കോവിഡ് പ്രതിരോധത്തിൽ കേരളം മാതൃകയെന്ന് മന്ത്രി ഡോ. കെ. സുധാകർ

-ആളുകൾ ചികിത്സ തേടാൻ വൈകുന്നത് കർണാടകയിൽ മരണനിരക്ക് ഉയർത്തുന്നു ബംഗളൂരു: കോവിഡ് പ്രതിരോധത്തിൽ കേരളം നടത്തിയ പ്രവർത്തനങ്ങൾ മാതൃകയാണെന്നും കേരളത്തിൽ മരണനിരക്ക് കുറക്കാനായത് വലിയ നേട്ടമാണെന്നും കർണാടകയുടെ കോവിഡ് വാർ റൂമിൻെറ ചുമതലയുള്ള മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് കേരളം സ്വീകരിച്ച പ്രതിരോധ പ്രവർത്തനങ്ങളെക്കുറിച്ചും ചികിത്സയെക്കുറിച്ചും മനസ്സിലാക്കുന്നതിനായി ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി നടത്തിയ വിഡിയോ കോൺഫറൻസിലാണ് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകർ കേരളത്തിൻെറ പ്രവർത്തനങ്ങളെ അഭിനന്ദിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മികച്ച പ്രതിരോധ പ്രവർത്തനങ്ങളാണ് കർണാടകയിലും നടക്കുന്നത്. കര്‍ണാടകത്തില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടെങ്കിലും മരണനിരക്ക് ആശങ്കയുയര്‍ത്തുന്നതാണ്. മരണനിരക്ക് കുറക്കുന്നതിൽ കേരളം മികച്ച പ്രവർത്തനമാണ് നടത്തിയതെന്നും അതിനാലാണ് ആരോഗ്യ മന്ത്രിയുമായി വിഡിയോ കോൺഫറൻസ് നടത്തിയതെന്നും സുധാകർ പറഞ്ഞു. ആരോഗ്യ മേഖല വളരെ ശക്തമായ കേരളത്തിൽ രോഗലക്ഷണം പ്രകടമാകുമ്പോൾതന്നെ ആളുകൾ ആരോഗ്യ വകുപ്പിനെ അറിയിച്ച് ചികിത്സ തേടുന്നു. നിർഭാഗ്യവശാൽ കർണാടകത്തിൽ അവസാന മണിക്കൂറിലാണ് പ്രായമായവർ ഉൾപ്പെടെയുള്ള രോഗികൾ ചികിത്സ തേടുന്നത്. ഇത് മരണസംഖ്യ ഉയരാൻ കാരണമാവുകയാണ്. രോഗം മൂർച്ഛിക്കുന്ന സാഹചര്യത്തിൽ ആശുപത്രിയിലെത്തുമ്പോൾ മനുഷ്യസഹജമായ ഒരു സംവിധാനത്തിനും അവരുടെ ജീവൻ രക്ഷിക്കാനാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റു സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നുമുള്ളവർ തിരികെയെത്തുന്നതാണ് ഇരുസംസ്ഥാനങ്ങളും ഇപ്പോൾ നേരിടുന്ന പ്രധാന വെല്ലുവിളിയെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തെ നേരിടാൻ ഇരുസംസ്ഥാനങ്ങളും തമ്മിൽ നല്ല ബന്ധം ആവശ്യമാണെന്ന് ശൈലജ ടീച്ചർ പറഞ്ഞു. വൈറസ് പ്രതിരോധത്തിന് കേരളത്തിന് സഹായകമായത് താലൂക്ക് തലത്തിലുള്ള നല്ല ആരോഗ്യ സംവിധാനങ്ങളാണെന്നും ശൈലജ ടീച്ചർ പറഞ്ഞു. കർണാടക സർക്കാർ നൽകുന്ന മികച്ച ചികിത്സയെയും ആധുനിക സാങ്കേതിക വിദ്യയിലൂടെ സമ്പർക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തുന്നതിനെയും ശൈലജ ടീച്ചർ അഭിനന്ദിച്ചു. വരും ദിവസങ്ങളിലും ഇത്തരം വിഡിയോ കോൺഫറൻസ് നടത്താൻ ഇരു മന്ത്രിമാരും തീരുമാനിച്ചു. ക്വാറൻറീന്‍ രീതികള്‍, മുന്‍കരുതല്‍ നടപടികള്‍, ഹോം ക്വാറൻറീന്‍, ഐസൊലേഷന്‍ വാര്‍ഡിലെ തയാറെടുപ്പുകള്‍, പരിശോധന, ചികിത്സാരീതി, മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്ക് നല്‍കുന്ന ചികിത്സ, സ്വകാര്യ മെഡിക്കല്‍ കോളജുകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം, ഭാവി പ്രവർത്തനങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചര്‍ച്ച ചെയ്തു. -സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.