ബി.ജെ.പിക്കെതിരെ ജെ.എൻ.സി കോളജ്​ വിദ്യാർഥികളുടെ പ്രതിഷേധം

ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബി.ജെ.പി നടത്തുന്ന കാമ്പയിനിനിടെ കോളജ് വിദ്യാർഥികളിൽനിന്ന് നിർബന്ധിച്ച് ഒപ്പുശേഖരണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാരോപിച്ച് വിദ്യാർഥികൾ വ്യാഴാഴ്ച പ്രതിഷേധം സംഘടിപ്പിച്ചു. കോറമംഗല ജ്യോതി നിവാസ് കോളജിലാണ് സംഭവം. 'കോളജുകൾ യുദ്ധക്കളമാക്കാനുള്ള നീക്കം അവസാനിപ്പിക്കുക' എന്ന ബാനറുമായായിരുന്നു ബി.ജെ.പിക്കെതിരെ വിദ്യാർഥികളുടെ പ്രതിഷേധം. ബുധനാഴ്ച ൈവകീട്ട് കോളജിന് മുന്നിലെത്തിയ ബി.ജെ.പി പ്രവർത്തകർ കോളജ് മതിലിൽ മോദിയുടെയും അമിത് ഷായുടെയും ബംഗളൂരു സൗത്ത് എം.പി തേജസ്വി സൂര്യയുടെയും ചിത്രം പതിച്ച 'ഇന്ത്യ സപ്പോർട്ട് സി.എ.എ' എന്ന ഫ്ലക്സ് ബോർഡ് സ്ഥാപിക്കുകയായിരുന്നു. ൈവകീട്ട് 4.30 ഒാടെ കോളജ് വിട്ട് പുറത്തേക്കുവന്ന വിദ്യാർഥികളോട് ഇതിൽ ഒപ്പുവെക്കാൻ പ്രവർത്തകർ ആവശ്യപ്പെടുകയും ഒപ്പിടാത്തവരെ നിർബന്ധിക്കുകയും ചെയ്തെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. ഒപ്പിടാൻ വിസമ്മതിച്ചവരോട് ബി.ജെ.പി പ്രവർത്തകർ മോശമായ ഭാഷയിൽ സംസാരിക്കുകയും ഇത് ചോദ്യംചെയ്തവരെ ഭീഷണിപ്പെടുത്തിയെന്നും അവർ പറഞ്ഞു. ഇതോടെ, വിദ്യാർഥിനികൾ ബി.ജെ.പി പ്രവർത്തകരുമായി രൂക്ഷമായ വാക്തർക്കത്തിലേർപ്പെട്ടു. ചില പ്രവർത്തകർ പെൺകുട്ടികളോട് പാകിസ്താനിലേക്ക് പോവാൻ ആവശ്യപ്പെടുന്നതും നിങ്ങൾ ഇന്ത്യക്കാരല്ല എന്നു വിളിച്ചുപറയുന്നതും സംഭവത്തിൻെറ വിഡിയോ ദൃശ്യങ്ങളിലുണ്ട്. സംഭവമറിഞ്ഞ് കോളജ് പ്രഫസർ വന്ന് ബി.ജെ.പി പ്രവർത്തകരെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കോറമംഗല പൊലീസ് സംഭവസ്ഥലത്തെത്തി രംഗം ശാന്തമാക്കുകയായിരുന്നു. ബി.ജെ.പി പ്രവർത്തകരുടെ നടപടിക്കെതിരെ വ്യാഴാഴ്ച രാവിലെ കോളജിലെ പെൺകുട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം അരങ്ങേറി. ബി.ടി.എം ലേഒൗട്ട് എം.എൽ.എ രാമലിംഗ റെഡ്ഡി കോളജ് സന്ദർശിച്ചു. സമാധാനപരമായി പ്രവർത്തിക്കുന്ന കാമ്പസാണ് ജെ.എൻ.സിയുടേതെന്നും ജെ.എൻ.യുവിലേതുപോലൊരു അക്രമം ഇവിടെ അനുവദിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി പ്രവർത്തകരുടെ കാമ്പയിനിൽ വിദ്യാർഥികളെ നിർബന്ധപൂർവം ഉൾപ്പെടുത്താനുള്ള നീക്കമാണ് നടന്നതെന്നും കാമ്പയിൻ മറ്റെവിടെയെങ്കിലുമാണ് ബി.ജെ.പി നടത്തേണ്ടതെന്നും എം.എൽ.എ പറഞ്ഞു. അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ ബി.ജെ.പി പ്രവർത്തകർ സംവാദം നടത്തുകയാണ് വേണ്ടതെന്നും കോളജ് പെൺകുട്ടികളോട് സംഘർഷത്തിന് മുതിരുകയല്ല വേണ്ടതെന്നും ആൻറി സി.എ.എ ആക്ടിവിസ്റ്റ് കവിത റെഡ്ഡി പറഞ്ഞു. 'ബേഠി ബച്ചാവോ ബേഠി പഠാവോ' എന്നുപറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇത്രയധികം പെൺകുട്ടികൾ എന്തുകൊണ്ടാണ് തെരുവലിറങ്ങി സമരം ചെയ്യുന്നതെന്ന് തിരിച്ചറിയുന്നില്ലേയെന്ന് പ്രതിഷേധക്കാരായ വിദ്യാർഥിനികൾ ചോദിച്ചു. പ്രതിഷേധത്തിന് െഎക്യദാർഢ്യം പ്രകടിപ്പിച്ച് വിദ്യാർഥി സംഘടനകളുമെത്തിയതോടെ സംഘർഷത്തിലേക്ക് നീങ്ങാതിരിക്കാൻ കോറമംഗല എസ്.