ തീരുമാനത്തിലൂടെ തടയാനാകില്ല. തിങ്കളാഴ്ച മാത്രം കർണാടകയിൽ 99 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1246 ആയി ഉയർന്നു. 99 പേരിൽ 64 പേരും മഹാരാഷ്ട്രയിലെ മുംബൈ, പുണെ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും വന്നവരാണ്. കൂടാതെ, ബംഗളൂരു നഗരത്തിൽ മാത്രം തിങ്കളാഴ്ച 24 പേർക്കും രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ ഇത്രയധികം പോസിറ്റിവ് കേസുകൾ കർണാടകയിൽ റിപ്പോർട്ട് ചെയ്യുന്നതും ആദ്യമാണ്. ഇതുവരെ 37േപരാണ് മരിച്ചത്. രോഗ വ്യാപനത്തിനിടയിലും കേന്ദ്ര മാർഗനിർദേശ പ്രകാരം നാലാം ഘട്ട ലോക്ഡൗണിലെ ഇളവുകൾ അതുപോലെ നടപ്പാക്കുകയാണ് കർണാടക. സംസ്ഥാനത്തിനുള്ളിൽ ബസ്, ട്രെയിൻ, ഒാട്ടോ, ടാക്സി സർവിസുകൾ ചൊവ്വാഴ്ച മുതൽ ആരംഭിക്കും. മേയ് പത്തിനും 17നും ഇടയിൽ മാത്രം സംസ്ഥാനത്ത് 442 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പകുതിയും മഹാരാഷ്ട്ര, ഗുജറാത്ത്, ചെന്നൈ തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും കർണാടകയിലെത്തിയവരാണ്. -സ്വന്തം ലേഖകൻ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.