കോൺഗ്രസ്​ സ്​ഥാനാർഥിയുടെ വീട്ടിൽ ആദായനികുതി വകുപ്പ്​ റെയ്​ഡ്​

ബംഗളൂരു: റാണിബെന്നൂരിലെ കോൺഗ്രസ് സ്ഥാനാർഥിയും കർണാടക മുൻ സ്പീക്കറുമായ കെ.ബി. കോലിവാഡിൻെറ വീട്ടിൽ ആദായനികുതി വകുപ്പ്, എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥർ റെയ്ഡ് നടത്തി. വ്യാഴാഴ്ച മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചൊവ്വാഴ്ച രാത്രിയായിരുന്നു റെയ്ഡ്. ബി.ജെ.പി കൗൺസിലറുടെ പരാതിപ്രകാരം നടത്തിയ റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. സംഭവത്തെ നിശിതമായി വിമർശിച്ച കെ.ബി. കോലിവാഡ്, ബി.ജെ.പി കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന് കുറ്റപ്പെടുത്തി. മണ്ഡലത്തിൽ തൻെറ വിജയസാധ്യത മറികടക്കാനാണ് ബി.ജെ.പി ഇത്തരമൊരു നീക്കം നടത്തിയതെന്നും പരാതിക്കാരനെതിരെ മാനനഷ്ട കേസ് നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഹാവേരിയിലെ ബുറദിക്കട്ടി കിട്ടപ്പ എന്ന ബി.ജെ.പി കൗൺസിലറാണ് തെരഞ്ഞെടുപ്പ് വരണാധികാരിക്കും ആദായനികുതി വകുപ്പിനും പരാതി നൽകിയത്. 10 കോടി രൂപയും മദ്യപ്പെട്ടികളും കോലിവാഡിൻെറ വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്നായിരുന്നു പരാതി. എന്നാൽ, ആദായനികുതി വകുപ്പും എക്സൈസും പരിശോധന നടത്തിെയങ്കിലും ഒന്നും കണ്ടെടുക്കാനാവാതെ മടങ്ങി. തൻെറ നീക്കങ്ങൾ മുഴുവൻ മനസ്സിലാക്കാൻ വീടിനുമുന്നിൽ പൊലീസ് സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും എന്നാൽ, ബി.ജെ.പി സ്ഥാനാർഥി അരുൺ കുമാർ പൂജാറിനുനേരെ ഇത്തരമൊരു നീക്കമൊന്നും ഇല്ലെന്നും കോലിവാഡ് ചൂണ്ടിക്കാട്ടി. തന്നെ താറടിച്ചുകാണിക്കാനാണ് പരാതി നൽകിയതെന്നും കിട്ടപ്പക്കെതിരെ നടപടി ആവശ്യപ്പെട്ട് ഡെപ്യുട്ടി കമീഷണർക്ക് പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പിനുശേഷം മന്ത്രിസഭ വികസനമുണ്ടാകുമെന്ന് ലക്ഷ്മൻ സവാദി ബംഗളൂരു: ഉപതെരഞ്ഞെടുപ്പിനുശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ രണ്ടാംഘട്ട മന്ത്രിസഭ വികസനവുമായി മുന്നോട്ടുപോകാൻ സാധ്യതയുണ്ടെന്ന് ഉപമുഖ്യമന്ത്രി ലക്ഷ്മൺ സവാദി പറഞ്ഞു. ദേശീയ നേതൃത്വത്തിൻെറ അംഗീകാരം ലഭിച്ചശേഷമായിരിക്കും മന്ത്രിസഭ വിപുലീകരിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് ഫലത്തിനുശേഷം നേട്ടവും കോട്ടവും ചർച്ചചെയ്തശേഷം ആരെയൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കും. ഇതിന് പാർട്ടി ഹൈകമാൻഡിൻെറ നിർദേശവും തേടും. മുതിർന്ന നേതാക്കളായ ഉമേഷ് കട്ടി, ബസവനഗൗഡ പാട്ടീൽ യത്നാൽ തുടങ്ങിയവരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കുമെന്നും അദ്ദേഹം സൂചന നൽകി. നിലവിൽ മുഖ്യമന്ത്രി ഉൾപ്പെടെ 18 പേരാണ് മന്ത്രിസഭയിലുള്ളത്. 