രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​: കെ.സി. രാമമൂർത്തി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും

-കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തിയില്ല ബംഗളൂരു: രാജ്യസഭ ഉപതെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാന സമയം തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെ പൂർത്തിയായതോടെ ബി.ജെ.പി സ്ഥാനാർഥി കെ.സി. രാമമൂർത്തി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാനുള്ള വഴിതെളിഞ്ഞു. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസത്തിലും കോൺഗ്രസും ജെ.ഡി.എസും സ്ഥാനാർഥികളെ നിർത്തിയില്ല. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട സമയം പൂർത്തിയായപ്പോൾ രാമമൂർത്തിയുടെ പത്രിക മാത്രമാണ് തെരഞ്ഞെടുപ്പ് കമീഷന് ലഭിച്ചത്. കോൺഗ്രസ്-ജെ.ഡി.എസും സഖ്യസ്ഥാനാർഥിയെ നിർത്തുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും സ്ഥാനാർഥിയെ നിർത്തേണ്ടെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് വിവരം. സഖ്യസ്ഥാനാർഥിയായി കോൺഗ്രസിൻെറ മല്ലികാർജുൻ ഖാർഗെയുടെ പേര് ഉയർന്നിരുന്നെങ്കിലും വിജയിക്കാനുള്ള അംഗബലം ഇല്ലെന്നും താൻ മത്സരിക്കില്ലെന്നും ഖാർഗെ കഴിഞ്ഞദിവസം അറിയിക്കുകയായിരുന്നു. കോൺഗ്രസിൻെറ രാജ്യസഭ എം.പിയായിരിക്കെ രാജിവെച്ച രാമമൂർത്തി പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. തുടർന്നാണ് കഴിഞ്ഞദിവസം രാമമൂർത്തി ബി.ജെ.പി രാജ്യസഭ സ്ഥാനാർഥിയായി നാമനിർദേശ പത്രിക സമർപ്പിച്ചത്. രാമമമൂർത്തി രാജിവെച്ച ഒഴിവിലാണ് ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഒരു സ്ഥാനാർഥിയായതിനാൽ തന്നെ എതിരില്ലാതെ രാമമൂർത്തി തെരഞ്ഞെടുക്കപ്പെടും. ക്രിസ്മസ് കാരൾ സർവിസ് ബംഗളൂരു: കെ.ആർ പുരം മാർ യൂഹാനോൻ മാംദാന ഓർത്തഡോക്സ്‌ ദേവാലയത്തിലെ ഈ വർഷത്തെ ക്രിസ്മസ് കാരൾ സർവിസ് ആരംഭിച്ചു. വിവിധ വാർഡുകളിലെ ഭവനങ്ങൾ വികാരി റവ. ഫാദർ ടി.കെ. തോമസ് കോറെപ്പിസ്കോപ്പയുടെ നേതൃത്വത്തിൽ ഗായകസംഘം സന്ദർശിച്ചു. ഈദ് മീലാദ് പരിപാടി സമാപിച്ചു ബംഗളൂരു: അൾസൂർ മർകസുൽ ഹുദാ അൽ ഇസ് ലാമി മദ്റസ വിദ്യാർഥികളുടെ കലാപരിപാടി സമാപിച്ചു. മർകിൻസ് ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടി മഹല്ല് സെക്രട്ടറിയും സുന്നി മാനേജ്മൻെറ് അസോസിയേഷൻ സെക്രട്ടറിയുമായ അബ്ദുൽ റഹിമാൻ ഹാജി ഉദ്ഘാടനം ചെയ്തു. മദ്റസ സദർ നാസർ അസനി അധ്യക്ഷത വഹിച്ചു. മലയാളം, അറബി, കന്നട, ഉർദു, ഇംഗീഷ് ഭാഷകളിൽ പരിപാടി അവതരിപ്പിച്ച വിദ്യാർഥികൾക്ക് എസ്.എം.എ പ്രസിഡൻറ് എസ്.എസ്.എ കാദർ ഹാജി സമ്മാനദാനം നടത്തി. ദഫ്മുട്ട് വിജയികൾക്ക് മഹല്ല് പ്രസിഡൻറ് അബ്ദുൽ മജീദ് ഹാജി വൈസ്‌ പ്രസിഡൻറ് അസീസ് ഹാജിയും പൊതുപരീക്ഷയിൽ അവാർഡ് നേടിയവർക്ക് മുഹമ്മദ് കുഞ്ഞി, മദ്റസ സദർ മുഅല്ലിം ജുനൈദ് നൂറാനി, അഷറഫ് മുസ്‌ലിയാർ എന്നിവരും സമ്മാനം വിതരണം ചെയ്‌തു. ഇയാസ് കാദിരി, സാഹീദ്, ജുനൈദ് സിമാക്, ഇർഷാദ് കാദിരി എന്നിവർ പരിപാടി നിയന്ത്രിച്ചു. കമ്മിറ്റി ഭാരവാഹികളായ ഷാജഹാൻ, ഹംസ, മുഹമ്മദ്‌ സ്വാലിഹ്, അബ്ദുൽറഹിമാൻ എന്നിവർ പങ്കെടുത്തു. --------------------------------
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.