പണിമുടക്ക്​ കർണാടകയിൽ ഭാഗികം

ബംഗളൂരു: തൊഴിലാളി സംഘടനകളുടെ 24 മണിക്കൂര്‍ ദേശീയപണിമുടക്ക് കർണാടകയിൽ ജനജീവിതത്തെ കാര്യമായി ബാധിച്ചില്ല. ബാങ്കുകള്‍ അടഞ്ഞു കിടന്നു. ഹോട്ടലുകള്‍, റസ്റ്റാറൻറ്, മാളുകള്‍, തിയറ്ററുകള്‍ ഉള്‍പ്പെടെ വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യവാഹനങ്ങളും ഓണ്‍ലൈന്‍ ടാക്‌സി സര്‍വിസുകളായ ഒല, ഉബര്‍ എന്നിവയും എയര്‍പോര്‍ട്ടിലെ ടാക്‌സികളും മെട്രോ ട്രെയിനുകളും ബി.എം.ടി.സി, കർണാടക ആർ.ടി.സി ബസുകളും സര്‍വിസ് നടത്തി. മടിക്കേരി ബസ്സ്റ്റാൻഡില്‍ ബുധനാഴ്ച പുലര്‍ച്ച സമരാനുകൂലികള്‍ കർണാടക ആർ.ടി.സി ബസിനുനേരെ കല്ലെറിഞ്ഞു. അതേസമയം, ബംഗളൂരുവിൽനിന്നുള്ള കേരള ആർ.ടി.സി ബസുകൾ ഉച്ചവരെ സർവിസ് നടത്തിയില്ല. വൈകീട്ട് മൂന്നര മുതൽ ഹൊസൂർ, സേലം, കോയമ്പത്തൂർ വഴിയും മൈസൂരു വഴിയും പതിവു സർവിസുകൾ നടത്തി. ദിനേനയുള്ള അമ്പതോളം സർവിസുകളിൽ 13 എണ്ണം മാത്രമാണ് തടസ്സപ്പെട്ടത്. കേരളത്തിൽനിന്ന് ബംഗളൂരുവിലേക്കുള്ള ബസുകൾ ബുധനാഴ്ച രാത്രി സർവിസ് നടത്തി. തൃശൂർ, എറണാകുളം, പാലാ, കോട്ടയം, തിരുവല്ല, കോഴിക്കോട് സർവിസുകളാണ് പണിമുടക്കിലും സർവിസ് നടത്തിയത്. ബംഗളൂരു നഗരത്തിൽ സി.ഐ.ടി.യു,എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി അടക്കമുള്ള യൂനിയനില്‍പ്പെട്ട ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍ പണിമുടക്കി. പീനിയ ഉള്‍പ്പെടെ വ്യവസായ മേഖലകളില്‍ ചില സ്ഥാപനങ്ങള്‍ തൊഴിലാളികള്‍ക്ക് അവധി നല്‍കിയിരുന്നു. മറ്റു സ്ഥാപനങ്ങളെ പണിമുടക്ക് ബാധിച്ചില്ല. തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ ബംഗളൂരു ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധ പരിപാടികള്‍ അരങ്ങേറി. പീനിയ വ്യവസായ മേഖല, ചാമരാജ് നഗർ, ഹാസൻ, മൈസൂരു, ഹുബ്ബള്ളി, കുടക് എന്നിവിടങ്ങളിലും തൊഴിലാളികൾ റാലി നടത്തി. താലൂക്ക് കേന്ദ്രങ്ങളിലും ജില്ല കേന്ദ്രങ്ങളിലും പ്രകടനവും പൊതുയോഗവും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.