ബംഗളൂരു: പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങൾക്കിടെ വ്യാഴാഴ്ച രാത്രി മംഗളൂരുവിലെ ആശുപത്രിയിൽ കയറി പൊലീസ് നടത്തിയ അതിക്രമത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അപലപിച്ചു. ആശുപത്രികൾ എപ്പോഴും സുരക്ഷിത മേഖലയായാണ് പരിഗണിക്കുന്നതെന്നും അവിടെ അതിക്രമം നടത്തിയത് അംഗീകരിക്കാൻ കഴിയില്ലെന്നും ഐ.എം.എ പ്രസ്താവനയിൽ അറിയിച്ചു. പ്രതിഷേധക്കാർക്കു നേരെയുള്ള പൊലീസ് നടപടിക്ക് തുടർച്ചയായാണ് മംഗളൂരുവിലെ ഹൈലാൻഡ് ആശുപത്രിയിൽ അതിക്രമം ഉണ്ടായത്. പ്രതിഷേധക്കാരെ പിടിക്കാനെന്ന പേരിൽ ആശുപത്രിയിലേക്ക് ഇരച്ചുകയറി പൊലീസ് ഐ.സി.യുവിലും വാർഡുകളിലും കയറുകയായിരുന്നു. പൊലീസ് നടപടിയിൽ പരിക്കേറ്റവരെ കണ്ടെത്താനാണ് ആശുപത്രിയിൽ പൊലീസുകാർ അതിക്രമം നടത്തിയത്. പൊലീസ് വെടിവെപ്പിനുശേഷം പരിക്കേറ്റവരെയും ആശുപത്രിയിൽ കൊണ്ടുവന്നിരുന്നു. ആശുപത്രിയിൽ കയറി പൊലീസ് രോഗികളെയും ജീവനക്കാരെയും ലാത്തിചാർജ് ചെയ്തുവെന്ന പരാതിയും ഉയർന്നു. പരിക്കേറ്റവരെ നോക്കാനായി ആശുപത്രിയിൽ എത്തിയ ബന്ധുക്കൾ പൊലീസിനെ പേടിച്ച് ഐ.സി.യുവിലും മറ്റും കയറി. ഇവരെയും പൊലീസ് തിരഞ്ഞുപിടിച്ച് അടിച്ചു. ഐ.സി.യുവിൻെറ വാതിൽ ലാത്തികൊണ്ടും മറ്റും പൊലീസ് അടിക്കുന്നതിൻെറ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആശുപത്രിയുടെ ലോബിയിലും പാർക്കിങ് ഭാഗത്തും പൊലീസ് ടിയർ ഗ്യാസും പ്രയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു. ഐ.സി.യുവിൽ ഉൾപ്പെടെ പൊലീസ് കയറിയിറങ്ങിയത് അപലപനീയമാണെന്നും ആശുപത്രിയിൽ ഒരു അക്രമവും അനുവദിക്കില്ലെന്നും ഐ.എം.എ വ്യക്തമാക്കി. യുദ്ധ മേഖലകളിൽപോലും ആശുപത്രികൾ സുരക്ഷാ മേഖലയിലാണ് ഉൾപ്പെടുന്നത്. അങ്ങനെയുള്ള സാഹചര്യത്തിലാണ് രോഗികളെ ഉൾപ്പെടെ ഭയപ്പാടിലാക്കിയുള്ള പൊലീസ് നടപടിയുണ്ടായതെന്നും അപകടം സംഭവിച്ചത് ആർക്കാണെങ്കിലും ചികിത്സ നൽകുക എന്നതാണ് ഡോക്ടർമാരുടെ ഉത്തരവാദിത്തമെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.