- 12 ബി.എം.ടി.സി വെയ്റ്റിങ് ലോഞ്ചുകളിലായിരിക്കും വനിത ഗാർഡുമാരെ നിയോഗിക്കുക -രാത്രി 10 മുതൽ മെട്രോ ട്രെയിൻ വനിത കോച്ചുകളിലും സുരക്ഷ ബംഗളൂരു: രാജ്യത്താകമാനം സ്ത്രീ സുരക്ഷ സംബന്ധിച്ചുള്ള വിഷയങ്ങൾ ചർച്ചയാകുന്നതിനിടെ സ്ത്രീയാത്രക്കാരുടെ സുരക്ഷ ശക്തമാക്കാനുള്ള നടപടികളുമായി ബി.എം.ടി.സിയും ബി.എം.ആർ.സിയെല്ലും മുന്നോട്ട്. രാത്രിയിൽ ഉൾപ്പെടെ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ മുൻനിർത്തി നഗരത്തിലെ പ്രധാനപ്പെട്ട 12 ബസ് സ്റ്റേഷനുകളിലെ കാത്തിരിപ്പുകേന്ദ്രങ്ങളിൽ വനിത അംഗരക്ഷകരെ നിയോഗിക്കുമെന്ന് ബി.എം.ടി.സി അറിയിച്ചു. ഇക്കഴിഞ്ഞ ഡിസംബർ മൂന്നുമുതൽ രാത്രി 10നു ശേഷമുള്ള മെട്രോ ട്രെയിൻ സർവിസുകളിൽ വനിത അംഗരക്ഷകരെ സുരക്ഷക്കായി ബി.എം.ആർ.സി.എൽ ചുമതലപ്പെടുത്തിയിരുന്നു. മെട്രോ ട്രെയിനിൻെറ വനിത കോച്ചുകളിലാണ് ഗാർഡുമാരെ നിയോഗിച്ചിരിക്കുന്നത്. നമ്മ മെട്രോ ട്രെയിനിൻെറ ആദ്യ കോച്ച് പൂർണമായും വനിതകൾക്കായി റിസർവ് ചെയ്തിട്ടുള്ളതാണ്. എന്നാൽ, രാത്രിയിൽ ഉൾപ്പെടെ ഈ കോച്ചിൽ പുരുഷന്മാർ കയറുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. രാത്രിയിൽ സ്ത്രീകളുടെ കോച്ചിൽ കയറുന്ന പലരും സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നുവെന്ന പരാതിയും സ്ത്രീകൾ പങ്കുവെച്ചിരുന്നു. ഇതേതുടർന്നാണ് നമ്മ മെട്രോയിലെ എല്ലാ ട്രെയിനുകളുടെയും ആദ്യ കോച്ചിൽ വനിത അംഗരക്ഷകരെ ബി.എം.ആർ.സി.എൽ നിയോഗിച്ചത്. ഇതിനുശേഷം യാത്രയിൽ കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെടുന്നുണ്ടെന്നാണ് സ്ത്രീകൾ അഭിപ്രായപ്പെട്ടത്. ബി.എം.ആർ.സി.എല്ലിൻെറ ഈ നടപടിക്ക് പിന്നാലെയാണ് സ്ത്രീ സുരക്ഷക്ക് പ്രാധാന്യം നൽകിക്കൊണ്ട് ബി.എം.ടി.സിയും വനിത അംഗരക്ഷകരെ നിയോഗിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമം തുടർച്ചയായി റിപ്പോർട്ട് ചെയ്യുമ്പോൾ, ബംഗളൂരു പോലെയുള്ള വലിയ നഗരത്തിൽ സുരക്ഷ ഉറപ്പാക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതിനാലാണ് ബി.എം.ടി.സിയുടെ പ്രധാന ബസ് ടെർമിനലുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങളിൽ വനിതകളായ അംഗരക്ഷരെ നിയോഗിക്കുന്നതെന്നും ബി.എം.ടി.