പുതുവത്സരാഘോഷം; നഗരത്തിൽ കനത്ത സുരക്ഷ

-31ന് നഗരത്തിലെ 41 മേൽപാലങ്ങളും അടച്ചിടും -എം.ജി റോഡിൽ മാത്രം സുരക്ഷക്കായി 10,000 പൊലീസുകാർ -പ്രധാന റോഡുകളിൽ ഗതാഗത നിരോധനം ബംഗളൂരു: പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബംഗളൂരു നഗരത്തിലെ സുരക്ഷ ശക്തമാക്കി പൊലീസ്. ആഘോഷത്തിന് പതിനായിരങ്ങൾ എത്തുന്ന ബ്രിഗേഡ് റോഡ്, എം.ജി റോഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. എം.ജി റോഡിൽ മാത്രമായി സുരക്ഷക്കായി 10,000 പൊലീസുകാരെയാണ് നിയോഗിക്കുകയെന്ന് സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവു അറിയിച്ചു. എം.ജി റോഡിൽ നടക്കുന്ന പുതുവത്സാരാഘോഷത്തിനിടെ അക്രമ സംഭവമോ സ്ത്രീകൾക്കെതിരായ അതിക്രമമോ ഉണ്ടാകാതിരിക്കാനാണ് മുൻകരുതൽ എന്ന നിലയിൽ കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നത്. എം.ജി റോഡിലും ബ്രിഗേഡ് റോഡിലുമായി നിരീക്ഷണത്തിനായി 1500 സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. നഗരത്തിലെ മറ്റു സ്ഥലങ്ങളിലും ഒാരോ സ്റ്റേഷൻ പരിധിയിൽനിന്നും കൂടുതൽ പൊലീസുകാരെ സുരക്ഷക്കായി ഏർപ്പെടുത്തിയിട്ടുണ്ട്. ഡ്രോൺ കാമറകൾ, എൽ.സി.ഡി സ്ക്രീൻ തുടങ്ങിയ ഉപയോഗിച്ചും ജനക്കൂട്ടത്തെ നിരീക്ഷിക്കും. സ്ത്രീകളോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നവരെ കണ്ടെത്താൻ ഫ്ലാഷ് ലൈറ്റുകളും ബൈനോക്കുലറുകളും ഉപയോഗിക്കും. ഇതുകൂടാതെ മയക്കുമരുന്ന് ഉൾപ്പെടെയുള്ള നിരോധിത ലഹരി ഉൽപന്നങ്ങളുടെ ഉപയോഗം കണ്ടെത്താൻ ഡോഗ് സ്ക്വാഡിൻെറ പരിശോധനയും ഉണ്ടാകും. പ്രധാന ആഘോഷ കേന്ദ്രങ്ങളായ എം.ജി. റോഡ്, ബ്രിഗേഡ് റോഡ് എന്നിവക്ക് പുറമെ കോറമംഗല, ഇന്ദിരാനഗര്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് 31ന് രാത്രി 10 മുതല്‍ പുലർച്ച ആറുവരെ നഗരത്തിലെ എല്ലാ മേൽപാലങ്ങളും അടച്ചിടും. നഗരത്തിലെ 41 വലുതും ചെറുതുമായ മേൽപാലങ്ങളായിരിക്കും അടച്ചിടുക. ഇതിൽ എയർപോർട്ട് റോഡിലേക്കുള്ള മേൽപാലങ്ങളും ഉൾപ്പെടും. ഇരുചക്രവാഹനങ്ങളിൽ ഉൾപ്പെടെ അഭ്യാസ പ്രകടനം നടത്തി അപകടമുണ്ടാകുന്നത് കണക്കിലെടുത്താണ് മേൽപാലങ്ങൾ അടച്ചിടുന്നത്. ആഘോഷങ്ങള്‍ അതിരുവിടരുതെന്നും മയക്കുമരുന്നുപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുമെന്നും ഭാസ്‌കര്‍ റാവു പറഞ്ഞു. ആഘോഷത്തിനായി ജനങ്ങള്‍ തിങ്ങിക്കൂടുന്ന ഇടങ്ങളില്‍ രാത്രി 10 മുതല്‍ പുലര്‍ച്ച രണ്ടുവരെ വാഹന പാര്‍ക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തിയതായി ട്രാഫിക് പൊലീസ് ജോ. കമീഷണര്‍ രവികാന്തെ ഗൗഡ അറിയിച്ചു. എം.