രാഷ്ട്രത്തിൻെറ സ്ഥാപകതത്വങ്ങൾ ഇല്ലാതാക്കുന്നു - രാമചന്ദ്ര ഗുഹ 'ബഹുസ്വരത: ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും' ചർച്ച സംഘടിപ്പിച്ചു ബംഗളൂരു: ഹിന്ദുത്വത്തിൽ അധിഷ്ഠിതമായ ദേശസ്നേഹത്തിൻെറയും ജിംഗോയിസത്തിൻെറയും ഭ്രാന്തമായ പ്രകടനങ്ങൾ ഇന്ത്യയെന്ന രാഷ്ട്രത്തിൻെറ സ്ഥാപകതത്വങ്ങൾക്ക് വിരുദ്ധമാണെന്ന് പ്രശസ്ത ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹ അഭിപ്രായപ്പെട്ടു. ഇന്ദിര നഗർ ഇ.സി.എ ഹാളിൽ സിവിൽ ലിബർട്ടീസ് കലക്ടീവ് സംഘടിപ്പിച്ച ചർച്ചയിൽ 'ബഹുസ്വരത: ഇന്ത്യയിലെ ഭൂതകാലവും വർത്തമാനവും ഭാവിയും' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മതം, ഒരു ഭാഷ, ഒരു പൊതുശത്രു എന്നത് അടിസ്ഥാനപ്പെടുത്തി പത്തൊമ്പതാം നൂറ്റാണ്ടിൽ രൂപംകൊണ്ട യൂറോപ്യൻ രാജ്യങ്ങളിൽനിന്നു വിപരീതമായി അനേകത്വത്തിലാണ് ഇന്ത്യയുടെ അടിത്തറ. ബഹുസ്വരത, അഹിംസ, സാമൂഹിക സമത്വം, സ്വാശ്രയത്വം എന്നിവയായിരുന്നു അതിൻെറ സ്ഥാപക തത്വങ്ങൾ. ഹിന്ദുത്വം ഈ തത്വങ്ങൾ ഇല്ലാതാക്കുകയാണ് -അദ്ദേഹം പറഞ്ഞു. നാലു കാരണങ്ങളാലാണ് ഈ രാജ്യത്ത് ഹിന്ദുത്വം ഉയർന്നുവന്നതെന്ന് രാമചന്ദ്ര ഗുഹ ചൂണ്ടിക്കാട്ടി. കോൺഗ്രസ് പാർട്ടിയുടെ അഴിമതിയും സ്വജനപക്ഷപാതവും, ഇടതുപക്ഷത്തിൻെറ ബൗദ്ധികവും ധാർമികവുമായ കാപട്യം, ഇസ്ലാമിക മതമൗലികവാദം, ലോകമെമ്പാടുമുള്ള വലതുപക്ഷ ഫണ്ടമൻെറലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയർച്ച എന്നിവയാണത്. നമ്മുടെ ഭരണഘടനയുടെയും റിപ്പബ്ലിക്കിൻെറയും സ്ഥാപകതത്വങ്ങൾ ഉയർത്തിപ്പിടിക്കുക എന്നതാണ് ഹിന്ദുത്വത്തിനെതിരെ പോരാടാനുള്ള ഏകമാർഗമെന്നും അദ്ദേഹം ഒാർമിപ്പിച്ചു. മാധ്യമപ്രവർത്തക ധന്യ രാജേന്ദ്രൻ, ചലച്ചിത്ര-നാടക നടൻ പ്രകാശ് ബാരെ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ദർശന, ബംഗളൂരു കലക്റ്റീവ്, സെക്കുലർ ഫോറം, കെ.എം.സി.സി, എം.എം.എ, കർണാടക പ്രവാസി കോൺഗ്രസ്, കർണാടക മലയാളി കോൺഗ്രസ് തുടങ്ങിയ ഒരു കൂട്ടം പുരോഗമന സംഘടനകളുടെ ഫോറമാണ് സിവിൽ ലിബർട്ടീസ് കലക്ടീവ്. മംഗലാപുരത്ത് വിദ്യാർഥികളുടെ പ്രതിഷേധം ബംഗളൂരു: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്ര ബി.ജെ.പി സർക്കാറിൻെറ തീരുമാനത്തിനെതിരെ മംഗളൂരുവിൽ വിദ്യാർഥികളുടെ വൻ പ്രതിഷേധ റാലി അരങ്ങേറി. നഗരത്തിലെ വിവിധ സർവകലാശാലകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാർഥികൾ ഒന്നിച്ചണിനിരന്നാണ് ബുധനാഴ്ച പ്രതിഷേധം സംഘടിപ്പിച്ചത്. ഭരണഘടനയുടെ വ്യക്തമായ ലംഘനമാണ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിലൂടെ കേന്ദ്ര സർക്കാർ നടത്തിയതെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്ത സഫ്വാൻ സത്താർ പറഞ്ഞു. ജാമിഅ മില്ലിയ്യ, അലീഗഢ് സർവകലാശാലകളിൽ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിക്കുന്നതായും മംഗളൂരുവിലെ വിദ്യാർഥി മുന്നേറ്റത്തിൻെറ തുടക്കമാണിതെന്നും സമരക്കാർ ചൂണ്ടിക്കാട്ടി. മാർട്ടിൻ, റിസ്വാൻ, ആയിശ ഫിദ, ആഷിഖ് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.