-വടക്കൻ കർണാടകയിലെ ജില്ലകളിൽ ഉൾപ്പെടെ പതിനായിരങ്ങളാണ് പ്രതിഷേധ റാലിയിൽ അണിനിരന്നത് ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനും എൻ.ആർ.സിക്കുമെതിരെ ബംഗളൂരു നഗരത്തിൽ കഴിഞ്ഞദിവസം നടന്ന മഹാറാലിക്കു പിന്നാലെ സംസ്ഥാനത്തെ വിവിധ ജില്ലകളിലും പ്രതിഷേധം ശക്തമാകുന്നു. ക്രിസ്മസ് തലേന്ന് വടക്കൻ കർണാടകയിലെ ജില്ലകളിൽ ഉൾപ്പെടെ പതിനായിരങ്ങളാണ് തെരുവിലിറങ്ങിയത്. ഹുബ്ബള്ളി, ബെള്ളാരി, ധാർവാഡ്, ചിക്കബെല്ലാപുർ, ബാഗൽേകാട്ട്, മടിക്കേരി, തുമകൂരു തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ റാലികളും പ്രതിഷേധ ധർണയും സമ്മേളനങ്ങളും ചൊവ്വാഴ്ച നടന്നു. ദേശീയപതാകയുമേന്തി ഒാരോ സ്ഥലങ്ങളിലും ആയിരക്കണക്കിനു പേരാണ് അണിനിരന്നത്. സ്ത്രീകളും കുട്ടികളും മുതിർന്നവരും പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു. സംസ്ഥാന വ്യാപകമായി പ്രതിഷേധം പടരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ചൊവ്വാഴ്ച സംസ്ഥാനത്തെ ഭൂരിഭാഗം ജില്ല ആസ്ഥാനങ്ങളിലും നടന്ന പ്രതിഷേധ റാലികൾ. മുസ്ലിം മതസംഘടനകളുടെയും മനുഷ്യാവകാശ സംഘടനകളുടെയും നേതൃത്വത്തിലായിരുന്നു വിവിധയിടങ്ങളിൽ റാലികൾ നടന്നത്. റാലികൾക്ക് പൊലീസ് അനുമതി നൽകിയിരുന്നു. ബംഗളൂരുവിൽ നടന്ന റാലിക്ക് സമാനമായ എല്ലായിടത്തും സമാധാനപരമായാണ് റാലികൾ അവസാനിച്ചത്. ബെള്ളാരിയിൽ ചൊവ്വാഴ്ച രാവിലെ നടന്ന പ്രതിഷേധ റാലിയിൽ പ്രതിപക്ഷ പാർട്ടി നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. 3000ത്തിലധികം പൊലീസുകാരെയാണ് ബെള്ളാരിയിൽ മാത്രം പൊലീസ് സുരക്ഷക്കായി നിയോഗിച്ചത്. കോൺഗ്രസ് രാജ്യസഭ എം.പി സൈദ് നാസിർ ഹുസൈൻ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു. റാലിക്കുശേഷം പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്നും എൻ.ആർ.സി നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് പ്രസിഡൻറിനുള്ള കത്ത് ബെള്ളാരി ഡെപ്യൂട്ടി കമീഷണർക്ക് കൈമാറി. ജി.ഡി.പി താഴ്ന്നുവരുകയും തൊഴിലില്ലായ്മ രൂക്ഷമാകുകയും ചെയ്യുമ്പോഴും യഥാർഥ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാതെ സർക്കാർ രാജ്യത്തെ വിഭജിക്കാനാണ് ശ്രമിക്കുന്നതെന്ന് കോൺഗ്രസ് എം.പി നാസിർ ഹുസൈൻ ആരോപിച്ചു. വിവിധ ജില്ലകളിലായി വരുംദിവസങ്ങളിലും ജനകീയ പ്രക്ഷോഭ പരിപാടികൾ നടത്താനാണ് വിവിധ സംഘടനകൾ തീരുമാനിച്ചിരിക്കുന്നത്. അവധി കഴിഞ്ഞ് കോളജുകൾ തുറക്കുന്നതോടെ പ്രതിഷേധങ്ങൾ കാമ്പസുകളിലേക്ക് വീണ്ടും പടർന്നേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.