സി അധികൃതർ അറിയിച്ചു. മജസ്റ്റിക് ഉൾപ്പെടെയുള്ള നഗരത്തിലെ പ്രധാനപ്പെട്ട 12 ബസ് ടെർമിനലുകളിലെ കാത്തിരിപ്പു കേന്ദ്രങ്ങളിലായിരിക്കും വനിത അംഗരക്ഷകരെ നിയോഗിക്കുകയെന്നും ഏതൊക്കെ സ്ഥലങ്ങളിലാണ് വേണ്ടതെന്ന് അധികം വൈകാതെ തീരുമാനിക്കുമെന്നും അധികൃതർ പറഞ്ഞു. പുലർച്ച രാവിലെ രാത്രിയിലെ ടെർമിനലിൽനിന്നുള്ള അവസാനത്തെ ബസ് പോകുന്നതുവരെ കാത്തിരിപ്പുകേന്ദ്രം തുറന്നുപ്രവർത്തിക്കും. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം ഇക്കഴിഞ്ഞ മാർച്ചിലാണ് കേന്ദ്രത്തിൻെറ നിർഭയ പദ്ധതിയിലൂടെ വനിതകൾക്കായി കാത്തിരിപ്പുകേന്ദ്രങ്ങൾ ബി.എം.ടി.സി നിർമിച്ചത്. എന്നാൽ, ഇവിടങ്ങളിലെ സുരക്ഷ സംബന്ധിച്ച് ആശങ്ക നിലനിന്നിരുന്നു. ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ സ്ത്രീകൾക്കായി കുഞ്ഞുങ്ങളെ മുലയൂട്ടാനുള്ള സൗകര്യം, ശുചിമുറി, ടോയ്ലറ്റ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. അംഗരക്ഷകർക്കൊപ്പം കാത്തിരിപ്പു കേന്ദ്രങ്ങളിൽ സി.സി.ടി.വി കാമറ നിരീക്ഷണവും ഏർപ്പെടുത്തുന്നുണ്ട്. വനിത യാത്രക്കാർക്കുനേരെ ഏതെങ്കിലും തരത്തിലുള്ള അതിക്രമം ശ്രദ്ധയിൽപ്പെട്ടാൽ വനിത അംഗരക്ഷകർ ഇടപെടും. ഉടൻതന്നെ കൺട്രോൾ റൂമിൽ ബന്ധപ്പെട്ട് കൂടുതൽ പൊലീസുകാരെ സ്ഥലത്തെത്തിച്ച് തുടർ നടപടി സ്വീകരിക്കാനും ഇതിലൂടെ കഴിയും. അധികമായി 200 ഹൊയ്സാല പട്രോളിങ് വാഹനം ബംഗളൂരു: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് നഗരത്തിൽ പുതുതായി 200ലധികം ഹൊയ്സാല പട്രോളിങ് വാഹനങ്ങൾ കൂടി ഏർപ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു. ബംഗളൂരു പൊലീസിന് കീഴിലുള്ള പട്രോളിങ് സംഘമാണ് ഹൊയ്സാല പട്രോളിങ് എന്നറിയപ്പെടുന്നത്. ഇതിൽതന്നെ വനിത പൊലീസിൻെറ പിങ്ക് ഹൊയ്സാല ടീം വെറെയുണ്ട്. ഇത്തരത്തിൽ രാത്രിയിൽ ഉൾപ്പെടെ നഗരത്തിൽ നിരീക്ഷണം ശക്തമാക്കുന്നതിനും പ്രശ്നങ്ങളിൽ വേഗത്തിൽ സഹായമെത്തിക്കുന്നതിനുമാണ് അധികമായി 200 ഹൊയ്സാല പട്രോളിങ് സംഘത്തെ നിയോഗിക്കുന്നത്. നിലവിൽ 275 ഹൊയ്സാല പട്രോളിങ് വാഹനങ്ങളാണുള്ളതെന്നും ഇത് 500 ആയി ഉയർത്തുന്നതിൻെറ ഭാഗമായാണ് 200ലധികം പട്രോളിങ് വാഹനങ്ങൾ കൂടി സജ്ജമാക്കുന്നതെന്നും ബസവരാജ് ബൊമ്മൈ പറഞ്ഞു. ബംഗളൂരു സിറ്റി പൊലീസിൻെറ സുരക്ഷ ആപ്ലിക്കേഷൻ ഉപയോഗിച്ച് പൊലീസിൻെറ സഹായം തേടാവുന്നതാണ്. ഇങ്ങനെ സഹായം തേടുന്നവർക്ക് സെക്കൻഡുകൾക്കുള്ളിൽ പൊലീസിൻെറ സഹായം ലഭ്യമാക്കുന്നതിനുകൂടിയാണ് ഹൊയ്സാല സംഘത്തെ വിപുലീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ 30 ലക്ഷത്തിലധികം പേരാണ് സുരക്ഷ ആപ് ഡൗൺലോഡ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.