കർണാടക ഉപതെരഞ്ഞെടുപ്പ്​ 2019

ലിംഗായത്ത് മണ്ണ് ആരെ തുണക്കും? ഹിരെകരൂർ ലിംഗായത്തുകൾ വിധിനിർണായകമാവുന്ന ഹാവേരി ജില്ലയിലെ ഹിരെകരൂർ മണ്ഡലത്തി ൽ രണ്ടു ലിംഗായത്ത് നേതാക്കൾതന്നെയാണ് കൊമ്പുകോർക്കുന്നത്. ലിംഗായത്തുകളിലെ പ്രബലരായ സദർ വിഭാഗക്കാരാണ് ബി.ജെ.പി സ്ഥാനാർഥിയായ ബി.സി. പാട്ടീലും കോൺഗ്രസ് സ്ഥാനാർഥിയായ ബി.എച്ച്. ബന്നിക്കൊടും. സഖ്യസർക്കാറിൽ മന്ത്രി സ്ഥാനത്തിനുവേണ്ടി തുടക്കം മുതലേ ചരടുവലി നടത്തി ഒടുവിൽ വിമതർക്കൊപ്പം രാജിവെച്ച് പുറത്തുചാടിയ ബി.സി. പാട്ടീലിനെതിരെ ശക്തമായ പ്രചാരണമാണ് കോൺഗ്രസും ജെ.ഡി.എസും നടത്തുന്നത്. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിന് ജയിച്ച ബി.സി. പാട്ടീൽ ഇത്തവണ ബി.ജെ.പി ടിക്കറ്റിലെത്തുേമ്പാൾ ശക്തമായ പിന്തുണ തന്നെ പാർട്ടി ഉറപ്പുനൽകുന്നുണ്ട്. 2004ൽ ജെ.ഡി.എസ് സ്ഥാനാർഥിയായാണ് ബി.സി. പാട്ടീൽ മത്സരരംഗത്തെത്തുന്നത്. ബി.ജെ.പിയുടെ ബി.യു. ബനാകറിനെ വീഴ്ത്തിയായിരുന്നു ആദ്യ നിയമസഭ അരങ്ങേറ്റം. 2008ൽ കോൺഗ്രസ് ടിക്കറ്റിൽ ബി.സി. പാട്ടീൽ അങ്കം ജയിച്ചപ്പോഴും ബി.യു. ബനാകർ തന്നെയായിരുന്നു ബി.ജെ.പി സ്ഥാനാർഥി. 2013ൽ ഫലം മാറി. ബി.ജെ.പി വിട്ട് ബി.എസ്. യെദിയൂരപ്പ ഉണ്ടാക്കിയ കെ.ജെ.പിക്കൊപ്പമായിരുന്ന ബനാകർ പാട്ടീലിനെ വീഴ്ത്തി. 2018ലാകെട്ട ബനാകറിൽനിന്ന് പാട്ടീൽ മണ്ഡലം തിരിച്ചുപിടിച്ചു. എം.എൽ.എ സ്ഥാനം അയോഗ്യനാക്കപ്പെട്ടശേഷം ബി.ജെ.പിയിലെത്തി തെരഞ്ഞെടുപ്പിനെ നേരിടുേമ്പാൾ മണ്ഡലത്തിൽ സ്വാഭാവികമായും ആദ്യ എതിർപ്പുയർന്നത് ബി.യു. ബനാകറിൽനിന്നായിരുന്നു. മണ്ഡലത്തിൽ ബി.ജെ.പിയുടെ മുഖമായിരുന്ന ബനാകറിനെ ഒരുവിധം അനുനയിപ്പിച്ചു നിർത്തുന്നതിൽ നേതൃത്വം വിജയിക്കുകയും ചെയ്തു. യെദിയൂരപ്പയുടെ വിശ്വസ്തൻ കൂടിയായ ബനാകർ ഇപ്പോൾ പാട്ടീലിൻെറ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകുകയാണ്. എന്നാൽ, എതിരാളിയായ ബി.എച്ച്. ബന്നിക്കൊട് ചില്ലറക്കാരനല്ല. 1989 മുതൽ തെരഞ്ഞെടുപ്പ് ഗോദയിലുണ്ട്. ആദ്യ തെരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർഥിയായി വിജയിച്ച ബന്നിക്കൊട് 1994ൽ ബനാകറിനോട് തോറ്റു. പിന്നീട് ജനതാദൾ വിട്ട് 1999ൽ സ്വതന്ത്ര സ്ഥാനാർഥിയായും വിജയിച്ചു. പിന്നീട് വന്ന തെരഞ്ഞെടുപ്പ് ചിത്രങ്ങളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ മത്സരം നേരിട്ടായതോടെ ബി.എച്ച്. ബന്നിക്കൊട് അപ്രസക്തനായി. ഇപ്പോൾ കോൺഗ്രസ് ടിക്കറ്റിൽ വീണ്ടുമൊരു മത്സരത്തിനെത്തുേമ്പാൾ അത് മുൻ എം.എൽ.എമാർ തമ്മിലെ പോരാട്ടം കൂടിയാവുന്നു. ബന്നിക്കൊട് രണ്ടു വട്ടവും ബി.സി. പാട്ടീൽ മൂന്നുവട്ടവുമാണ് എം.എൽ.എ പദവിയിലിരുന്നത്. അവിഭജിത ജനതാദൾ ആയിരുന്ന കാലത്ത് മണ്ഡലത്തിൽ വെന്നിക്കൊടി പാറിച്ച ചരിത്രമുണ്ടെങ്കിലും ജെ.ഡി.എസ് പിറന്ന ശേഷം കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. ഇത്തവണ ബി.ജെ.