െഎയുടെ നേതൃത്വത്തിൽ വൻപൊലീസ് സംഘവും നിലയുറപ്പിച്ചു. സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടില്ലെന്നും മാനേജ്മൻെറ് പരാതിയുമായി സമീപിച്ചാൽ നടപടി സ്വീകരിക്കുമെന്നും സൗത്ത് ഡി.സി.പി ഇഷ പന്ത് പറഞ്ഞു. കോളജ് കാമ്പസിനകത്ത് പ്രതിഷേധം അനുവദിക്കില്ലെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി കൂടിയായ ഉപമുഖ്യമന്ത്രി അശ്വത് നാരായൺ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. ബി.ജെ.പി ഗുണ്ടകളെ സർക്കാർ നിലക്കുനിർത്തണം- സിദ്ധരാമയ്യ ബംഗളൂരു: ബി.ജെ.പിയിലെ ഗുണ്ടകളെ യെദിയൂരപ്പ സർക്കാർ നിലക്ക് നിർത്തണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ. കോറമംഗല ജെ.എൻ.സി കോളജിൽ നടന്ന സംഭവങ്ങളോട് പ്രതികരിക്കുകയായിരുന്നു അേദ്ദഹം. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണക്കണമെന്നാവശ്യപ്പെട്ട് കർണാടക ബി.ജെ.പിയിലെ ഗുണ്ടകൾ ജ്യോതി നിവാസ് കോളജ് വിദ്യാർഥികളെ ഭീഷണിപ്പെടുത്തുകയാണ്. പാർട്ടിയിലെ ഗുണ്ടകളെ യെദിയൂരപ്പ നിലനിർത്തണം. വിദ്യാഭ്യാസത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സ്വാർഥ താൽപര്യങ്ങൾക്കായി ഉപയോഗിക്കരുത്. ദുർബലമായ അടിത്തറയുള്ള ഫാഷിസമാണ് ബി.ജെ.പിയുടെ ആദർശം. അക്രമങ്ങളിലൂടെ സർവകലാശാലകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ദുർബലപ്പെടുത്താനാണ് ബി.ജെ.പി ശ്രമം. ബി.ജെ.പിയുടെ ഹിറ്റ്ലർ ഭരണത്തിന് കർണാടകയെ ഇരയാക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മൈസൂരു സർവകലാശാലയിൽ 'ഫ്രീ കശ്മീർ' പോസ്റ്റർ: പൊലീസ് കേസെടുത്തു ബംഗളൂരു: ജെ.എൻ.യുവിൽ വിദ്യാർഥികൾക്കുനേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് മൈസൂരു സർവകലാശാല വിദ്യാർഥികൾ സംഘടിപ്പിച്ച റാലിയിൽ കശ്മീർ അനുകൂല പോസ്റ്റർ ഉയർന്നതുമായി ബന്ധപ്പെട്ട് പൊലീസ് സ്വമേധയാ കേസെടുത്തു. 124 എ വകുപ്പ് ചുമത്തി ജയലക്ഷ്മിപുരം പൊലീസാണ് കേസെടുത്തത്. കശ്മീരിൻെറ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള സമരങ്ങൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് കേസെടുക്കുക. കഴിഞ്ഞദിവസം ൈമസൂർ സർവകലാശാല റിസർച്ചേഴ്സ് അസോ., ദലിത് വിദ്യാർഥി ഒക്കൂട്ട, ബഹുജൻ വിദ്യാർഥി സംഘ, എസ്.എഫ്.െഎ, എ.െഎ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്. മൈസൂരു ക്ലോക്ക് ടവർ മുതൽ കൂവെമ്പു പ്രതിമ വരെ നടത്തിയ പ്രതിഷേധറാലിക്കും ധർണക്കുമിടെ 'ഫ്രീ കശ്മീർ' എന്നെഴുതിയ പോസ്റ്റർ റാലിയിൽ ഉയർത്തിയിരുന്നു. സംഭവത്തിൽ സർവകലാശാലയിൽനിന്ന് സർക്കാർ വിശദീകരണം തേടി. പോസ്റ്റർ ഉയർത്തിയവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പൊലീസിൽ പരാതി നൽകുമെന്നും മൈസൂർ സർവകലാശാല രജിസ്ട്രാർ പ്രഫ. ആർ. ശിവപ്പ പറഞ്ഞു. പ്രതിഷേധത്തിന് സർവകലാശാലയിൽനിന്ന് വിദ്യാർഥികൾ അനുമതി വാങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കിയ രജിസ്ട്രാർ, വിദ്യാർഥികളിൽനിന്ന് വിശദീകരണം തേടിയതായി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.