ജി. റോഡിലും ബ്രിഗേഡ് റോഡിലും ആഘോഷത്തിനെത്തുന്നവര്‍ക്കായി പൊലീസ് ഗ്രൗണ്ടില്‍ വാഹന പാര്‍ക്കിങ് സൗകര്യം ഏര്‍പ്പെടുത്തും. ആഘോഷങ്ങള്‍ നിരീക്ഷിക്കാനുള്ള വാച്ച് ടവറുകളിലായിരിക്കും ഹൈ എലിമിനേഷന്‍ ടോര്‍ച്ചുകള്‍, ബൈനോക്കുലര്‍, വാക്കി ടോക്കി എന്നിവ ഉണ്ടാകുക. മദ്യപിച്ച് വാഹനമോടിക്കുന്നവരെ അപ്പോൾതന്നെ പിടികൂടി ക്രിമിനൽ കേസെടുക്കും. ഡ്രൈവിങ് ലൈസൻസ് താൽക്കാലികമായി സസ്പെൻഡ് ചെയ്യും. പിടികൂടിയവരെ സ്റ്റേഷനിലെത്തിച്ച ശേഷം രാവിലെയായിരിക്കും പിഴ അടപ്പിച്ചശേഷം വിടുക. ക്രിമിനൽ കുറ്റകൃത്യങ്ങൾ നടത്തുന്നവരെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിൽ ഇടും. എം.ജി റോഡ്, ചർച്ച് സ്ട്രീറ്റ്, ലാവല്ലെ റോഡ്, റിച്ച്മൺഡ് റോഡ്, മ്യൂസിയം റോഡ് എന്നിവിടങ്ങളിലൂടെ 31ന് രാത്രി മുതൽ രാവിലെ വരെ ഗതാഗത നിരോധനമുണ്ടാകും. * സുരക്ഷക്കായി ഡ്രോണ്‍ കാമറകള്‍ * എം.ജി റോഡിലും ബ്രിഗേഡ് റോഡിലും 1500 കാമറകള്‍ * ആഘോഷങ്ങള്‍ നിരീക്ഷിക്കാന്‍ വാച്ച് ടവറുകള്‍ * 320 പൊലീസ് വാഹനങ്ങള്‍ പട്രോളിങ് നടത്തും * മദ്യപിച്ച് വാഹനമോടിക്കുന്നവരെ പിടികൂടാന്‍ പ്രത്യേക പരിശോധന * മദ്യപിച്ച് വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ് *അപമര്യാദയായി പെരുമാറുന്നവരെ നിരീക്ഷിക്കാൻ ഫ്ലാഷ് ലൈറ്റ് മെട്രോ ട്രെയിൻ പുലര്‍ച്ച രണ്ടുവരെ ബംഗളൂരു: പുതുവത്സരത്തോടനുബന്ധിച്ച് ജനുവരി ഒന്നിന് പുലര്‍ച്ച രണ്ടുവരെ നമ്മ മെട്രോ സര്‍വിസ് നടത്തും. ഡിസംബര്‍ 31ന് രാത്രി എം.ജി. റോഡിലും ബിഗ്രേഡ് റോഡിലും പുതുവത്സരാഘോഷം നടക്കുന്ന പശ്ചാത്തലത്തിലാണ് സര്‍വിസ്. ഏതു സ്‌റ്റേഷനിലേക്കും 50 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. പേപ്പര്‍ ടിക്കറ്റുകളാണ് നല്‍കുക. 31ന് വൈകീട്ട് നാലുമുതല്‍ ഇത്തരം ടിക്കറ്റുകള്‍ പ്രാബല്യത്തില്‍ വരും. മെട്രോ സ്‌റ്റേഷനില്‍ കര്‍ശന സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബി.എം.ടി.സിയും പുലർച്ച രണ്ടുവരെ സർവിസ് നടത്തും. മദ്യപിച്ച് മെട്രോയില്‍ കയറുന്നവരെ തടയില്ലെങ്കിലും പ്രശ്‌നമുണ്ടാക്കുന്നവരെ വിലക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്‌റ്റേഷനില്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കുന്നവരെ പുറത്താക്കും. സ്ത്രീകള്‍ക്കായി പ്രത്യേക കോച്ചുണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.