പിയെയും കോൺഗ്രസിനെയും ഞെട്ടിച്ച് ലിംഗായത്ത് മഠമായ കബ്ബിനകാന്തിയിലെ സ്വാമി ശിവലിംഗ ശിവാചാര്യയെ ജെ.ഡി.എസ് സ്ഥാനാർഥിയാക്കിയിരുന്നു. എന്നാൽ, ബി.ജെ.പി നേതാക്കളുടെയും മറ്റു മഠാധിപതികളുടെയും സമ്മർദത്തെ തുടർന്ന് അദ്ദേഹം അവസാന നിമിഷം പത്രിക പിൻവലിക്കുകയായിരുന്നു. സ്വന്തം സ്ഥാനാർഥി പിന്മാറിയതോടെ സ്വതന്ത്ര സ്ഥാനാർഥി ഉജിനപ്പ ജാതപ്പ കോടിഹള്ളിക്കാണ് ജെ.ഡി.എസ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ആകെ ഒമ്പതു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. വീണ്ടുമൊരങ്കത്തിന് കോലിവാഡ് റാണിബെന്നൂർ കോൺഗ്രസിലെ മുതിർന്ന നേതാവും സിദ്ധരാമയ്യ സർക്കാറിൽ സ്പീക്കറുമായിരുന്ന കെ.ബി. കോലിവാഡിൻെറ തോൽവിയായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനു ശേഷം കോൺഗ്രസിൽ വലിയ പൊട്ടിെത്തറിയുണ്ടാക്കിയത്. തന്നെ തോൽപിക്കാൻ സിദ്ധരാമയ്യ കെ.പി.ജെ.പി സ്ഥാനാർഥിയായ ആർ. ശങ്കറിനൊപ്പം നിന്നുവെന്ന് കെ.പി.സി.സി യോഗത്തിൽ ആരോപണമുന്നയിച്ച അദ്ദേഹം നേതൃത്വത്തോട് ഇടഞ്ഞുനിൽക്കുന്നതിനിടെയാണ് റാണിബെന്നൂർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് രൂപപ്പെടുന്നത്. കോൺഗ്രസ് ആദ്യം പ്രഖ്യാപിച്ച എട്ടു പേരുടെ പട്ടികയിൽത്തന്നെ കോലിവാഡിനെയും ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, ബി.ജെ.പിയാകെട്ട, കൂറുമാറിയെത്തിയ ആർ. ശങ്കറിനെ തഴഞ്ഞ് പുതുമുഖം അരുൺകുമാറിനെ സ്ഥാനാർഥിയാക്കുകയും ചെയ്തു. കഴിഞ്ഞ തവണ 1216 വോട്ട് മാത്രം േനടിയ ജെ.ഡി.എസിന് മല്ലികാർജുന ഹളഗേരിയാണ് സ്ഥാനാർഥി. രാഷ്ട്രീയത്തിൽ ഏറെ പരിചയ സമ്പന്നനാണ് കെ.ബി. കോലിവാഡ്. 2002ൽ എസ്.എം. കൃഷ്ണയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിൽ മന്ത്രിയായിരുന്ന അദ്ദേഹം അഞ്ചുവട്ടം എം.എൽ.എയായിട്ടുണ്ട്. 1985,1989 തെരഞ്ഞെടുപ്പുകളിൽ ജയിച്ചു. 1994 ൽ ജനതാദളിനോട് തോൽവി. 1999 ൽ വീണ്ടും ജയിച്ചെങ്കിലും 2004 ലും 2008 ലും ബി.ജെ.പിയോട് തോൽവി. 2013 ൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ആർ. ശങ്കറിനെ പരാജയപ്പെടുത്തി വീണ്ടും എം.എൽ.എ പദവിയിൽ തിരിച്ചെത്തിയ അദ്ദേഹം കഴിഞ്ഞവർഷം കെ.പി.ജെ.പി അംഗമായി എത്തിയ അതേ എതിരാളിയോട് തോറ്റു. 75 വയസ്സുള്ള കോലിവാഡ് ഇനിയൊരു തെരഞ്ഞെടുപ്പിനുണ്ടാവില്ലെന്ന് വ്യക്തമാക്കികഴിഞ്ഞു. വോട്ടർമാർ തനിക്ക് നല്ലൊരു രാഷ്ട്രീയ വിടവാങ്ങലിന് അവസരമൊരുക്കുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. ഹാവേരി ജില്ലയിലെ റാണിബെന്നൂരും ലിംഗായത്ത് മേഖലയാണ്. കെ.ബി. കോലിവാഡും എം.ജി. അരുൺകുമാറും ലിംഗായത്തുകളാണ്. മണ്ഡലത്തിൽ ഭൂരിപക്ഷം വരുന്ന പഞ്ചമശാലി വിഭാഗമാണ് അരുൺകുമാറെങ്കിൽ താരതമ്യേന ചെറു വിഭാഗമായ റെഡ്ഡി ലിംഗായത്തുകാരനാണ് കോലിവാഡ്. ഇത് വോട്ടിങ്ങിലും സ്വാധീനം ചെലുത്തിയേക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.