16 പേരെകൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്താം. ആദ്യഘട്ട മന്ത്രിസഭ വികസനത്തിൽ അതൃപ്തരായ ബി.ജെ.പി എം.എൽ.എമാരെയും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചുവരുന്ന നേരത്തേ അയോഗ്യരാക്കപ്പെട്ടിരുന്ന എം.എൽ.എമാരിൽ ചിലരെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള സാധ്യതയാണ് ലക്ഷ്മൻ സവാദി മുന്നോട്ടുവെച്ചിരിക്കുന്നത്. ഭാര്യയെ കാർ കയറ്റിക്കൊന്ന ഭർത്താവ് പിടിയിൽ ബംഗളൂരു: ഭാര്യയെ കാർ കയറ്റിക്കൊന്ന ഭർത്താവ് പിടിയിൽ. രാജസ്ഥാന്‍ സ്വദേശി തേജ് സിങ് (27) ആണ് അറസ്റ്റിലായത്. ഭാര്യ ദീപല്‍ കൊന്‍വാറിനെ (27) കാര്‍ കയറ്റി കൊലപ്പെടുത്തിയശേഷം അപകട മരണമായി വരുത്തിത്തീർക്കുകയായിരുന്നു. മരണത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കെംപെഗൗഡ വിമാനത്താവളം പൊലീസ് തേജ് സിങ്ങിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. രണ്ടരവര്‍ഷം മുമ്പായിരുന്നു ദീപല്‍ കൊന്‍വാറിനെ തേജ് സിങ് വിവാഹം ചെയ്തത്. നോര്‍ത്ത് ബംഗളൂരു ഹുനസമരനഹള്ളിയില്‍ വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇരുവർക്കുമിടയിൽ പലപ്പോഴായി തർക്കവും ഉണ്ടായിരുന്നു. വിവാഹജീവിതത്തിൽ അസന്തുഷ്ടനായിരുന്ന തേജ് സിങ് ഭാര്യയെ ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നവെന്നും ഇതേതുടർന്ന് കൊലപാതകം നടന്നതെന്നും പൊലീസ് പറഞ്ഞു. വാടക കാറിൽ ഭാര്യയെയും കൂട്ടി ഇക്കഴിഞ്ഞ നവംബർ 17ന് നന്ദി ഹിൽസിലേക്ക് പോവുകയായിരുന്നു. ആരുമില്ലാത്ത സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തിയശേഷം ഭാര്യയെ റോഡിലേക്ക് തള്ളിയിട്ടു. തുടർന്ന് ഭാര്യയുെട ദേഹത്തുകൂടി പലതവണ കാർ ഒാടിച്ചുകയറ്റുകയായിരുന്നു. ഇതിനുശേഷം അപകടം സംഭവിച്ചതാണെന്ന് തിരിച്ചറിയാൻ കാറിൻെറ മുൻഭാഗം കല്ലുകൊണ്ട് കുത്തി നശിപ്പിക്കുകയും ചെയ്തു. തുടർന്ന് പൊലീസ് കൺട്രോൾ റൂമിലും തേജ് സിങ് വിവരം അറിയിച്ചു. യാത്രക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ കാറിൽനിന്നും പുറത്തിറങ്ങിയപ്പോൾ മറ്റൊരുകാർ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്നും കാറിലും ഇടിച്ചുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. എന്നാൽ, കാറിൻെറ കേടുപാട് മറ്റൊരു കാറിടിച്ചുണ്ടായതല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇതോടെയാണ് തേജ് സിങ്ങിനെ പിടികൂടി കൂടുതൽ ചോദ്യംചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.